18 April 2024, Thursday

Related news

April 12, 2024
March 1, 2024
March 1, 2024
February 23, 2024
February 20, 2024
February 7, 2024
February 2, 2024
January 22, 2024
January 9, 2024
January 3, 2024

ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം; സര്‍വ്വെ നടപടികള്‍ നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
March 11, 2022 8:45 pm

വയനാട് ജില്ലയിലെ ഡിജിറ്റല്‍ റീസര്‍വെ നടപടികള്‍ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍. ഡിജില്‍ റീസര്‍വെ നടപടികള്‍ വിശദീകരിക്കാന്‍ ജില്ലയിലെ ജനപ്രതിനിധികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ശില്‍പശാലയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.  നെന്‍മേനി ഒഴികെയുളള 48 വില്ലേജുകളിലാണ് ഇനി റി സര്‍വ്വേ നടത്താനുളളത്. ഇവ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പദ്ധതിയൊരുക്കിയിട്ടുണ്ട്. ആദ്യ വര്‍ഷം 16 വില്ലേജുകളിലും രണ്ടാം വര്‍ഷം 12 വില്ലേജുകളിലും മൂന്നും നാലു വര്‍ഷങ്ങളില്‍ 10 വീതം വില്ലേജുകളിലുമായി സര്‍വ്വെ നടത്തും. ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ സങ്കീര്‍ണ്ണമായ ഭൂ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ വയനാട് ജില്ലയില്‍ സര്‍വ്വെ നടപടികള്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് സര്‍വെ നടക്കുന്നത്. ഡ്രോണ്‍, കോര്‍സ് (CORS), ആര്‍.ടി.കെ റോവര്‍, റോബോട്ടിക് ഇ.ടി.എസ് തുടങ്ങി നൂതന സാങ്കേതിക വിദ്യകളാണ് റീസര്‍വെയ്ക്കായി ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തില്‍ എട്ട് വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വ്വെ നടത്തുന്നതിനാണ് തയ്യാറെടുപ്പുകള്‍ നടത്തിയത്. ഇതില്‍ മാനന്തവാടി വില്ലേജിലെ സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായി. അമ്പലവയല്‍, വാളാട് വില്ലേജുകളിലെ സര്‍വ്വ നടപടികള്‍ ഈ മാസത്തോടെ പൂര്‍ത്തീകരിക്കും. കൂടാതെ കല്‍പ്പറ്റ കോഫീ ബോര്‍ഡ് കേന്ദ്രത്തിലും, മുത്തങ്ങയിലും കോര്‍സ് സ്റ്റേഷനുകളും ആരംഭിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ റീസര്‍വെയിലൂടെ ഭൂമിയുടെ കൃത്യത ഉറപ്പുവരുത്താന്‍ സാധിക്കും. ഡിജിറ്റല്‍ റിസര്‍വെ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുടെ വില്പന, കൈമാറ്റം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കു വിവിധ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകും. രജിസ്ട്രേഷന്‍, റവന്യൂ, സര്‍വെ വകുപ്പുകളുടെ സേവനം ഏകീകൃതമാക്കി ഒറ്റ പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കാന്‍ കഴിയും. കേരളത്തിലെ ഭൂപ്രകൃതിയുടെ സമഗ്രരേഖ ലഭ്യമാക്കുന്ന ഡിജിറ്റല്‍ റീസര്‍വെയ്ക്ക് സര്‍വ പിന്തുണയും നല്‍കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

സര്‍വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ് ഡയറക്ടര്‍ സീറാം സാംബശിവ റാവു വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ. ഗീത എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, സര്‍വ്വെ ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ ഓണ്‍ലൈന്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

 

Eng­lish Sum­ma­ry: Solu­tion to land issues; Sur­vey process to be com­plet­ed with­in four years: Min­is­ter K Rajan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.