20 April 2024, Saturday

ഒതുക്കി വയ്ക്കാന്‍ മനസില്ലാത്ത ചില സ്വപ്നങ്ങള്‍

അരുണിമ എസ്
March 7, 2023 11:21 pm

“ദിവസം കഴിയുന്തോറും ശരീരത്തിന്റെ സ്വാധീനം കുറഞ്ഞുവരുവാ. പൂർണമായി അതില്ലാതാകുന്നതിന് മുമ്പ് എനിക്കെന്റെ സ്വപ്നങ്ങൾ നേടിയെടുക്കണം”. ഇടർച്ചയില്ലാതെ ലക്ഷ്മിക്ക് എവിടെയും പറയാൻ ഉള്ളത് ഇതാണ്. മറ്റുള്ളവരുടെ കണ്ണില്‍ പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത കുട്ടികൾ അടിപൊളിയാണെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഈ പത്തനാപുരം സ്വദേശിനി. പരിസ്ഥിതി പ്രവർത്തക, ഡബ്ബിങ് ആർട്ടിസ്റ്റ്, മോഡൽ, മോട്ടിവേഷണൽ സ്പീക്കർ, ആർട്ടിസ്റ്റ് എന്നീ നിലകളിൽ ഇതിനോടകം ലക്ഷ്മി തന്റെ കഴിവുകൾ തെളിയിച്ചു കഴിഞ്ഞു. തടസങ്ങൾ മാത്രമുള്ള ചുറ്റുപാടുകളെ പ്രതീക്ഷയോടെ നോക്കുന്ന 23കാരിയായ ലക്ഷ്മി ചുറ്റുമുള്ളവർക്ക് ഒരത്ഭുതമാണ്. 

നീ സ്വപ്നം കാണുന്നത് എനിക്കൊന്നു കാണണം എന്ന വാശിയിൽ ജനിച്ചപ്പോഴേ കൂടെ കൂടിയ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന രോഗത്തിന് മുന്നിൽ അവളത് പലവട്ടം തെളിയിച്ചു കഴിഞ്ഞു. ചേച്ചി സൗമ്യയ്ക്കും ഇതേ രോഗമാണ്. ഇന്ത്യയിൽ ജനിക്കുന്ന 10,000 കുഞ്ഞുങ്ങളിൽ ഒരാൾക്കുവീതം എസ്എംഎ രോഗം സ്ഥിരീകരിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പേശികളുടെ ശക്തി വീണ്ടെടുക്കാനാവാത്ത വിധം കുറഞ്ഞുവരുന്ന ജനിതക രോഗമാണിത്. പേശികളെ നിയന്ത്രിക്കുന്ന സുഷുമ്നാ നാഡികളിലെ ജീനുകൾ നശിക്കുന്നതാണ് ഇതിന് കാരണം. കുട്ടിക്കാലം മുതലേ വീൽച്ചെയറിനൊപ്പമാണ് ലക്ഷ്മിയുടെ സഞ്ചാരം. ആദ്യമൊക്കെ അച്ഛനായിരുന്നു ഒപ്പം നടന്നത്. വരുമാനം ഒരു ചോദ്യ ചിഹ്നമാകുമെന്ന ചിന്ത വന്നപ്പോൾ ഗാന്ധിഭവൻ ജീവനക്കാരനായ അച്ഛൻ ഉണ്ണിക്കൃഷ്ണന് പകരം അമ്മ സുധർമ ആ റോൾ ഏറ്റെടുത്തു. അമ്മയ്ക്ക് ഒപ്പം കൂട്ടുകാരും കൂടിയതോടെ ലക്ഷ്മിയുടെ മുഖത്ത് ചിരി പടർന്നു. പത്താം ക്ലാസ് വരെ വീടും സ്കൂളും മാത്രമായി ഒതുങ്ങി കൂടിയ ജീവിതമായിരുന്നു അവളുടേത്. അതിന് മാറ്റം വന്നത് ഹയർസെക്കൻഡറി ക്ലാസുകളിലെത്തിയപ്പോഴാണ്. അതിനു ഇടയായത് പത്തനാപുരം സെന്റ് സ്റ്റീഫൻസിലെ കൊമേഴ്സ് ക്ലാസുകളിൽ ഒപ്പം നടന്ന ശ്രുതിയും. വീൽചെയറിൽ ഒതുങ്ങുന്ന ലക്ഷ്മിയെ തന്നിലേക്ക് തന്നെ നോക്കാൻ പ്രേരിപ്പിച്ചത് ശ്രുതിയാണ്. വയ്യാത്ത കുട്ടിയ്ക്ക് സയൻസ് പഠിക്കാൻ പറ്റില്ല എന്ന മുടന്തൻ ന്യായം പറഞ്ഞവർക്ക് മുന്നിൽ ലക്ഷ്മി അങ്ങനെ പുതിയൊരു യാത്ര തുടങ്ങി. 

പതിയെ പൊതുമധ്യത്തിൽ സംസാരിക്കാനും തന്റെ ഇഷ്ടങ്ങൾ തുറന്നു പറയാൻ ലക്ഷ്മി പഠിച്ചതും അങ്ങനെയാണ്. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബത്തിലെ ഇളയ കുട്ടിയാണ് ലക്ഷ്മി. പഠിത്തത്തിൽ മാത്രമല്ല വരയിലും എഴുത്തിലും മിടുക്കി. ഒന്നല്ല ഒരായിരം സ്വപ്നങ്ങൾ ഉണ്ടവൾക്ക്. ഒരുപാട് യാത്ര ചെയ്യണം, ഡബിങ് ആർട്ടിസ്റ്റ് ആകണം എന്നിങ്ങനെ നീളുന്നു അവ. ഹയർ സെക്കൻഡറി പഠനത്തിന് ശേഷം ഡിഗ്രി പഠനം പത്തനാപുരം യുഐടിയിലായിരുന്നു. 

ബികോമിന് ശേഷം വാശി പിടിച്ചാണ് എംബിഎയ്ക്ക് ചേർന്നത്. വയ്യാത്തവർ പഠിച്ചിട്ട് എന്തിനാ, ജോലിക്ക് പോകാൻ പറ്റില്ലല്ലോ എന്നൊക്കെ ചോദിച്ച ഒരുപാട് പേരുണ്ട്. അവരെയൊന്നും പരമാവധി കണ്ടില്ലെന്നു നടിച്ചു മുന്നോട്ട് പോകാനായിരുന്നു ശ്രമം. എംബിഎ പഠിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് ലക്ഷ്മിയെ പോലെയുള്ളവരുടെ കൂട്ടായ്മയായ മൈൻഡ് എന്ന സംഘടനയിൽ എത്തുന്നത്. അവരുടെ കൂടെ കൂടിയതോടെ കുറച്ച് കൂടി അവള്‍ ആക്ടീവ് ആയി. പതിയെ ഓൺലൈൻ ആയി പ്രോഗ്രാമുകളുടെ അവതാരകയായി തുടങ്ങി. മൈൻഡിലെ കുട്ടികളുടെ ടീച്ചറായി. ഡബിങ് എന്ന മോഹം സഫലമാകുന്നത് മൈൻഡിന്റെ സഹായത്തോടെയാണ്.
മൈൻഡിന്റെ അവനി എന്ന പ്രോജക്ടിൽ സജീവമാണ് ലക്ഷ്മി ഇപ്പോൾ. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് പഠിച്ച സ്കൂളിലും കോളജിലും ലക്ഷ്മി അതിഥി ആയി എത്തി. ഒറ്റയ്ക്ക് ഇരുന്ന് ആകാശം നോക്കുന്ന ശീലം ഉളളതുകൊണ്ട് അടുത്തിടെ സ്വയം നിർമ്മിച്ച ടെലസ്കോപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരാകണം എന്ന് ചോദിച്ചാൽ ലക്ഷ്മിക്ക് ഒറ്റ ഉത്തരമേയുള്ളൂ… പരിസ്ഥിതി പ്രവർത്തക. പിന്നെ കാലം കൂടെ നിന്നാൽ സംരംഭകയുമാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.