കോണ്‍ഗ്രസിലെ സ്ഥാനമോഹികളായ ചില നേതാക്കള്‍ ഗ്രഹണി പിടിച്ച കുട്ടികളെപ്പോലെ; മുതിര്‍ന്ന നേതാവ് കെ ശങ്കരനാരായണന്‍

Web Desk
Posted on October 02, 2019, 8:37 pm

കൊച്ചി: കോണ്‍ഗ്രസിലെ സ്ഥാനമോഹികളായ ചില നേതാക്കള്‍ ഗ്രഹണി പിടിച്ച കുട്ടികളെപ്പോലെയെന്ന് മുതിര്‍ന്ന നേതാവ് കെ ശങ്കരനാരായണന്‍. എത്ര പ്രമാണിയാണെങ്കിലും അധികാരത്തോടുള്ള ആര്‍ത്തി അംഗീകരിക്കാനാവില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു. യുഡിഎഫിന്റെ എറണാകുളം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശങ്കരനാരായണന്‍. 24 വര്‍ഷമായി കൗണ്‍സിലറും നിലവില്‍ ഡെപ്യൂട്ടി മേയറുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ടി ജെ വിനോദ്.
ഉപതെരഞ്ഞെടുപ്പില്‍ സീറ്റിനായി അവസാന നിമിഷം വരെ പരിശ്രമിച്ച കെ വി തോമസിനെ വേദിയിലിരുത്തിയായിരുന്നു ശങ്കരനാരായണന്റെ രൂക്ഷവിമര്‍ശം.

വേദിയിലെ നേതാക്കള്‍ വിളറിയെങ്കിലും അണികള്‍ ആവേശത്തോടെയാണ് ശങ്കരനാരായണന്റെ വാക്കുകള്‍ കേട്ടത് . തനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ടെങ്കിലും ഈ ആഗ്രഹങ്ങള്‍ ആര്‍ത്തിയായി മാറരുതെന്നായിരുന്നു ഉപദേശം ‘ഇപ്പോള്‍ എനിക്ക് എന്തൊക്കെ ആവണമെന്ന് ആഗ്രഹമുണ്ടെന്നറിയാമോ, എറണാകുളത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം ‚ഇനി ഇവിടുത്തെ സ്ഥാനാര്‍ഥി വഹിക്കുന്ന ഡെപ്യൂട്ടി മേയര്‍ സ്ഥാനമായാലും മതി ‘ആഗ്രഹമൊക്കെ എല്ലാവര്‍ക്കുമാവാം .എന്നാല്‍ ഈ ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെയുള്ള ആര്‍ത്തിയുണ്ടല്ലോ ആ ആര്‍ത്തി അപകടമാണ്. ആരായാലും സ്ഥാനമാനങ്ങളും പദവികളും ആഗ്രഹിക്കുന്നതില്‍ തെറ്റില്ല .എന്നാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേയ്ക്ക് പാര്‍ട്ടി എത്തി കഴിഞ്ഞാല്‍ ഒരക്ഷരം മിണ്ടാന്‍പാടില്ല. അതാരായാലും ശരി ശങ്കരനാരായണന്‍ പറഞ്ഞു .