ആള്‍ക്കൂട്ട ആക്രമണം എന്ന വാക്ക് ചിലര്‍ ഉപയോഗിക്കുന്നത് ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കാന്‍;മോഹന്‍ ഭാഗവത്

Web Desk
Posted on October 08, 2019, 4:29 pm

നാഗ്പൂര്‍: ആള്‍ക്കൂട്ട ആക്രമണമെന്ന വാക്ക് പാശ്ചാത്യരുടേതാണെന്നും അത് രാജ്യത്തെ അപകീര്‍ത്തിപ്പെടും വിധം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ആര്‍എസ്എസ് സര്‍സംഘ ചാലക് തലവന്‍ മോഹന്‍ ഭാഗവത്. ദസറ ആഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്എസ് സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എപ്പോഴും ഒരു പ്രത്യേക വിഭാഗം മാത്രം ജനങ്ങളെ അക്രമിക്കുമെന്ന് കരുതരുത്. അവര്‍ തിരിച്ചും പ്രതികരിക്കും. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളെ വക്രീകരിച്ച് തെറ്റായി ചിത്രീകരിച്ച സംഭവങ്ങള്‍ക്ക് നമ്മള്‍ കുറേ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരു സമുദായത്തെ ആകമാനം മോശക്കാരായി ചിത്രീകരിച്ച് മറ്റു സമുദായങ്ങളില്‍ വിദ്വേഷം ജനിപ്പിക്കാന്‍ ചില ശക്തികള്‍ മനപൂര്‍വം ശ്രമിക്കുന്നുണ്ട്. ചില ഒറ്റപ്പെട്ട സംഭവങ്ങളെ ആള്‍ക്കൂട്ട ആക്രമണങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ചിത്രീകരിച്ച് രാജ്യത്തിനും ഹിന്ദുമത വിശ്വാസികള്‍ക്കും തന്നെ മോശമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചിലര്‍ നടത്തുകയാണ്. സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. മറ്റേതെങ്കിലും രാജ്യത്ത് ഉപയോഗിക്കേണ്ടിയിരുന്ന ഈ വാക്ക് ഇന്ത്യയില്‍ മനപ്പൂര്‍വം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. മറ്റേതോ മതവിശ്വാസികളുടെ ഗ്രന്ഥങ്ങളില്‍ നിന്നും വന്ന വാക്കാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.