July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ചില വിദ്യാഭ്യാസ ചിന്തകള്‍

Janayugom Webdesk
December 20, 2019

p a vasudevan

അടുത്തകാലത്തായി വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഗൗരവമായ പഠനങ്ങള്‍ വരുന്നത് സ്വാഗതാര്‍ഹമാണ്. സാമ്പത്തിക‑സാമൂഹിക പുരോഗതിയില്‍ വിദ്യാഭ്യാസം പ്രധാന ഘടകമാണ്. നെെപുണിയുള്ള തൊഴിലും കാര്യനിര്‍വഹണവും ഉല്‍പ്പാദനവും സാധ്യമാവുന്നത്, നല്ല വിദ്യാഭ്യാസം ഉണ്ടാവുമ്പോള്‍ മാത്രമാണ്. സാങ്കേതിക വിദ്യാഭ്യാസം മാത്രമല്ല, പൊതുവിദ്യാഭ്യാസവും ചേര്‍ന്നതാണ് സാമ്പത്തിക പുരോഗതിയുടെ അടിത്തറ. അതുകൊണ്ട് വിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള കാര്യക്ഷമമായ ചര്‍ച്ചകളും ഗവേഷണങ്ങളും ഏറെ പ്രസക്തമാണ്. ഈ രംഗത്ത് പല പഠനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അടുത്ത കാലത്തായി പ്രസിദ്ധം ചെയ്ത ആന്വല്‍ സര്‍വെ ഓഫ് എഡ്യൂക്കേഷണല്‍ റിപ്പോര്‍ട്ട് എന്ന പഠനം, പ്രശ്നത്തിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെടാത്തൊരു വശമാണ് പഠനവിധേയമാക്കുന്നത്. നോണ്‍ ഗവണ്‍മെന്റല്‍ സംഘടനയായ ‘പ്രഥം’ ആണ് ഈ സര്‍വെ നടത്തിയത്.

സര്‍ക്കാര്‍ സ്കൂളുകളില്‍ എന്തുകൊണ്ട് സ്വകാര്യസ്കൂളുകളെ അപേക്ഷിച്ച്, പഠനം പിന്നാക്കമാകുന്നത്? അതില്‍ അധ്യാപകരുടെ പോരായ്മ എത്രത്തോളമുണ്ട്. ഉയര്‍ന്ന ശമ്പളം നല്‍കിയിട്ടും, അധ്യാപകര്‍ എന്തുകൊണ്ട് പെര്‍ഫോം ചെയ്യുന്നില്ല എന്നു തുടങ്ങിയ അതീവ ശ്രദ്ധേയമായ പല പ്രശ്നങ്ങളിലേക്കുമാണ് ഈ റിപ്പോര്‍ട്ട് നീളുന്നത്. സ്വകാര്യ സ്കൂള്‍ കുട്ടികള്‍ വായന, ഗണിതം എന്നിവയില്‍ സര്‍ക്കാര്‍ സ്കൂള്‍ കുട്ടികളെക്കാള്‍ ഏറെ മുന്നിലാണ്. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെ ശമ്പളം, വിദ്യാഭ്യാസ ചെലവിന്റെ 80 ശതമാനം ആയിട്ടും, അതിന്റെ ഗുണം കുട്ടികളുടെ പഠന നിലവാരത്തില്‍ കാണുന്നില്ല. ഈ പശ്ചാത്തലത്തില്‍, അധ്യാപക ശമ്പളവും, കുട്ടികളില്‍ കാണുന്ന ഗുണനിലവാരവും ലിങ്ക് ചെയ്യണമെന്നുവരെ ചില വിദഗ്ധര്‍ വാദിക്കുകയുണ്ടായി. സര്‍ക്കാര്‍ സ്കൂളുകളില്‍ വേണ്ടത്ര അധ്യാപക മോണിറ്ററിങും അധ്യാപകര്‍ക്ക്, റിസല്‍റ്റ് മോശമായാല്‍ ഉത്തരവാദിത്തവും കുറവാണെന്നതാണ് പ്രധാന കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. ആറ് സംസ്ഥാനങ്ങളില്‍ വ്യാപകമായി നടത്തിയ പഠനത്തില്‍ നിന്നാണ് ‘പ്രഥം’ ഈ നിഗമനത്തിലെത്തിയത്. അധ്യാപകരുടെ ബിരുദങ്ങള്‍, നെെപുണി എന്നിവ വിദ്യാഭ്യാസ നിലവാരത്തെ ഉയര്‍ത്തുന്ന പ്രധാന സൂചിക തന്നെയാണ്. അധ്യാപകര്‍ക്ക് വേണ്ടി ചെലവഴിക്കുന്ന പണത്തിന് തുല്യമായ വിദ്യാര്‍ഥി നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്നത്, സൂക്ഷ്മമായി പരിഗണിക്കപ്പെടണമെന്ന് വിദഗ്ധര്‍ പറയുന്നു. അതിന്റെ അഭാവം ഏറ്റവും പ്രകടമാവുന്നത് സര്‍ക്കാര്‍ സ്കൂളുകളിലാണ്. കോസ്റ്റ് ‑ബെനിഫിറ്റ് വിശകലനം ഇത്തരം സ്ഥാപനങ്ങളില്‍ ഇല്ലാത്തതുകൊണ്ടാണ് കുട്ടികള്‍ക്ക് വേണ്ടത്ര ഗുണഫലം ലഭിക്കാത്തത്.

ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളിലാണ് ഇത് ഏറ്റവും പ്രകടമാവുന്നത്. ഇവിടെ ശ്രദ്ധേയമായൊരു കാര്യം അധ്യാപകരുടെ ശമ്പളം മാത്രം അവരുടെ അധ്യയന നിലവാരം ഉയര്‍ത്തുന്നില്ല എന്നതാണ്. നിലവിലുള്ള സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ കൂടി പരിഗണനയില്‍ വരേണ്ടതുണ്ട്. നിലവിലുള്ള കരിക്കുലം, അധ്യാപകര്‍ക്കു കിട്ടുന്ന പരിശീലനം, സ്കൂളിലെ സാഹചര്യം, നിയമന സാഹചര്യങ്ങള്‍ തുടങ്ങി ഒരുപാട് മറ്റ് ഘടകങ്ങളും അധ്യാപകരുടെ അധ്യയന ശേഷിയെ നിര്‍ണയിക്കുന്നുണ്ട്. ഇത്തരം പ്രധാനപ്പെട്ട സൂചികകള്‍, സര്‍ക്കാര്‍ സ്കൂളുകളില്‍ വളരെ മോശമാണെന്നു പഠനം വ്യക്തമാക്കുന്നു. അധ്യാപകരുടെ അപര്യാപ്തതയും, അധ്യാപകര്‍ പലരും വരാതിരിക്കലുമൊക്കെ സ്കൂള്‍ നിലവാരം താഴ്ത്തുന്നു. ഇതിന്റെ ഫലമനുഭവിക്കുന്നത് വിദ്യാര്‍ഥികളും. സര്‍ക്കാര്‍ സ്കൂളുകളിലെ പ്രധാന പ്രശ്നം അധ്യാപകരുടെ അപര്യാപ്തത തന്നെയാണ്. പല തട്ടുകള്‍ കടന്നുവേണം അധ്യാപക നിയമനാനുമതി കിട്ടാന്‍. എല്ലാം കടന്നുചെല്ലുമ്പോള്‍ ധനമന്ത്രാലയത്തിന്റെ എതിര്‍പ്പുകള്‍ വേറെ. ഇത് സൃഷ്ടിക്കുന്ന കാലതാമസം അത്രയുംകാലം നല്ല പഠനം നിഷേധിക്കുന്നത് വിദ്യാര്‍ഥികള്‍ക്കാണ്. സ്വകാര്യ എയ്ഡഡ് സ്കൂളുകളില്‍ നിയമനത്തിന് ക്യാപിറ്റേഷന്‍ കിട്ടുമെന്നതിനാല്‍ മാനേജര്‍മാര്‍ താല്‍പര്യമെടുത്ത് കാര്യങ്ങള്‍ ശരിയാക്കും. ചെണ്ടയ്ക്ക് തട്ടു കിട്ടുമ്പോള്‍ മാരാര്‍ക്ക് പണം കിട്ടുമെന്നതുപോലെ ക്യാപിറ്റേഷന്‍ മാനേജര്‍ക്കും, ശമ്പളബാധ്യത സര്‍ക്കാരിനുമാണ്. ഈ അവസ്ഥ സര്‍ക്കാര്‍ സ്കൂളിലില്ലാത്തതുകൊണ്ട് നിയമന ഉത്തരവിന്റെ വഴിയെ പോവാന്‍ ആരുമുണ്ടാവില്ല. അതുകാരണം വേക്കന്‍സികള്‍ ഒഴിഞ്ഞുകിടക്കും. ഇത്തരം കാര്യങ്ങളില്‍ ഉടന്‍ ഇടപെടേണ്ടത് സ്കൂള്‍ പിടിഎകളോ, വാര്‍ഡ് മെമ്പര്‍മാരോ ഒക്കെയാണ്. തദ്ദേശ സ്ഥാപന വാര്‍ഡുകളിലെ മെമ്പര്‍മാരുടെ സജീവ ഇടപെടല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിര്‍ബന്ധമാക്കണം. പ്രാഥമിക സ്കൂൂളുകളില്‍ അഞ്ചുലക്ഷം അധ്യാപകരുടെ കുറവുണ്ടെന്നാണ് പറയുന്നത്.

രാജ്യത്തെ 7.6 ലക്ഷം പ്രെെമറി സ്കൂളുകളില്‍ 41.5 ശതമാനത്തിലും വെറും രണ്ടധ്യാപകര്‍ വീതമാണുണ്ടായിരുന്നതത്രെ. ഇതെത്രമാത്രം അപര്യാപ്തമാണെന്ന് ഊഹിക്കാവുന്നതേയുള്ളു. അത്ഭുതകരമെന്നു പറയട്ടെ 0.84 ശതമാനം സ്കൂളുകളിലും അധ്യാപകരേ ഉണ്ടായിരുന്നില്ല. തമിഴ്‌നാടും, മഹാരാഷ്ട്രയും നിയമനകാര്യത്തില്‍ ഒട്ടൊക്കെ ബാധ്യത നിറവേറ്റിയപ്പോള്‍ ബിഹാര്‍, യുപി സംസ്ഥാനങ്ങളില്‍ 42.5 ശതമാനം തസ്തികകള്‍ ഒഴിഞ്ഞുകിടന്നിരുന്നതായി പഠനം പറയുന്നു. മിക്ക സംസ്ഥാനങ്ങളിലും സ്ഥിരം നിയമനം നിര്‍ത്തി, കരാര്‍ നിയമനങ്ങളാണ് നടത്തുന്നത്. അധ്യാപകരുടെ പഠിപ്പിക്കാനുള്ള താല്‍പ്പര്യം ഇത്തരം നിയമനങ്ങളില്‍ വളരെ കുറവായിരിക്കും. ജോലി സ്ഥിരതയില്ലായ്മ അവരുടെ ജോലിക്ഷമതയെ ബാധിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അധ്യാപകരുടെ ടീച്ചിങ് ക്ഷമത വര്‍ധിപ്പിക്കേണ്ടതാണ്. അറിവ് നിത്യം വളരുന്നു. സമൂഹവും കുട്ടികളും പുതിയ അറിവുകളിലേക്ക്, സ്കൂളിന് പുറത്തും എത്തുന്നു. അത്തരം കുട്ടികളെ നേരിടാന്‍ അധ്യാപകനും സജ്ജരാവേണ്ടതുണ്ട്. അതിന്, അവരെ പുതിയ അറിവുകളിലേക്കും പരിശീലനങ്ങളിലേക്കുമെത്തിക്കണം. 1966 ലെ എഡ്യൂക്കേഷന്‍ കമ്മീഷന്‍ മുതല്‍ ആവശ്യപ്പെട്ട കാര്യമാണിത്. 2017ലെ സര്‍ക്കാര്‍ റെക്കോഡ്സ് പ്രകാരം 66 ലക്ഷം അധ്യാപകര്‍ ഇവിടെ അണ്‍ ട്രെയ്ന്‍ഡ് ആയി ഉണ്ടത്രെ. സര്‍ക്കാര്‍ സ്കൂളുകളില്‍പോലും 20 ശതമാനം അണ്‍ട്രെയ്ന്‍ഡ് ആണെന്ന് കാണിക്കുന്നു.

അസം, ഝാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഈ അവസ്ഥ രൂക്ഷം. ഇത് ഉറപ്പുവരുത്താനുള്ള ഏജന്‍സികളും വകുപ്പുകളും ഈ ഗുരുതരമായ പ്രശ്നത്തെ കാര്യമായി സമീപിച്ചിട്ടേയില്ല. ഡയറ്റ് എന്ന ട്രെയ്‌നിങ് നല്‍കുന്ന സ്ഥാപനങ്ങളില്‍ 17 ശതമാനത്തിനും സ്വന്തമായി ക്യാമ്പസുകളേയില്ലത്രെ. 40 ശതമാനത്തിനും ലെെബ്രേറിയനുമില്ല. അവിടത്തെ സ്റ്റാഫുപോലും വേണ്ടത്ര ക്വാളിഫെെഡല്ലെന്നും പഠനം പറയുന്നു. ടീച്ചര്‍മാര്‍ക്ക് വേണ്ട പരിശീലനം നല്‍കാന്‍ ഫണ്ടില്ല എന്നതാണ് മിക്ക സ്റ്റേറ്റുകളിലെയും സ്ഥിതി. ഡയറ്റുകളുടെ കറിക്കുലം മിക്കതും ഔട്ട്ഡേറ്റഡ് ആണ്. ഇന്‍ സര്‍വീസ് കോഴ്സ് നല്‍കുന്ന എസ്എസ്എയ്ക്കും ആവശ്യമായ ഫണ്ടില്ല. അതായത് അധ്യാപക നിലവാരത്തിനാവശ്യമായ പബ്ലിക് പ്രൊവിഷനിങ്ങിന്റെ കാര്യത്തില്‍, നാം വളരെ പിന്നിലാണ്. അധ്യാപകര്‍ക്ക് ചെലവഴിക്കുന്ന ധനത്തിന് അനുപാതമായ ഗുണം വിദ്യാര്‍ഥികളുടെ പഠന ‘ഔട്ട്പുട്ടി‘ല്‍ കാണണം. അതില്ലെങ്കില്‍ അതിന്റെ കുറ്റം അധ്യാപകരില്‍ മാത്രം ചുമത്തിയിട്ടും കാര്യമില്ല. വിദ്യാഭ്യാസം ഒരു രാഷ്ട്രീയ അജണ്ടയായി മാറണം. നല്ല രാഷ്ട്രീയഭാവി നല്ല വിദ്യാഭ്യാസ ക്രമത്തെ ആശ്രയിച്ചാണിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.