Web Desk

December 22, 2019, 11:27 am

അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ഒരുങ്ങി കേരളം; വലയ സൂര്യഗ്രഹണം 26 ന്

Janayugom Online

തിരുവനന്തപുരം: ഡിസംബർ 26ന് നടക്കാൻ പോകുന്ന വലയ സൂര്യഗ്രഹണം കാണുവാനുള്ള തയ്യാറെടുപ്പിലാണ് കേരളം. രാവിലെ എട്ട് മണിക്കും 11 മണിക്കും ഇടയിലായിരിക്കും  കേരളമുൾപ്പെടെയുള്ള മേഖലകളിൽ ഈ അപൂർവ്വ പ്രതിഭാസം ദൃശ്യമാകുക. സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്ത സമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് ഡിസംബർ 26ന്  ഗ്രഹണം കാണാൻ കഴിയുന്നത്.കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിൽ വലയ സൂര്യഗ്രഹണമായും തെക്കൻ ഭാഗങ്ങളിൽ ഭാഗിക ഗ്രഹണമായും കാണാൻ കഴിയും.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്  ജില്ലകളിലും  മലപ്പുറം പാലക്കാട് ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണം പൂർണ്ണ തോതിൽ കാണാം. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക.  കേരളത്തിൽ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87–93 ശതമാനം വരെയും മറയും. ധാരാളം അന്ധവിശ്വാസങ്ങളും, കപടശാസ്ത്രധാരണകളും സൂര്യഗ്രഹണത്തെ പറ്റി പ്രചാരത്തിലുണ്ടെങ്കിലും ഇവയൊന്നും കാര്യമാക്കാതെ ആഘോഷമാക്കേണ്ടതാണ് ഈ അപൂർവ്വ പ്രതിഭാസം.

you may also like this video;

ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരുന്നത് മൂലം സൂര്യ ബിംബം മറയ്ക്കപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ്, സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂരം എന്നിവയിലെ വ്യതിയാനങ്ങള്‍ കാരണം ഗ്രഹണമുണ്ടാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തെക്കാള്‍ ചെറുതായിരിക്കും. അപ്പോള്‍ സൂര്യന്‍ മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയഗ്രഹണമായി കാണുക. 93 ശതമാനത്തോളം വ്യക്തതയില്‍ കേരളത്തില്‍ ഗ്രഹണം ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

സൂര്യഗ്രഹണം അസാധാരണമല്ലെങ്കിലും ഒരു നിശ്ചിതപ്രദേശത്ത് അതു നടക്കുന്നത് വലിയ ഇടവേളകള്‍ക്കിടയിലാണ്. ഡിസംബറിലായതുകൊണ്ട് ആകാശത്ത് മേഘങ്ങള്‍ ഒഴിഞ്ഞുനില്കുമെന്നും മനോഹരമായ കാഴ്ച സാധിക്കുമെന്നുമാണ് പ്രതീക്ഷ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ശാസ്ത്രജ്ഞരും നിരീക്ഷകരും ഇതുകാണാന്‍ വടക്കന്‍ കേരളത്തിലേയ്ക്കെത്തും. ഇതുപോലൊരു വലയസൂര്യഗ്രഹണം ഇനിയുണ്ടാവുക 2031 മേയ് 21‑ന് ആണ്. കേരളത്തില്‍ കാണാവുന്ന അടുത്ത പൂര്‍ണസൂര്യഗ്രഹണം 2168 ജൂലായ് അഞ്ചിന് ആണ്.