March 21, 2023 Tuesday

ചെല്ലാനം സമരത്തിന് കടലിനക്കരെ നിന്നൊരു ഐക്യദാർഢ്യം

Janayugom Webdesk
കൊച്ചി
March 25, 2020 1:53 pm

കോവിഡ് ഭീതിയിൽ സംസ്ഥാനം മുഴുവൻ വീട്ടിൽ കയറുമ്പോൾ നാട്ടിലുള്ള പ്രശ്നത്തിന് ഏഴാം കടലിനക്കരെ നിന്നൊരു ഐക്യദാർഡ്യം. കടൽകയറ്റപ്രശ്നത്തിന്‌ പരിഹാരമാവശ്യപ്പെട്ട് ചെല്ലാനം ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ ചെല്ലാനത്തെ ഭവനങ്ങളിൽ നടന്നുവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിൽ നിരാഹാരം. ചെല്ലാനം സ്വദേശിയും അമേരിക്കയിൽ വർഷങ്ങളായി സ്ഥിരതാമസക്കാരനുമായ അഡ്വ. ഗാസ്പർ കളത്തുങ്കലാണ് ചെല്ലാനം സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് അമേരിക്കൻ സമയം രാത്രി 12.40 മുതൽ രാവിലെ 10 വരെ ഉറക്കമൊഴിച്ച് ഭാര്യ മെഴ്‌സി ഉണ്ടാക്കിയ മാല കഴുത്തിലണിഞ്ഞു അമേരിക്കയിലെ  ഫ്ലോറിഡയിലെ തന്റെ ഭവനത്തിൽ നിരാഹാരമിരുന്നത്. അതേ സമയം ചെല്ലാനത്ത് രാവിലെ 10 മണി മുതൽ വൈകുന്നേരം വരെ സാബു വടക്കുമുറിയും വിക്ടോറി മാത്യു അഴീക്കലും നിരാഹാരമിരിക്കുകയായിരുന്നു.

എല്ലാ വർഷവും അവധിക്കാലത്ത് നാട്ടിലെത്തുന്ന അഡ്വ. ഗാസ്പർ കളത്തുങ്കലും മെഴ്‌സിയും ഇത്തവണത്തെ വരവിൽ ചെല്ലാനം ജനകീയവേദിയുടെ സമര പന്തലിൽ സജീവ സാന്നിധ്യമായിരുന്നു. പല ദിവസങ്ങളിലും പന്തലിൽ വന്ന് നിരാഹാരമിരുന്ന അഡ്വ. ഗാസ്പർ സമരത്തെ മുന്നോട്ട് തള്ളിനീക്കിയവരിൽ പ്രധാനിയാണെന്ന് നാട്ടുകാർ സ്നേഹപൂർവ്വം ഓർക്കുന്നു. രൂക്ഷമായ കടൽ കയറ്റം മൂലം നിലനിൽപ്പ് തന്നെ അപകടത്തിലായ തന്റെ ജന്മനാടായ ചെല്ലാനത്തെ സമരത്തോടൊപ്പം ലോകത്തെ ഏത് കോണിലിരുന്നും താൻ പിന്തുണക്കുമെന്ന് അഡ്വ ഗാസ്പർ പറഞ്ഞു. ഈ മഴക്കാലത്തിനു മുൻപ് ജിയോ ട്യൂബ് കടൽഭിത്തി നിർമാണമെങ്കിലും അടിയന്തിരമായി പൂർത്തിയാക്കാൻ സർക്കാർ ഇടപെടണമെന്ന് അഡ്വ. ഗാസ്പർ ആവശ്യപ്പെട്ടു.

146 ദിവസമായി ചെല്ലാനം കമ്പനിപ്പടി, ബസാർ എന്നിവടങ്ങളിലെ സമരപന്തലുകളിലായി തുടർന്നുവന്ന അനിശ്ചിതകാല നിരാഹാര സമരം കഴിഞ്ഞ ഞായറാഴ്ച മുതൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  ചെല്ലാനത്തെ വീടുകൾ കേന്ദ്രമാക്കി തുടരുകയാണ്. കൊറോണ വ്യാപിച്ചതോടെ ഷഹീൻബാഗ് ഉൾപ്പടെ രാജ്യത്തെ ഒട്ടുമിക്ക സമരങ്ങളും ഭരണകൂടം അവസാനിപ്പിച്ചപ്പോൾ അത്തരമൊരു സ്ഥിതിവിശേഷം മുൻകൂട്ടി കണ്ടുകൊണ്ടാണ് ചെല്ലാനത്തെ ജനങ്ങൾ സമരം അവസാനിപ്പിക്കാതെ വീടുകൾ സമരകേന്ദ്രങ്ങളാക്കി സമരം തുടരുന്നത്. നാളെ സമരം 150 ദിവസം പിന്നിടുമ്പോൾ വി ടി സെബാസ്റ്റ്യനും കുടുംബവുമാണ് നിരാഹാരമിരിക്കുന്നത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.