വൈദ്യുതി പോലുമില്ല, പിന്നെങ്ങനെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യും; ഇടുക്കിയിലെ ഉദ്യോഗാര്‍ഥികളുടെ പരാതിയ്ക്ക് പരിഹാരമാകുന്നു

Web Desk
Posted on February 27, 2019, 10:03 am

തൊടുപുഴ: ഇടുക്കി ജില്ലയില്‍ വൈദ്യുതി പോലുമില്ലാത്ത ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സി ഹാള്‍ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗലോഡ് ചെയ്യണമെന്ന നിബന്ധന പുനപരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.
ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന നടപടികളെകുറിച്ച് ഒരു റിപ്പോര്‍ട്ട് മാര്‍ച്ച് 22ന് പത്തരക്ക് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ്
ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പി എസ് സി സെക്രട്ടറി ഹാജരാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പിഎസ്‌സി പരീക്ഷക്ക് അപേക്ഷിക്കുന്നവര്‍ 20 ദിവസം മുമ്പ് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമേ പരീക്ഷയെഴുതാന്‍ അനുവദിക്കുകയുള്ളൂവെന്ന പിഎസ്‌സിയുടെ നിബന്ധനയ്‌ക്കെതിരെ തൊടുപുഴ മണക്കാട് സ്വദേശി എ റ്റി സോമശേഖരന്‍പിള്ള നല്‍കിയ പരാതിയിലാണ് നടപടി. കമ്മീഷന്‍ പി എസ് സിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി.