സൂര്യഗ്രഹണം അടുത്തുകാണണോ? ലോകത്ത് ഏറ്റവും നന്നായി ദൃശ്യമാകുന്നത് കല്‍പ്പറ്റയിലെ ഈ സ്ഥലത്ത് മാത്രം

Web Desk
Posted on October 16, 2019, 9:25 pm

കല്‍പറ്റ: ഇത്തവണ സൂര്യഗ്രഹണം ഏറ്റവും അടുത്തുകാണാന്‍ കഴിയുക കേരളത്തിലെ കല്‍പ്പറ്റയില്‍ മാത്രം. 70 ദിവസങ്ങള്‍ മാത്രം അകലെയുള്ള അടുത്ത സൂര്യഗ്രഹണം ലോകത്ത് ഏറ്റവും നന്നായി ദൃശ്യമാകുക കല്‍പറ്റയിലായിരിക്കും. ഡിസംബര്‍ 26ന് രാവിലെ 8.05 ന് ഗ്രഹണം ആരംഭിച്ച് 9.27ന് കല്‍പറ്റയ്ക്കു മുകളിലെത്തുമ്പോഴാണു ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുക. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുമ്പോള്‍ സൂര്യനു ചുറ്റുമുണ്ടാകുന്ന അപൂര്‍വ കാഴ്ചയായ തീവലയാണിത്. ഗ്രഹണം കാണാന്‍ കഴിയുന്ന മറ്റിടങ്ങളിലൊന്നും ഇത്രയും വ്യക്തമായി ഈ വലയം ദൃശ്യമാകില്ല.

3 മിനിറ്റ് 2സെക്കന്‍ഡ് നേരമാണു പൂര്‍ണഗ്രഹണം. രാജ്യാന്തര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ വെബ്‌സൈറ്റില്‍ പൂര്‍ണഗ്രഹണം സംഭവിക്കുന്ന സ്ഥലത്തിന്റേതായി കൊടുത്തിരിക്കുന്ന അക്ഷാംശരേഖാംശ വിവരങ്ങള്‍ കല്‍പറ്റയോടു ചേര്‍ന്നാണ്. സൗദി അറേബ്യയിലും ദക്ഷിണേന്ത്യയുടെയും ഇന്തോനീഷ്യയുടെയും വിവിധ ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകും.

സൂര്യനെക്കുറിച്ചു പഠനം നടത്തുന്ന വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ ഗ്രഹണദിവസം കല്‍പറ്റയിലെത്തും. ഈ ദിവസം സൂര്യനു പിന്നിലെ നക്ഷത്രങ്ങളെ കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്. സൂര്യനില്‍നിന്നും മറ്റു നക്ഷത്രങ്ങളില്‍നിന്നുമുള്ള പ്രകാശരശ്മികളുടെ സഞ്ചാരപഥത്തെക്കുറിച്ചുള്ള പഠനത്തിന് ഇതു സഹായിക്കും.

ഇതോടനുബന്ധിച്ച്, സൂര്യഗ്രഹണത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ തുറന്നുകാണിക്കുന്ന ബോധവല്‍ക്കരണപരിപാടികള്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും മറ്റു ശാസ്ത്രസംഘടനകളുടെയും നേതൃത്വത്തില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്നുണ്ട്.