24 April 2024, Wednesday

ചരക്കു കയറ്റുമതി ഈ സാമ്പത്തികവര്‍ഷത്തില്‍ 400 ബില്യണ്‍ ഡോളര്‍ കടത്താന്‍ ലക്ഷ്യമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സോം പര്‍കാശ്

Janayugom Webdesk
കൊച്ചി
September 21, 2021 8:36 pm

കോവിഡ് 19 മൂലമുണ്ടായ ആഗോള വളര്‍ച്ചാ മുരടിപ്പിലും ഇന്ത്യയില്‍ നിന്നുള്ള ചരക്കു കയറ്റുമതി ഈ സാമ്പത്തികവര്‍ഷത്തില്‍ 400 ബില്യണ്‍ ഡോളര്‍ കടത്താന്‍ ലക്ഷ്യെമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സോം പര്‍കാശ് പറഞ്ഞു. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘വാണിജ്യ സപ്താഹ്’ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി ടാജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, സ്പൈസസ് ബോര്‍ഡ്, കേരള സര്‍ക്കാര്‍, ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ ട്രേഡ്, ജില്ലാ എക്‌സ്‌പോര്‍ട്ട് ഹബ്, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, എക്‌സ്‌പോര്‍ട്ട ഹബ്ബുകളായ ജില്ലകള്‍ എന്നീ സ്ഥാപനങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് സെപ്തംബര്‍ 26 വരെ നടക്കുന്ന വാണിജ്യ ഉത്സവിന്റെ കേരള പതിപ്പ് ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി അരങ്ങേറുന്നത്. ‘മികച്ച ഗതാഗത, കയറ്റുമതി സൗകര്യങ്ങള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, വിദഗ്ധരും വിദ്യാസമ്പന്നരുമായ മാനവവിഭവശേഷി, വന്‍തോതിലുള്ള സുഗന്ധവ്യഞ്ജനക്കൃഷി എന്നിവ കണക്കിലെടുക്കുമ്പോള്‍ വാണിജ്യ, വ്യവസായരംഗങ്ങളില്‍ കേരളത്തിന് മികച്ച സാധ്യതകളുണ്ട്,’ കൊച്ചിയിലെ ടാജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന വാണിജ്യ ഉത്സവിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. ടൂറിസം, ആരോഗ്യരക്ഷാ മേഖലകളിലുള്ള കേരളത്തിന്റെ നേട്ടങ്ങളും രാജ്യത്തിനാകെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.രാജ്യത്തു നിന്നുള്ള കയറ്റുമതിയുടേയും വിദേശ വാണിജ്യത്തിന്റേയും വളര്‍ച്ച ലക്ഷ്യമിട്ട് നടക്കുന്ന വാണിജ്യ ഉത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാനത്തു നിന്നുള്ള പ്രമുഖ കയറ്റുമതി സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തു. നേരിട്ട് പങ്കെടുത്തവര്‍ക്കു പുറമെ നൂറിലേറെപ്പേര്‍ ഓണ്‍ലൈനായും ചടങ്ങ് വീക്ഷിച്ചു.

ചരക്കു കയറ്റുമതി 400 ബില്യണ്‍ ഡോളര്‍ കൈവരിക്കാനുള്ള പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ കേന്ദ്ര വാണിജ്യ, വിദേശകാര്യ മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാരിലെ തല്‍പ്പര മന്ത്രാലയങ്ങളും നടത്തുന്ന പരിശ്രമങ്ങള്‍ ഏറെ നിര്‍ണായകമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സ്പൈസസ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള എക്സ്പോര്‍ട്ട് പ്രൊമോഷന്‍ സ്ഥാപനങ്ങള്‍ വിവിധ ലോകരാജ്യങ്ങളിലുള്ള ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങളുമായി സഹകരിച്ച് നടത്തുന്ന ബയര്‍-സെല്ലര്‍ മീറ്റുകളും ഓണ്‍ലൈന്‍ പരിപാടികളും ഏറെ ശ്ലാഘനീയമാണെന്നും മുരളീധരന്‍ പറഞ്ഞു .കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉല്‍പ്പാദന, സംസ്‌കരണ വ്യവസായങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുള്ള സംഘടിതശ്രമങ്ങളുണ്ടാകണമെന്ന് ചടങ്ങില്‍ സംബന്ധിച്ച ഹൈബി ഈഡന്‍ എംപി പറഞ്ഞു.കയറ്റുമതി വര്‍ധിപ്പിക്കുന്നതിനു പുറമെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എടുത്തു വരുന്ന ക്രിയാത്മക നടപടികളെ സംബന്ധിച്ച ബോധവല്‍ക്കരണവും കൊച്ചിയല്‍ നടക്കുന്ന രണ്ടു ദിവസത്തെ പരിപാടിയുടെ ലക്ഷ്യമാണെന്ന് സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു.

സിഐഐ റീജിയണല്‍ വൈസ് ചെയര്‍മാന്‍ ജീമോന്‍ കോര, എഫ്എസ്എസ്എഐ റീജിയണല്‍ ഡയറക്ടര്‍ പി. മുത്തുരാമന്‍, ഐആര്‍എസ് ഡയറക്ടര്‍ സ്റ്റീഫന്‍ ലോറന്‍സ്, സിഎസ്ഇഇസഡ് കമ്മീഷണര്‍ ഡി വി സ്വാമി ഐഎഎസ്, എംപിഇഡിഎ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസന്‍, എക്‌സ്‌പോര്‍ട് കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ കെ എസ് ഇളങ്കോവന്‍ ഐഎഎസ്, സിഐഐ കേരള സ്‌പൈസ് പാനല്‍ കണ്‍വീനര്‍ ചെറിയാന്‍ സേവിയര്‍ തുടങ്ങിയവരും ആദ്യദിന പരിപാടികളില്‍ പ്രസംഗിച്ചു. കൊച്ചിയില്‍ നടക്കുന്ന പരിപാടികള്‍ സെപ്തംബര്‍ 22ന് സമാപിക്കും.
eng­lish summary;Som Parkash has said that exports of goods are expect­ed to cross 400 bil­lion this fiscal
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.