Friday
22 Feb 2019

സൂര്യനെ ‘തൊടാന്‍’ പാര്‍കര്‍

By: Web Desk | Sunday 12 August 2018 10:56 PM IST

വാഷിങ്ടണ്‍: സൂര്യനെ ഏറ്റവും അടുത്ത് ചെന്ന് പഠിക്കാനുള്ള നാസയുടെ പാര്‍കര്‍ സോളാര്‍ പ്രോബ് വിജയകരമായി വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ കേപ് കനാവര്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ കോംപ്ലക്‌സ് 37ല്‍ നിന്ന് ഭീമന്‍ റോക്കറ്റ് യുഎല്‍എ ഡെല്‍റ്റ 4ല്‍ ഇന്നലെ പ്രദേശിക സമയം പുലര്‍ച്ചെ 3.33നാണ് വിക്ഷേപണം നടത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെ വിക്ഷേപിക്കേണ്ടിയിരുന്ന പാര്‍കര്‍ സാങ്കേതിക തകരാര്‍ മൂലം മാറ്റിവെയ്ക്കുകയായിരുന്നു. കൗണ്ട്ഡൗണ്‍ തുടങ്ങി ഒരു മിനിറ്റ് 55 സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കെയാണ് പ്രശ്‌നം കണ്ടെത്തിയത്. ജൂലൈ അവസാനത്തില്‍ വിക്ഷേപിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടത്.
മനുഷ്യ നിര്‍മിതമായ വസ്തുക്കള്‍ ഇതേ വരെ എത്തിയതിനേക്കാള്‍ അടുത്ത് ചെന്ന് സൂര്യനെ കുറിച്ച് പഠിക്കുന്നതിനാണ് ഇതുവരെയുള്ളതില്‍ മനുഷ്യനിര്‍മിതമായ ഏറ്റവും വേഗമേറിയ വസ്തുവും ഈ ഉപഗ്രഹം തന്നെയാണ്. അഭൂതപൂര്‍വമായ വസ്തുതയെന്നാണ് നാസ വിക്ഷേപണത്തിന് ശേഷം പ്രതികരിച്ചത്.
സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ച് വിശദമായ പഠനമാണ് പാര്‍കര്‍ സോളാര്‍ പ്രോബിന്റെ ദൗത്യം. സൂര്യന് 61.2 ലക്ഷം കിലോമീറ്റര്‍ സമീപത്തുവരെ ഉപഗ്രഹം എത്തും. 4.3 കോടി കിലോമീറ്റര്‍ അരികില്‍വരെ മാത്രമേ മുമ്പ് മനുഷ്യദൗത്യങ്ങള്‍ എത്തിയുള്ളൂ. സെക്കന്‍ഡില്‍ 190 കിലോമീറ്റര്‍ വേഗത്തിലായിരിക്കും (മണിക്കൂറില്‍ 6,90,000 കിലോമീറ്റര്‍) സഞ്ചരിക്കുക.
ഏഴു വര്‍ഷത്തിനിടെ 24 തവണ സൂര്യനെ ചുറ്റുന്ന ഉപഗ്രഹം അവിടത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ കൃത്യമായി ഒപ്പിയെടുക്കും. സെക്കന്‍ഡില്‍ 500 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞുവീശുന്ന സൗരവാതങ്ങളെ നിര്‍മിക്കുന്ന ഘടകങ്ങള്‍ മനസ്സിലാക്കുക, കൊറോണയിലെ വൈദ്യുത, കാന്തിക മേഖലകള്‍ അളക്കുക, കൊറോണയുടെ സൂക്ഷ്മാംശങ്ങളുള്‍ക്കൊള്ളുന്ന പടങ്ങളെടുക്കുക തുടങ്ങിയവയാണ് പാര്‍ക്കറിന്റെ ദൗത്യങ്ങള്‍.
കൊറോണയിലെ അതിതീവ്ര താപം ചെറുക്കാന്‍ 4.5 ഇഞ്ച് കനത്തില്‍ കാര്‍ബണ്‍കൊണ്ട് പ്രത്യേക കവചം ഒരുക്കിയിട്ടുണ്ട്. ഇവിടെ 1,300 ഡിഗ്രിയായിരിക്കും ശരാശരി താപം. 1,650 ഡിഗ്രി വരെ താപം ചെറുക്കാന്‍ ഈ കവചത്തിനാകും. ഒരു കാറിന്റെ വലുപ്പമുള്ള പേടകത്തിന് 680 കിലോയോളം തൂക്കമുണ്ട്. 60 വര്‍ഷം മുമ്പാണ് സമാനമായ സൗരദൗത്യങ്ങള്‍ പദ്ധതിയിടുന്നത്. പക്ഷേ, സൂര്യനു സമീപത്തെ താപം പ്രതിരോധിക്കാന്‍ ശേഷിയുള്ള സാങ്കേതികവിദ്യ ലഭ്യമല്ലാത്തത് പദ്ധതി നീണ്ടുപോകാനിടയാക്കി. ഭൂമിയില്‍നിന്ന് ഇടപെടുക സാധ്യമല്ലാത്തതിനാല്‍ പ്രശ്‌നങ്ങള്‍ പരമാവധി സ്വയം പരിഹരിക്കാനുള്ള സാങ്കേതികതയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യതാപത്തെ മറികടക്കാന്‍ പാര്‍കറിന് കഴിയുമോയെന്നത് ശാസ്ത്രലോകത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
1976ല്‍ ഹീലിയോസ്2 ആണ് സൂര്യനെ പഠിക്കാന്‍ മുമ്പ് വിക്ഷേപിച്ച ഉപഗ്രഹം. ഇതിനേക്കാള്‍ ഏഴുമടങ്ങ് അടുത്തേയ്ക്ക് പാര്‍കറിന് എത്താന്‍ കഴിയും. ആദ്യമായി സൗരവാതം പ്രവചിച്ച ഷികാഗോ യൂണിവേഴ്‌സിറ്റി മുന്‍ ജ്യോതിശാസ്ത്രജ്ഞന്‍ യൂജിന്‍ എന്‍ പാര്‍കറുടെ പേരാണ് പേടകത്തിനിട്ടത്.