Web Desk

December 20, 2019, 10:24 pm

ബ്രിട്ടനിൽ ടോറികളുടെ വിജയവും ചില വസ്തുതകളും

Janayugom Online

ടി എം ജോര്‍ജ്ജ്

സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഗ്രേറ്റ് ബ്രിട്ടനിലെ ഇടക്കാല തെരഞ്ഞെടുപ്പ് ലോകമാകെ ഉറ്റുനോക്കിക്കൊണ്ടിരുന്നതാണ്. 4,75,87,254ആളുകൾ വോട്ടവകാശം വിനിയോഗിച്ച ആ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി 650 അംഗ പാർലമെന്റിൽ 365 സീറ്റും 43.6 ശതമാനം വോട്ടും നേടി. മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് 203 സീറ്റും 32.2 ശതമാനം വോട്ടുമാണ് ലഭിച്ചത്. 1980 ൽ മാർഗ്രറ്റ് താച്ചറിന് കീഴിൽ ടോറികൾ നേടിയ വിജയത്തിനുശേഷമുള്ള ഏറ്റവും വലിയ വിജയമാണ് അവർക്കുണ്ടായത്. 1935നുശേഷം ലേബറിനുണ്ടായ ഏറ്റവും കനത്ത പരാജയമാണ് ഇത്തവണ സംഭവിച്ചത്.

ബ്രക്സിറ്റ് ആണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ബ്രെക്സിറ്റിന്റെ പേരിൽ അനിശ്ചിതത്തിലായ ബ്രിട്ടനിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ നടന്ന മൂന്നാമത് പൊതു തെരഞ്ഞെടുപ്പായിരുന്നു ഇത്. 2015 ൽ പ്രധാനമന്ത്രിയായിരുന്ന കൺസർവേറ്റീവ് നേതാവ് ഡേവിഡ് കാമറൂൺ പുറത്തെടുത്ത തുറുപ്പുചീട്ടായിരുന്നു ബ്രെക്സിറ്റ് ഹിതപരിശോധന. ഭരണം ലഭിച്ചാൽ ബ്രെക്സിറ്റ് ഹിതപരിശോധന വാഗ്ദാനം നൽകിയ കാമറൂണിന് ഭരണം ലഭിച്ചു. ബ്രെക്സിറ്റ് വേണമെന്ന് ജനം വിധിയെഴുതി. 51.9ശതമാനം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ബ്രെക്സിറ്റ് പിൻമാറ്റ തീരുമാനം ബ്രിട്ടൻ അംഗീകരിച്ചത്. ബ്രെക്സിറ്റ് വിരുദ്ധ നിലപാടുകാരനായിരുന്ന കാമറൂൺ രാജിവെച്ചതിനെ തുടർന്ന് കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ തെരാസാ മേ പ്രധാനമന്ത്രിയായി. ബ്രെക്സിറ്റ് അനുകൂല തരംഗത്തിൽ രാഷ്ട്രീയനേട്ടം പ്രതീക്ഷിച്ച തെരേസ മേയ്ക്ക് 2017ജൂൺ8നു നടന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനായില്ല. ഡെമോക്രാറ്റിക് യൂണിയനിസ്റ്റു പാർട്ടിയുടെ പിന്തുണയോടെ ഭരണം നിലനിർത്തുവാൻ കഴിഞ്ഞുവെങ്കിലും തെരേസ മേയ്ക്ക് ബ്രെക്സിറ്റുമായി മുന്നോട്ടുപോകാനായില്ല. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ വിട്ടുപോകുന്ന കാര്യത്തിൽ പാർലമെന്റിൽ ഒരു യോജിച്ച തീരുമാനത്തിൽ എത്തുവാൻ കഴിയാതെ വന്നതിനെ തുടർന്ന് അവർ രാജിവച്ചു.

കൗശലക്കാരനായ ബോറീസ് ജോൺസണ്‍ വീണുകിട്ടിയ അവസരം മുതലാക്കി. കൺസർവേറ്റീവ് ലീഡർഷിപ്പിലേക്കെത്തി പ്രധാനമന്ത്രിസ്ഥാനം കൈക്കലാക്കി. യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു വരുവാൻ അവരുമായി വേർപിരിയാൻ കരാറുണ്ടാക്കാനായില്ലങ്കിലും ഒക്ടോബർ 31 ന് മുൻപ് പുറത്തു വരുമെന്ന് വീമ്പ് പറഞ്ഞിരുന്ന ജോൺസന് സ്വന്തം പാർട്ടിയിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടിവന്നു. കരാറുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ ഇരുപത് ടോറി അംഗങ്ങൾ ജോൺസന് എതിരെ വോട്ടു ചെയ്തു. അത് ജോൺസന്റെ രാജിയിലേക്കും ഡിസംബർ 12 ലെ തെരഞ്ഞെടുപ്പിലേക്കും നയിച്ചു. വംശീയ തീവ്രവാദവും കുടിയേറ്റ വിരുദ്ധ നയവും ടോറികളുടെ വിജയത്തിന് വഴിതെളിച്ചു വലതുപക്ഷ തീവ്ര ദേശീയതയുടെ വക്താവായ ബോറീസ് ജോൺസന്‍ കുടിയേറ്റ വിരുദ്ധ, മുസ്ലീം വിരുദ്ധ വികാരങ്ങൾ ആളിക്കത്തിച്ച് ബ്രെക്സിറ്റ് വിഷയത്തിൽ പ്രകോപനപരമായ നിലപാടുകളാണ് സ്വീകരിച്ചത്. കൺസർവേറ്റിവ് പാർട്ടിയിലെ കടുത്ത ബ്രെക്സിറ്റ് വിരുദ്ധനായിരുന്ന ബോറീസ് ജോൺസന്‍ അവസരവാദപരമായ മലക്കംമറിച്ചിലിലൂടെയാണ് ബ്രെക്സിറ്റിന്റെ ചാമ്പ്യനായത്. മാഞ്ചസ്റ്ററിലും ലണ്ടൻ ബ്രിഡ്ജിലുമുണ്ടായ ഭീകര അക്രമങ്ങൾ ദേശീയ സുരക്ഷയാണ് പരമ പ്രധാനം എന്നു വരുകയും ചെയ്തു. അതും കുടിയേറ്റക്കാരും മുസ്ലീങ്ങളുമാണ് രാജ്യത്തെ എല്ലാ കുഴപ്പങ്ങൾക്കും കാരണക്കാരെന്ന പ്രചാരണവും കൺസർവേറ്റീവുകളെ സഹായിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വഴിയെയാണ് ബോറീസ് ജോൺസണ്‍ സഞ്ചരിച്ചത്. പ്രകോപന പ്രസ്താവനകൾകൊണ്ടും വിവാദ നിലപാടുകൾകൊണ്ടും ബോറീസ് ജോൺസന്‍ ട്രംപിന്റെ തനി സ്വരൂപമാണ്. വംശീയതയും, തീവ്രദേശീയതയും ഉണർത്തി തങ്ങൾക്ക് അനുകൂലമായി കാര്യങ്ങൾ എത്തിക്കുവാൻ ജോൺസനു കഴിഞ്ഞു. ഇന്ത്യയിൽ മോഡിയും അമേരിക്കയിൽ ട്രംപും, ഇസ്രായേലിൽ നെതന്യാഹുവും സ്വീകരിച്ചു വരുന്ന അതെ തന്ത്രമാണ് ജോൺസനും പരീക്ഷിച്ചത്. തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് തിരിച്ചടിയുണ്ടായെങ്കിലും ജെറമി കോർബിന്റെ നേതൃത്വം ലേബർ പാർട്ടിയെ ഒരു യഥാർഥ തൊഴിലാളിവർഗ പാർട്ടിയുടെ നിലവാരത്തിലേക്ക് ഉയർത്തി. അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും പോലെയാണ്. ബ്രിട്ടണിലെ ലേബറും കൺസർവേറ്റീവും എന്ന ധാരണക്ക് മാറ്റമുണ്ടാക്കാൻ കോർബിനു കഴിഞ്ഞു. ലേബർ നേതാക്കളായ ടോണിബ്ലെയറും ജോൺ മേജറുമടക്കം പിന്തുടർന്നുവന്നിരുന്ന സാമ്പത്തിക രാഷ്ട്രീയ നയങ്ങളെ തള്ളിക്കളയുവാനും ഒരു സോഷ്യലിസ്റ്റു ബദൽ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുവാനും കോർബിനു കഴിഞ്ഞു. ലേബർ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമെന്നു പറയാവുന്ന പ്രകടന പത്രികയാണ് ഈ തെരഞ്ഞെടുപ്പിൽ അവർ പുറത്തുവിട്ടത്. ആരോഗ്യ പരിപാലന രംഗത്ത് വർധിച്ച സർക്കാർ വിഹിതം, സൗജന്യ സർവകലാശാല വിദ്യാഭ്യാസം, സമ്പന്നരുടെ മേൽ കൂടിയ നികുതി, റെയിൽവേ, ടെലികോം, ഇന്റർനെറ്റ്-ബ്രോഡ്ബാൻഡ് എന്നിവയുടെ ദേശസാൽക്കരണവും പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളായിരുന്നു. വിദേശകാര്യങ്ങളുമായി ബന്ധപ്പെട്ട് നാറ്റോ സഖ്യത്തിൽ നിന്നുമുള്ള ബ്രിട്ടന്റെ പിൻമാറ്റം ആവശ്യപ്പെടുന്നതും പാലസ്തീൻ പ്രശ്നത്തിൽ പാലസ്തീനുകാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതും അഫ്ഗാനിസ്ഥാനിലും ഇറാനിലും അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകൾക്കെതിരെ ധീരമായ നിലപാടുകളുമാണ് കോർബിൻ സ്വീകരിച്ചത്.

അഭയാർഥി പ്രശ്നത്തിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മൂന്നാംലോക രാജ്യങ്ങളുടെ മേൽ നടത്തുന്ന കടന്നാക്രമണങ്ങളും, അവരുടെ പ്രകൃതിവിഭവങ്ങളുടെ മേൽ നടത്തുന്ന മുതലാളിത്ത കൊള്ളയുമാണ് അഭയാർഥി പ്രശ്നങ്ങളുടെ മൂലകാരണമെന്ന കോർബിന്റെ നിലപാട് സാമ്രജ്യത്വ നയങ്ങൾക്കെതിരെയുള്ള തുറന്ന വെല്ലുവിളിയാണ്. ജെറി കോർബിൻ നയിക്കുന്ന ലേബർ പാർട്ടി പഴയ ലേബറല്ലയെന്നു മനസ്സിലാക്കിയ സമ്പന്നവർഗ ശക്തികളും കോർപ്പറേറ്റുകളും എന്തു വിലകൊടുത്തും ലേബറിന്റെ വിജയം തടയുവാൻ ശ്രമിച്ചു. അമേരിക്കയുടെയും മറ്റു പാശ്ചാത്യ ശക്തികളുടെയും സഹായം അവർക്കുണ്ടായി. അതും ടോറികളുടെയും ബോറീസ് ജോൺസന്റെയും വിജയത്തെ സഹായിച്ച ഘടകങ്ങളാണ്… ജോൺസനു മുന്നിൽ വെല്ലുവിളികൾ സ്‌കോട്ട്‌ലണ്ടിൽ സ്കോട്ടീസ് നാഷണൽ പാർട്ടിക്കു ലഭിച്ച വമ്പിച്ച മുന്നേറ്റം സ്‌കോട്ട്‌ലണ്ടിന് സ്വാതന്ത്യ്രം എന്ന ആവശ്യം കൂടുതൽ ശക്തമാവുകയാണ്. ഡെമോക്രാറ്റിക് പാർട്ടിക്ക് സ്വാധിനമുള്ള വടക്കൻ അയർലണ്ടിൽ സ്വതന്ത്ര അയർലണ്ടുമായി കൂടിച്ചേരണമെന്ന വാദം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അധികാരത്തിലെത്തുന്നതിനുവേണ്ടി വംശീയതയും വർഗീയതയും വിദ്വേഷവും വളർത്തിയ ബോറീസ് ജോൺസൺ ഐക്യബ്രിട്ടന്റെ അന്തകനാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ലേബർ പാർട്ടിക്ക് പരാജയമുണ്ടായിയെങ്കിലും അത് ജെറമി കോർബിന്റെയോ ലേബർ പാർട്ടിയുടെയോ നയങ്ങൾക്കുണ്ടായ തിരിച്ചടിയല്ല. കൺസർവേറ്റീവുകളുടെ വിജയത്തേക്കാൾ ലോകമാകെ ശ്രദ്ധിക്കുന്നത് ലേബറിന്റെ പ്രത്യയശാസ്ത്ര മാറ്റങ്ങളും അതു ഉണർത്തുന്ന പ്രതീക്ഷകളുമാണ്.