കശ്മീരിൽ മഞ്ഞുമലയിടിഞ്ഞ് വീണ് മലയാളി ഉൾപ്പെടെ നാല് സൈനികർ മരിച്ചു

Web Desk
Posted on December 04, 2019, 4:14 pm

ശ്രീനഗർ: കശ്മീരിൽ മഞ്ഞുമലയിടിഞ്ഞ് വീണ് മലയാളി ഉൾപ്പെടെ നാല് സൈനികർ മരിച്ചു. തിരുവനന്തപുരം പൂവ്വച്ചൽ കുളക്കാട് സ്വദേശി എസ് എസ് അഖിലാണ് മരിച്ച മലയാളി.

നിയന്ത്രണരേഖയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് നാലുപേർ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കുപ്വാര ജില്ലയിലെ താങ്ധർ സെക്ടറിലെ സൈനിക പോസ്റ്റിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണതാണ് ഒരു സംഭവം. ഇതിൽ നാലുപേർ കുടുങ്ങി. തെരച്ചിലിന് ഒടുവിൽ ബുധനാഴ്ച മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയും ഒരാളെ ജീവനോടെ രക്ഷിക്കുകയും ചെയ്തു.

ബന്ദിപ്പോര ഗുരസ് മേഖലയിലെ ആർമി പട്രോളിങ്ങിനിടെ മഞ്ഞുവീണതാണ് രണ്ടാമത്തെ സംഭവം. ഇതിൽ രണ്ടുപേരാണ് കുടുങ്ങിയത്. ഒരാളെ ജീവനോടെ രക്ഷിച്ചതായി സൈന്യം അറിയിച്ചു. മലയാളി സൈനികൻ മരിച്ചത് എവിടെയാണ് എന്നതിനെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. കരസേനയിൽ നഴ്സിങ് അസിസ്റ്റന്റാണ് അഖിൽ. ശ്രീനഗറിലെ ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കുന്നു.