Web Desk

January 17, 2022, 5:00 am

ചില വിധികള്‍ നമ്മെ ആശങ്കപ്പെടുത്തും

Janayugom Online

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവം നിയമ, ഉദ്യോഗസ്ഥ വിദഗ്ധരിലും പൊതുസമൂഹത്തിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ക്രൈസ്തവ പുരോഹിതനാണ് കുറ്റവിമുക്തനാക്കപ്പെട്ടത് എന്നതുകൊണ്ട് വിശ്വാസികളില്‍ ഒരു വിഭാഗവും നിയമത്തിന് മുന്നില്‍ തെളിവുകളാണ് പ്രധാനമെന്നതുകൊണ്ടും മറ്റൊരു വിഭാഗവും വിധിയെ ന്യായീകരിച്ചും രംഗത്തെത്തി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും വിധിയില്‍ അമ്പരപ്പ് രേഖപ്പെടുത്തുകയും അപ്പീല്‍ നല്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു വിധത്തില്‍ ശ്രദ്ധേയവും വിവാദവുമായ കേസായിരുന്നു കന്യാസ്ത്രീ പീഡനത്തിനിരയായെന്ന പരാതി. ദൈവത്തിന്റെ മണവാട്ടികളെന്ന് വിശ്വാസി സമൂഹം അംഗീകരിക്കുന്ന സ്ത്രീയാണ് പീഡനപരാതി നല്കിയത്. കുറ്റാരോപിതനാകട്ടെ അതേ വിശ്വാസി സമൂഹം ദൈവത്തിന്റെ പ്രതിപുരുഷനെന്ന നിലയില്‍ ആരാധനയോടെ കൊണ്ടാടുന്ന വ്യക്തിയും. കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതല്‍ 2016 വരെയുള്ള രണ്ടുവര്‍ഷത്തിനിടെ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. 2017 മാര്‍ച്ചിലാണ് മദര്‍ സുപ്പീരിയറിന് മുന്നില്‍ പരാതിയെത്തുന്നത്. മൂന്നുമാസം കഴിഞ്ഞ് അവര്‍ കോട്ടയം പൊലീസ് മേധാവിക്ക് പ്രസ്തുത പരാതി കൈമാറുകയായിരുന്നു. പിറ്റേദിവസം തന്നെ പരാതിയിൽ കേസെടുത്ത പൊലീസ് ഡല്‍ഹി, ജലന്ധര്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം വ്യാപിപ്പിക്കുകയും കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുകയും പിന്നീട് കൊച്ചിയില്‍ ഹാജരാകുന്നതിന് നോട്ടീസ് നല്കുകയും ചെയ്തു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം 2018 സെപ്റ്റംബര്‍ 21ന് അറസ്റ്റ് രേഖപ്പെടുത്തി. ജയിലി‍ല്‍ റിമാന്‍ഡില്‍ കഴിഞ്ഞ അദ്ദേഹത്തിന് ഒക്ടോബര്‍ 15 ന് ജാമ്യം ലഭിച്ചു. പൊലീസിന് മുന്നില്‍ കേസെത്തിയിട്ടും അന്വേഷണത്തില്‍ കാലതാമസമുണ്ടായ സന്ദര്‍ഭത്തില്‍ വിശ്വാസിസമൂഹത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ഇരയായ കന്യാസ്ത്രീകളുടെ സഹപ്രവര്‍ത്തകര്‍ ആരംഭിച്ച പ്രത്യക്ഷ സമരത്തിന് പൊതുസമൂഹത്തില്‍ നിന്ന് വലിയ പിന്തുണ കിട്ടുകയുണ്ടായി. വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്. നിയമപരമായ സാധുതകളും മുന്നിലെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളുമാണ് കോടതി നിര്‍വഹിക്കുവാന്‍ ശ്രമിച്ചത്.


ഇതുകൂടി വായിക്കാം; അറിവിലേക്കുള്ള വഴി ശാസ്ത്രം മാത്രമോ?


അത്തരമൊരു നടപടിയില്‍ നിയമത്തിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ടു മാത്രമുള്ള വിധി പ്രസ്താവമാണ് ഉണ്ടായതെന്നാണ് വിധിയെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ഈ വിധിയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ നിയമജ്ഞരിലെയും പൊതുസമൂഹത്തിലെയും പ്രമുഖരും ഇരയ്ക്ക് കൂട്ടായിരുന്ന കന്യാസ്ത്രീകളും അന്വേഷണ ഉദ്യോഗസ്ഥരും വാദിഭാഗം അഭിഭാഷകരും ഉന്നയിക്കുന്നുണ്ട്. ആ ചോദ്യങ്ങളും സംശയങ്ങളും പൊതുസമൂഹത്തിന്റേതുമാണ്. അതില്‍ പ്രധാനപ്പെട്ടത് ഇരയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളുടേതാണ്. അത് യഥാര്‍ത്ഥത്തില്‍ ഇരയുടെ സംശയം കൂടിയാവാം. അവിശ്വസനീയമെന്ന ഒറ്റവാക്കിലവസാനിക്കുന്നില്ല അവരുടെ പ്രതികരണം. കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ല. നീതി കിട്ടും വരെ പോരാട്ടം തുടരും. പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തും നേടാം. അങ്ങനെയൊരു കാലമാണ് നമ്മുടെ മുന്നിലുള്ളത്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. സാധാരണക്കാരായ കന്യാസ്ത്രീകളെ പോലെയുള്ളവർ എന്തു സംഭവിച്ചാലും കേസിനും പരാതിക്കും പോകരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഈ വിധി, എന്ന് അവർ അഭിപ്രായപ്പെടുകയുണ്ടായി. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽത്തന്നെ ആദ്യമായിരിക്കും ഇത്തരമൊരു വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ജില്ലാ പൊലീസ് മേധാവിയും പ്രതികരിക്കുകയുണ്ടായി. ബലാത്സംഗ കേസിൽ ഇരയുടെ മൊഴി തന്നെ പര്യാപ്തമായിരിക്കെ ഇത്രയധികം തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടും കോടതി ഇങ്ങനെ ഒരു വിധി പ്രഖ്യാപിച്ചത് വളരെയധികം ഞെട്ടിച്ചെന്നും അദ്ദേഹം പറയുകയുണ്ടായി. സമാനമായി വിധിയെ കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ മറ്റുകോണുകളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം കൊണ്ട് ഈ വിധി എല്ലാവരെയും ആശങ്കപ്പെടുത്തുന്നതാണ്. അതുകൊണ്ട് വിധിയെ കുറിച്ചുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനുള്ള നിയമപരമായ സാധ്യതകള്‍ തീര്‍ച്ചയായും തേടേണ്ടതുണ്ട്. അപ്പീല്‍ നല്കുകയെന്ന ആദ്യ നടപടി അധികൃതരില്‍ നിന്നുണ്ടാകുമെന്ന സൂചനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍, വാദിഭാഗം അഭിഭാഷകര്‍ എന്നിവരില്‍ നിന്നുണ്ടായി. അതിന് ഔദ്യോഗികമായ പിന്‍ബലമുണ്ട്. കന്യാസ്ത്രീകളും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മതില്‍ക്കെട്ടുകള്‍ക്കകത്തുനിന്ന് ഭൗതികവും ആത്മീയവുമായ വെല്ലുവിളികളെ നേരിട്ടു നടത്തേണ്ടതാണ് അവരുടെ പോരാട്ടം. പിന്തിരിപ്പിക്കുവാനും പരാജയപ്പെടുത്തുവാനും പ്രലോഭിപ്പിക്കുവാനും അപായപ്പെടുത്തുവാനും കിണഞ്ഞു പരിശ്രമിച്ചേക്കാവുന്ന പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് പ്രഖ്യാപിക്കപ്പെട്ട പോരാട്ടമാണത്. അതിന്റെ കൂടെ നില്ക്കുകയെന്നത് ഈ വിധിയില്‍ ആശങ്കപ്പെടുന്ന എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

You may also like this video;