സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍

Web Desk
Posted on April 09, 2019, 6:17 pm

തിരുവനന്തപുരം: സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയുടെ സുഹൃത്ത് അറസ്റ്റില്‍. ഭരതന്നൂര്‍ സ്വദേശിയായ സൈനികന്‍ വിശാഖ് ജോലിസ്ഥലത്തു സ്വയം വെടിവച്ചു മരിച്ച സംഭവത്തിലാണ് ഭാര്യയുടെ സുഹൃത്ത് അമിതാബ് ഉദയ്(26)  അറസ്റ്റിലായത്. റൂറല്‍ എസ്പി ഓഫിസിലെ ജീവനക്കാരനാണ് അമിതാബ്.

വിശാഖിന്‍റെ ഭാര്യ നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശി അഞ്ജന(22)ക്കെതിരെ പൊലീസ് കേസെടുത്തു. മറ്റൊരു യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലാരുന്നു അമിതാഭ് ഇപ്പോള്‍.

വിവാഹശേഷം വിശാഖ് ജോലിസ്ഥലത്തേക്കു പോയപ്പോള്‍ അഞ്ജന സ്വന്തം വീട്ടിലേക്കുവന്നു. ഭര്‍ത്തൃവീട്ടില്‍ നിന്നുകൊണ്ട് 17 പവന്‍ സ്വര്‍ണം അമിതാബിനു നല്‍കി. അഞ്ജനയുമായി അടുത്ത സൗഹൃദത്തിലായിരിക്കെ വിശാഖിനെ അമിതാബ് ഫോണില്‍ വിളിച്ചു. അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നുമാണ് അറിയിച്ചത്, വിശാഖിന്റെ സഹോദരന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

അമിതാബ് ഫോണ്‍ വിളിച്ച ശേഷമാണ് അഹമ്മദാബാദിലെ ജാംനഗറില്‍ ജോലി ചെയ്തിരുന്ന വിശാഖ് ആത്മഹത്യ ചെയ്തതെന്നു പൊലീസ് കണ്ടെത്തി. സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തായിരുന്നു വിശാഖിന്റെ ആത്മഹത്യ.

ഓഫീസിലെ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയിലും അമിതാഭിനു പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. രണ്ട് മരണങ്ങളില്‍ അമിതാബ് പ്രതിയാണെന്നു വ്യക്തമായതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളനാട് സ്വദേശിയായ യുവതിയുമായി അമിതാബ് മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹം നിശ്ചയിച്ചശേഷം അമിതാബില്‍ നിന്നു മോശമായ അനുഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതെന്ന കേസിലാണ് സസ്‌പെന്‍ഡ് ചെയ്തത്‌.