Web Desk

January 10, 2020, 7:23 pm

മക്കൾക്ക് അവളിട്ട വില പത്ത് ലക്ഷം രൂപ; കച്ചവടം ഉറപ്പിച്ചത് അഞ്ചര ലക്ഷത്തിന്

Janayugom Online

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസുകളിൽ ഇടം നേടിയ ഗായകനാണ് സോമ ദാസ്. ഇപ്പോഴിതാ ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ വീണ്ടും ശ്രദ്ധേയനാവുകയാണ് സോമദാസ്. ജീവിതാനുഭവങ്ങൾ പങ്കുവെക്കാനുള്ള അവസരമാണ് ബിഗ് ബോസ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. സോമാദാസായിരുന്നു കഴിഞ്ഞ ദിവസം അനുഭവങ്ങൾ പങ്കുവെച്ച് എത്തിയത്. വികാരഭരിതനായാണ് അദ്ദേഹം സംസാരിച്ചത്. സ്വന്തം ജീവിതത്തിലെ കയറ്റിറക്കങ്ങളെക്കുറിച്ച് വിവരിക്കാനായാണ് ബിഗ് ബോസ് നിർദേശിച്ചത്. ഇതേത്തുടർന്നാണ് അദ്ദേഹം സ്വന്തം ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. ഒരുപാട് വിഷമിപ്പിച്ച സംഭവത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭാര്യ ഉപേക്ഷിച്ച് പോയതിനെക്കുറിച്ചും മക്കൾ തനിക്കൊപ്പം പോന്നപ്പോൾ അ‍ഞ്ച് ലക്ഷം രൂപ കൊടുക്കേണ്ടി വന്നതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. റ്റാർ സിംഗറിൽ എത്തുന്നതിന് മുൻപ് ഓട്ടോറിക്ഷ തൊഴിലാളിയും അതേസമയം ഗാനമേളകളിൽ പാടുന്നയാളുമായിരുന്നു സോമദാസ്. സ്റ്റാർ സിംഗറിൽ വന്നതിന് ശേഷം പരിപാടികൾ കുറഞ്ഞുതുടങ്ങുന്നോ എന്ന് സംശയിച്ച സമയത്ത് അമേരിക്കയിലേക്ക് ജോലിക്ക് പോകാൻ ഒരു അവസരം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. എന്നാൽ അഞ്ച് വർഷം അവിടെ നിന്നിട്ടും വലിയ മെച്ചമൊന്നും ഉണ്ടാകാത്ത ജോലിയായിരുന്നു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വർഷത്തിനിപ്പുറം അടിയന്തിരമായി നാട്ടിലെത്താൻ ഇടയാക്കിയത് കുടുംബജീവിതത്തിലെ പ്രശ്നങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അച്ഛനുമമ്മയുമായി ഭാര്യ അത്ര രസത്തിലായിരുന്നില്ല. ഞാൻ തിരികെയെത്തിയ ദിവസം തന്നെ അവൾ അവളുടെ വീട്ടിലേക്ക് പോയി. പിന്നീട് ദിവസങ്ങളോളം വിവരമൊന്നുമുണ്ടായില്ല. അവളെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി പൊലീസിൽ പരാതി കൊടുത്തു. ഭാര്യയെ അവളുടെ വീട്ടികാർ വന്ന് വിളിച്ചുകൊണ്ടുപോയെന്നും പിന്നീട് വിവരമില്ലെന്നുമാണ് പരാതി കൊടുത്തത്. കുട്ടികളിൽ ഒരാളെയും ഭാര്യ കൊണ്ടുപോയിരുന്നു. ഒത്തുതീർപ്പിനായി വിളിപ്പിച്ചപ്പോൾ പേപ്പറുകളൊക്കെ വലിച്ചുകീറിയെറിഞ്ഞ് ഭാര്യ കുട്ടിയുമായി വീണ്ടും പോവുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആ ദിവസങ്ങളിൽ താനൊരു ഭ്രാന്തനെപ്പോലെയാണ് നടന്നതെന്ന് അദ്ദേഹം പറയുന്നു. കേസ് കോടതിയിലെത്തിയപ്പോൾ ജഡ്ജി ചോദിച്ചു, ആരുടെകൂടെ പോകണമെന്ന്. അച്ഛന്റെ കൂടെ പോയാൽ മതിയെന്ന് അവർ മറുപടി പറഞ്ഞു. കുട്ടികളെ വിട്ടുതരണമെങ്കിൽ 10 ലക്ഷം രൂപ തരണമെന്നാണ് ഭാര്യയുടെ വീട്ടുകാർ നിർബന്ധം പിടിച്ചത്. എന്റെ കൈയിൽ അത്രയും പണം ഉണ്ടായിരുന്നില്ല. അത് പറഞ്ഞുപറഞ്ഞ് അഞ്ചരലക്ഷമാക്കിയെന്നും അദ്ദേഹം പറയുന്നു.

അങ്ങനെ അഞ്ചരലക്ഷം രൂപ കൊടുത്ത് എന്റെ രണ്ട് മക്കളെയും ഞാൻ വാങ്ങിച്ചുവെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു സോമദാസ്. അമ്മയുടെ നിർബന്ധത്തെത്തുടർന്നാണ് രണ്ടാമതൊരു വിവാഹം കഴിച്ചത്. നിലവിലെ ജീവിതം പ്രയാസമില്ലാതെ പോകുന്നുവെന്നും സോമദാസ് പറഞ്ഞു. സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി ഒരു ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടപ്പോൾ കണ്ണാനേ കണ്ണേ എന്ന ഗാനമായിരുന്നു അദ്ദേഹം ആലപിച്ചത്. സോമദാസിന്റെ കഥ കേട്ടതിന് പിന്നാലെ മകനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മഞ്ജുവും രംഗത്തെത്തി. ക്യാമറയ്ക്ക് മുന്നിലെത്തി മകനെ മിസ് ചെയ്യുന്നെന്ന് പറഞ്ഞ് കരയുകയായിരുന്നു താരം. ആര്യയെത്തി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുവരും ഒന്നിച്ച് സങ്കടം പങ്കിടുന്നതിലാണ് അത് അവസാനിച്ചത്.

Eng­lish Sum­ma­ry: Somad­has life sto­ry in Bigg boss

YOU MAY ALSO LIKE THIS VIDEO