December 9, 2023 Saturday

Related news

November 9, 2023
October 17, 2023
September 9, 2023
September 8, 2023
July 6, 2023
July 1, 2023
May 14, 2023
October 31, 2022
October 28, 2022
October 9, 2022

മഴയോടുള്ള ചില ചോദ്യങ്ങള്‍; ഉത്തരം നല്‍കാന്‍ ഗോപകുമാര്‍

വത്സന്‍ രാമംകുളത്ത്
July 1, 2023 5:10 pm

ഇത്തവണയും കാലം തെറ്റിയോ കാലവര്‍ഷം? 

കാലം തെറ്റിയോ കാലവര്‍ഷം എന്ന ചോദ്യത്തിന്റെ പ്രസക്തി വര്‍ധിച്ചുവരികയാണ്. കാരണം മുന്‍കാലങ്ങളിലുണ്ടായിരുന്ന ഒരു പതിവ് പ്രയാണമല്ല സമീപവര്‍ഷങ്ങളില്‍ കാണുന്നത്. പഴയ കാലഘട്ടത്തില്‍ സ്കൂള്‍ തുറക്കുന്നതോടെ മഴ തുടങ്ങും. പിന്നീടങ്ങോട്ട് ജൂണില്‍ നിന്ന് ജൂലൈ കടക്കുംവരെ മഴയുടെ കൂട്ടിപ്പെരുക്കമായിരുന്നു. ഓഗസ്റ്റില്‍ മഴയുടെ വേഗം കുറയും. ഓഗസ്റ്റില്‍ നിന്ന് ഓണാഘോഷത്തിന്റെ സെപ്റ്റംബര്‍ ിപിറക്കുന്നതോടെ മഴ തീര്‍ത്തും ശക്തി കുറഞ്ഞ് പേരിനുമാത്രമാകും. പതിയെ അവസാനിക്കും.

കാലവര്‍ഷത്തിന്റെ ആ പ്രകൃതത്തിനും ഒരു ചിട്ടവട്ടമുണ്ടായിരുന്നു. കണക്ക് പരിശോധിച്ചാല്‍ തന്നെ 68–70 ശതമാനം മഴ ജൂണ്‍, ജൂലൈ മാസങ്ങളില്‍ തന്നെ പെയ്ത് തീര്‍ന്നിരിക്കും. അവസാന പത്ത് വര്‍ഷങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ജൂണിലും ജൂലൈയിലും മഴയുടെ തോത് പതിയെ പതിയെ കുറഞ്ഞുവരുന്നതായി കാണാനാവും. ഓഗസ്റ്റ്, സെപ്റ്റംബറിലേക്ക് ഒരു ചുവടുമാറ്റവും കാണാം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള നാളുകളാണ് നമ്മള്‍ അനുഭവിക്കുന്ന തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം അഥവാ എടവപ്പാതി. ഒക്ടോബറിലും നവംബറിലുമായി ഇടിയോടുകൂടി പെയ്യുന്ന തുലാവര്‍ഷമാണ് മറ്റൊരു മഴക്കാലം.1870 മുതലുള്ള മഴയുടെ കണക്കുകള്‍ പരിശോധിക്കാന്‍ നമുക്ക് കഴിയും. അന്നുമുതല്‍ 2023 വരെ പരിശോധിച്ചാല്‍ ശരാശരി ജൂണ്‍ ഒന്ന് തന്നെയാണ് കാലവര്‍ഷത്തിന്റെ തുടക്കം എന്ന് മനസിലാക്കാം. എന്നാല്‍ എല്ലാവര്‍ഷവും കൃത്യമായും ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിക്കും എന്നല്ല. ജൂണ്‍ ഒന്നിന് മുമ്പും അതിന് ശേഷവും കാലവര്‍ഷം ആരംഭിച്ചതായും കാണാം. 1918 മെയ് 11 ന് ആയിരുന്ന കാലവർഷം തുടങ്ങിയത്. ജൂൺ അല്ല. ഇതാണ് ഏറ്റവും നേരത്തെ കാലവർഷം തുടങ്ങിയ വർഷം. 1972ല്‍ ജൂണ്‍ 18വരെ കാലവര്‍ഷം വൈകിയതായും കാണാം.

കാലാവസ്ഥ ഗവേഷകരുടെ കണക്കില്‍ മേയ് 25 മുതല്‍ ജൂണ്‍ എട്ട് വരെയുള്ള കാലയളവില്‍ ആരംഭിച്ചാലും അതിനെ കാലവര്‍ഷമായി കണക്കാക്കും. മേയ് 25ന് മുന്‍പ് ആണെങ്കില്‍ കാലവര്‍ഷം നേരത്തെ എത്തിയെന്നും ജൂണ്‍ എട്ടിന് ശേഷമാണെങ്കില്‍ വൈകിയെന്നും രേഖപ്പെടുത്തും. അങ്ങനെയൊരു കണക്കില്‍ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന് ഇത്തവണ കാലവര്‍ഷം വൈകിയാണ് ലഭിച്ചിരിക്കുന്നത്.

കാലവര്‍ഷം നേരത്തെ എത്തിയാലും വൈകിയാലും എങ്ങനെയായിരിക്കും

ചോദ്യം പ്രസക്തമാണ്. നേരത്തെ കാലവര്‍ഷം ആരംഭിച്ച ഘട്ടങ്ങളില്‍ മഴ കൂടുതലായി ലഭിച്ചിട്ടില്ല. വൈകിയ വര്‍ഷങ്ങളില്‍ മഴ കുറഞ്ഞുപോയതായും കണ്ടിട്ടില്ല. ചില വര്‍ഷങ്ങളില്‍ കൂടുതലും ചില വര്‍ഷങ്ങളില്‍ കുറവും കാണാനായിട്ടുണ്ട്. ഇക്കാര്യത്തില്‍ പല പൊരുത്തമില്ലായ്മ നിഴലിക്കുന്നു.

കാലവര്‍ഷം താളം തെറ്റിയിട്ടുണ്ടെന്ന് നിസംശയം പറയാം. പലപ്പോഴും പെയ്യേണ്ട സമയത്ത് മഴ പെയ്തിട്ടില്ല. കിട്ടേണ്ട തോതില്‍ കിട്ടിയിട്ടുമില്ല. മഴയുടെ ഗതിവിഗതികളും താളക്രമങ്ങളും മാറ്റത്തിന് വിധേയമായിട്ടുണ്ട്. അത് കേരളത്തിലെ കാര്‍ഷിക മേഖലയെയാണ് പ്രധാനമായും ബാധിച്ചിട്ടുള്ളത്. പ്രത്യേകിച്ച് വിരിപ്പ് കൃഷിയെ കാര്യമായി തന്നെ ബാധിച്ചു. ഇത്തവണ പാലക്കാട് ജില്ലയിലെ പാടങ്ങളില്‍ കൃഷി തുടങ്ങാനാവശ്യമായ വെള്ളം കയറിയിട്ടില്ലെന്നതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടാനാവുന്നത്.

ന്യൂനമര്‍ദവും കാലവര്‍ഷവും തമ്മിലെന്ത്?

മീപകാലങ്ങളില്‍ പലപ്പോഴും കാലവര്‍ഷത്തിന് മുന്‍പ് ചുഴലിക്കാറ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തവണ വിപോര്‍ജോയ് ഉണ്ടായി. ഇത് കാലവര്‍ഷത്തിന്റെ ശക്തിയെ ക്ഷയിപ്പിച്ചു. വേണ്ടപോലെ കാലവര്‍ഷം പെയ്യാതിരിക്കുന്നതിന്റെ കാരണം ഇത്തരം ചുഴലിക്കാറ്റുകള്‍ തന്നെയാണ് എന്ന നിരീക്ഷണങ്ങളുണ്ട്. അറബിക്കടലില്‍ ഉണ്ടാവാറുള്ള ചുഴലിക്കാറ്റുകള്‍ പലതും കാലവര്‍ഷത്തെ തള്ളിമാറ്റുന്നതായി കണ്ടിട്ടുണ്ട്.

സാധാരണ ഗതിയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷവേളകളില്‍ ‘മണ്‍സൂണ്‍ ഡിപ്രഷന്‍’ എന്നുപറയുന്ന ന്യൂനമര്‍ദവ്യൂഹം ഉണ്ടാകും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവ്യൂഹം ഉണ്ടാകുമ്പോഴാണ് കാലവര്‍ഷം ശക്തിപ്പെടുക. അറബിക്കടലിലെ വടക്കന്‍ കേരളം, കര്‍ണാടക, കൊങ്കണ്‍ വരെയുള്ള തീരങ്ങളിലൂടെ നീണ്ടുകിടക്കുന്ന ന്യൂനമര്‍ദ പാത്തി ശക്തിപ്രാപിക്കുമ്പോഴും കാലവര്‍ഷം ശക്തമാകും. മണ്‍സൂണ്‍ ഇതര മാസങ്ങളില്‍ ഉണ്ടാവുന്ന നൂനമര്‍ദങ്ങളാണ് ചുഴലിക്കാറ്റുകള്‍ക്ക് കാരണമാവുന്നത്. മണ്‍സൂണ്‍ മാസങ്ങളില്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്. ഈ സമയങ്ങളില്‍ സമുദ്രത്തിലെ താപനില ഒരുവിധം തണുത്തിരിക്കുന്നതിനാലാണത്. വിപോര്‍ജോയ് പോലുള്ള ശക്തമായ ചുഴലിക്കാറ്റ് സമീപകാലത്ത് ഉണ്ടാവുന്നത്, കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പശ്ചാത്തലത്തില്‍ അറബിക്കടലിലെ താപനില കുറയാത്തതിനാലുമാണ്. അറബിക്കടലിലെ ചൂട് വിട്ടുപോകാന്‍ പതിവില്‍ നിന്ന് ഏറെ സമയമെടുക്കുന്നു എന്നാണ് നിരീക്ഷണം. അതിനാല്‍ ചുഴലിക്കാറ്റുകളുടെ എണ്ണവും കൂടുന്നു.

ന്യൂനമര്‍ദങ്ങളില്‍ നിന്നെന്ന പോലെ ചുഴലിക്കാറ്റുകളില്‍ നിന്നും മഴ ലഭിക്കും എന്നതാണ് മറ്റൊരു വസ്തുത. ന്യൂനമര്‍ദവ്യൂഹങ്ങള്‍ മണ്‍സൂണിന്റെ അവിഭാജ്യഘടമാണ്. മണ്‍സൂണില്‍ ശരാശരി ആറ് മുതല്‍ എട്ട് വരെ ന്യൂനമര്‍ദങ്ങള്‍ ഉണ്ടാവാറുണ്ട്. 12 ന്യൂനമര്‍ദം വരെ മുന്‍കാലങ്ങളില്‍ ഉണ്ടായ കാലവര്‍ഷവും കണ്ടിട്ടുണ്ട്. അക്കാലത്ത് മഴ നന്നായി പെയ്തൊഴിഞ്ഞിട്ടുമുണ്ട്. വടക്കന്‍ കേരളത്തിലെ ന്യൂനമര്‍ദപാത്തി ശക്തിപ്രാപിക്കുന്ന ചില ഘട്ടങ്ങളില്‍ നമുക്ക് മഴ നല്ലപോലെ ലഭിച്ചിട്ടുണ്ട്. ഈ മേഖലയിലെ ന്യൂനമര്‍ദപാത്തിയുടെ ഗതി, സ്ഥാനം, ചലനം, ദിശ എന്നിവയെ ആശ്രയിച്ചായിരിക്കും കേരളത്തില്‍ എത്ര മഴ ലഭിക്കും എന്ന് പറയാനാവു.

മഴയുടെ ലഭ്യതയും ദൈര്‍ഘ്യവും കാലവും

മുക്ക് ദൈര്‍ഘ്യമേറിയ മഴക്കാലങ്ങള്‍ തന്നെയാണ് ഉള്ളത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയും ഒക്ടോബര്‍, നവംബര്‍ മാസങ്ങളുമാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്ന രണ്ട് മഴക്കാലങ്ങള്‍. കാലാവസ്ഥ വകുപ്പ് ഡിസംബര്‍ മാസം കൂടി മഴക്കാലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ആറ് മാസം നമുക്ക് ലഭിക്കുന്നു.

എന്നാല്‍ ഇത്തവണ നമുക്ക് ജൂണ്‍ മാസം കിട്ടേണ്ട മഴ കിട്ടിയിട്ടില്ല. മോശപ്പെട്ട കാലവര്‍ഷത്തുടക്കമാണ് എന്ന് തന്നെ പറയാം. ജൂണിലെ കണക്ക് ഇതോടെ അവസാനിക്കുകയാണ്. സമീപവര്‍ഷങ്ങളിലും ജൂണും ജൂലൈയും സമാനരീതിയില്‍ മഴ കുറവായിരുന്നു. ഇക്കുറിയും അത് അടിവരയിടുകയാണ്.

ഈ വര്‍ഷത്തെ ജൂലൈയില്‍ മഴ കിട്ടുമോ എന്ന് ഉറപ്പൊന്നും പറയാറായിട്ടില്ല. ജൂണിലെ സൂചനകള്‍ ജൂലൈയിലും ആവര്‍ത്തിക്കുകയാണെങ്കില്‍, പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന മണ്‍സൂണിന്റെ ആദ്യപകുതി നമുക്ക് മോശമായി പോകാനാണ് സാധ്യത. ആദ്യ രണ്ട് മാസം ലഭിക്കേണ്ട 68, 70 ശതമാനം മഴ നഷ്ടമാവുകയും അത് ചിലപ്പോള്‍ ഭീതിപ്പെടുത്തുംവിധം മേഘവിസ്ഫോടനത്തോടെ തീവ്ര, അതിതീവ്രമായി ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തേക്കാം. 2018ലും 19ലും 21ലും നമ്മള്‍ ദുരന്തമായി അഭിമുഖീകരിച്ചത് അത്തരമൊരു മഴപ്പെയ്ത്താണ്. പ്രളയവും കനത്ത മഴയും നേരിടേണ്ടിവന്ന ഈ കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ജൂണിലും ജൂലൈയിലും മഴയുടെ തോത് കുറഞ്ഞതായി കാണാം.

ഈ പ്രതിഭാസം തുടര്‍ന്നുപോകുമോ?

പ്രതിഭാസം തുടര്‍ന്നുപോകുമോ എന്ന് പറയണമെങ്കില്‍ വിശദമായ പഠനങ്ങളുടെ ആവശ്യമുണ്ട്. അത്തരം പഠന പ്രസിദ്ധീകരണങ്ങള്‍ക്കായി കാത്തിരിക്കുന്നവരേറെയാണ്. നിലവില്‍ കുസാറ്റും കേരള കാര്‍ഷിക സര്‍വകലാശാലയും നടത്തിവരുന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളിലെ മഴ കുറഞ്ഞുവരുന്നതായി പറയുന്നുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മണ്‍സൂണ്‍ മഴ കൂടുന്നതായും അതിന്റെ ശക്തി വര്‍ധിക്കുന്നതായും രേഖപ്പെടുത്തുന്നുണ്ട്. മണ്ണിടിച്ചലിനും ഉരുള്‍പ്പൊട്ടലിനുമുള്ള സാഹചര്യങ്ങള്‍ ഉണ്ടാവുന്നത് ഈ മണ്‍സൂണ്‍ അവസാനത്തില്‍ മഴയുടെ ശക്തി അതിതീവ്രമാവുന്നതിനാലാണ്.

മണ്‍സൂണ്‍ മഴ കാലക്രമം പൂര്‍ത്തിയാക്കിയില്ലെങ്കില്‍?

ണ്‍സൂണിലെ നാലുമാസത്തെ മഴ പലപ്പോഴായി പെയ്ത് ശരാശരി കണക്കിലേക്ക് എത്തിയാലും അതൊരു ശാശ്വത പരിഹാരമാവുമെന്ന് കരുതാനുമാവില്ല. 2019ല്‍ നാല് മാസം പെയ്യേണ്ട മഴ ഏകദേശം പതിനഞ്ച് ദിവസംകൊണ്ട് പെയ്തൊഴി‍ഞ്ഞതായാണ് കണക്ക്. തോത് പരിശോധിക്കുമ്പോള്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞെന്ന് തോന്നാം. വേനല്‍മഴയും ഈവിധം തെന്നിമാറിപ്പോയാല്‍ സ്ഥിതി ഗുരുതരമാവും.

2022ല്‍ വേനല്‍ നല്ല മഴക്കാലമായിരുന്നു. എല്ലാ ജില്ലകളിലും നല്ലപോലെ മഴ ലഭിച്ച വര്‍ഷമായിരുന്നു. അതുപോലെ എപ്പോഴും കിട്ടിക്കൊള്ളണമെന്നില്ല. 2015ല്‍ ഇടി കുടുങ്ങി മഴ പെയ്യാതിരുന്ന വര്‍ഷമായിരുന്നു. 2015–16 കേരളം കണ്ട ഏറ്റവും വലിയ വരള്‍ച്ചയുടെ കാലഘട്ടമായിരുന്നു എന്ന കാര്യം നമ്മള്‍ മറന്നിട്ടില്ല. കഠിന വരള്‍ച്ചയുടെ പിടിയിലും കേരളം അകപ്പെടാറുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മഴപ്പെയ്ത്തിന്റെ സ്വഭാവത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ മാറ്റം ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. വേനല്‍ക്കാലം നീണ്ടുപോവുകയും പതിവുപോലെ ഫെബ്രുവരിയിലേക്ക് കടക്കാതെ ജനുവരി പകുതിയോടെ തന്നെ വേനല്‍ ആരംഭിക്കുകയും ചെയ്യും. അന്തരീക്ഷ താപനില കുതിച്ചുയരും. ജലാശയങ്ങള്‍ വറ്റിവരളും. കാലാവസ്ഥ സംബന്ധിച്ച വരള്‍ച്ചപോലെ ജലാശയങ്ങള്‍ സംബന്ധിച്ച വരള്‍ച്ചയും സംഭവിക്കുന്നത് മനുഷ്യനും മറ്റുജീവജാലങ്ങള്‍ക്കും കൃഷിക്കും ഭവിഷ്യത്ത് സൃഷ്ടിക്കും.

ഇടവേളയ്ക്ക് ശേഷം ജലക്ഷാമം ഉണ്ടായത്?

ടവേളകള്‍ക്ക് ശേഷം കിണറുകള്‍ ഉള്‍പ്പെടെ ജലാശയങ്ങള്‍ വറ്റിത്തുടങ്ങി എന്ന് പറയുന്നത് ശരിയാണ്. ഏപ്രില്‍ മാസത്തോടെ തന്നെ വരള്‍ച്ചയുടെ സൂചനകള്‍ കണ്ടിരുന്നു. സമൂഹം അത് വേണ്ടത്ര ചര്‍ച്ച ചെയ്തില്ല എന്നതാണ് വസ്തുത. അക്കാര്യം വേണ്ടവിധം ജനങ്ങളില്‍ എത്തിക്കുന്നതില്‍ സംവിധാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പോരായ്മകള്‍ വന്നുവെന്ന് പറയുന്നതിനോടും യോജിക്കുന്നു. കിണറുകളും കുളങ്ങളും തോടുകളും വറ്റിത്തുടങ്ങിയതും പാടശേഖരങ്ങളില്‍ വെള്ളമില്ലാത്ത അവസ്ഥയും ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും മഴയുടെ കണക്കുകള്‍ മാത്രമാണ് പലരും പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.

ഒരുവിധം ജലാശയങ്ങളും വറ്റിത്തുടങ്ങിയ അവസ്ഥയായിരുന്നു. പുഴകളും ഡാമുകളും ജലനിരപ്പ് കുറഞ്ഞ അവസ്ഥയിലെത്തി. എത്രയിടങ്ങളില്‍ തെങ്ങിന്‍ത്തോപ്പുകള്‍ വരണ്ടുണങ്ങിപ്പോയ കാഴ്ച കാണാനിടയായി. ഇടമഴപോലും കിട്ടിയില്ല. നനയ്ക്കാന്‍ വെള്ളമുണ്ടായില്ല. തെങ്ങുകള്‍ നശിച്ച അനുഭവം ഇത്തവണ എത്രയോ പേര്‍ക്കുണ്ടായി. ജൂണ്‍ എട്ടാം തീയതി മുതലാണ് മണ്‍സൂണ്‍ ആരംഭിച്ചത്. എങ്കിലും അത് പതിവ് രീതിയിലായിരുന്നുമില്ല.

പല വിഷയങ്ങളിലും വേനലില്‍ വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യം വര്‍ധിക്കുന്നു. കേരളത്തെ സംബന്ധിച്ച് കാലവര്‍ഷം മോശമാകുകയും തുലാവര്‍ഷം വേണ്ടവിധം പെയ്യാതിരിക്കുകയും ഇടമഴ ഒഴിഞ്ഞുമാറുന്നതും വര്‍ധിക്കുകയാണ്. അങ്ങനെ നീണ്ടുനില്‍ക്കുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ കേരളം വരള്‍ച്ചയുടെ പിടിയിലേക്ക് വഴുതിപ്പോവുമോ എന്നതും യാഥാര്‍ത്ഥ്യമാണ്.

ഭൂമിയുടെ തേങ്ങള്‍ താങ്ങാവുന്നതിലപ്പുറത്തേക്ക് എത്തിക്കുമോ

ചോദ്യം കുറേക്കാലങ്ങളായി ഉള്ളതുതന്നെയാണ്. ലോകത്താകമാനം അത് കേള്‍ക്കുന്നുണ്ട്. അങ്ങനെ പറയുമ്പോള്‍ നമ്മള്‍ വികസനവിരോധികളോ സ്ഥാപിത താല്പര്യക്കാരോ ആയി ഒറ്റപ്പെട്ടേക്കാം. കാലാവസ്ഥ വ്യതിനായം ഒരു യാഥാര്‍ത്ഥ്യമാണെന്നും ആഗോളതാപനം പിടിമുറുക്കിക്കഴിഞ്ഞെന്നും മനസിലാക്കണം. ആ മാറ്റവും അതിന്റെ പ്രത്യാഘാതങ്ങളും ലോകത്തിന്റെ പല ഭാഗത്തും അനുഭവിക്കുന്നുമുണ്ട്. അതിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പാതയിലാണ് മാനവരാശി. ആഗോളതാപനില 1.5 ഡിഗ്രി സെന്റീമീറ്ററില്‍ ഉയര്‍ന്നുപോകാന്‍ പാടില്ലെന്ന് പാരീസ് കാലാവസ്ഥ ഉച്ചകോടി നിഷ്കര്‍ഷിച്ചിട്ടുപോലും നമുക്ക് അതിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. ഏതാനും വര്‍ഷത്തിനകം അപകടകരമായ ആ ഒന്നര ഡിഗ്രിയിലേക്ക് താപനില എത്തിപ്പെടുമെന്നാണ് അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന കാലാവസ്ഥ നിരീക്ഷ ഏജന്‍സികളെല്ലാം നല്‍കുന്ന മുന്നറിയിപ്പ്. രണ്ട് ഡിഗ്രി സെന്റീമീറ്ററായിരുന്നു നേരത്തെ നിയന്ത്രിത രേഖ. അത് പാരീസ് ഉച്ചകോടിയാണ് ഒന്നരയായി ചുരുക്കിയത്.

ഒരിടത്തും ഈ അപകടാവസ്ഥയെ തരണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ അതിന്റേതായ ഗൗരവത്തില്‍ നടത്തുന്നില്ല. നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ആരംഭിച്ചിട്ടുമില്ല. സമീപകാലങ്ങളില്‍ നടന്ന കാലാവസ്ഥ ഉച്ചകോടികളില്‍ നടന്ന ഒന്നര ഡിഗ്രി സെന്റീമീറ്റര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഫലംചെയ്തില്ലെന്നത് അമ്പരപ്പിക്കുന്നു. ചൂണ്ടിക്കാണിക്കല്‍ മാത്രം പോര എന്നതാണ് അഭിപ്രായം. മാനവരാശി നേരിടുന്ന എറ്റവും വലിയ വിപത്തിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം പരിഹാരത്തിനായുള്ള കര്‍ശന നിലപാടുകളുമായി മുന്നോട്ടുപോകാനുമാവണം.

ആഗോളമഴപ്പാത്തിയും ഇന്ത്യന്‍ കാലവര്‍ഷവും

എല്‍ നിനോ പ്രഭാവം ഉള്‍പ്പെടെ പല ആഗോള പ്രതിഭാസ ഘടകങ്ങള്‍ ഇന്ത്യന്‍ കാലവര്‍ഷത്തിന് സ്വാധീനിക്കുന്നുണ്ട്. മേഡം ജൂലി ആന്ദോളനം എന്ന ആഗോള മഴപ്പാത്തിയും ഇന്ത്യന്‍ കാലവര്‍ഷത്തെ സ്വാധീനിക്കുന്നുണ്ട്. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സഞ്ചരിക്കുന്ന ഈ മഴപ്പാത്തി സമുദ്രത്തിലൂടെ ഉലകംചുറ്റുന്ന മഴമേഘങ്ങളുടെ ഒരു വ്യൂഹമാണത്. ഇത് ഇന്ത്യന്‍ സമുദ്രത്തിലേക്ക് പ്രവേശിക്കുന്നതോടെ കാലവര്‍ഷം ശക്തിപ്പെടാറുണ്ട്. 30 മുതല്‍ 46 ദിവസക്കാലപരിധിയിലാണ് അത് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കടന്നുപോകാറുള്ളത്. ഒരു സീസണില്‍ രണ്ട് തവണയെങ്കിലും മേഡം ജൂലി ആന്ദോളനം കടന്നുപോകാറുണ്ട്.

ഇന്ത്യന്‍ ഓഷന്‍ ഡൈപോള്‍ (ഐഒഡി) എന്ന ഇന്ത്യന്‍ നിനോയെന്ന് പറയുന്ന പ്രതിഭാസത്തിന്റെ സ്വാധീനവും ഇന്ത്യന്‍ കാലവര്‍ഷത്തിന്റെ ശക്തികൂട്ടാറുണ്ട്. പസഫിക് സമുദ്രത്തില്‍ എന്‍ നിനോ ഉണ്ടാകുന്ന പോലെ ഇന്ത്യന്‍ സമുദ്രത്തില്‍ ഉണ്ടാവുന്ന ഒന്നാണ് ഇന്ത്യന്‍ നിനോ. ഇന്ത്യന്‍ കാലാവസ്ഥ ഗവേഷകര്‍ പ്രധാനമായും കാലവര്‍ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നത് ഇന്ത്യന്‍ നിനോയെ ആശ്രയിച്ചാണ്. എല്‍ നിനോ കാലഘട്ടത്തില്‍ പൊതുവെ ഇന്ത്യന്‍ കാലവര്‍ഷത്തിന് വലിയ ശക്തി കാണുന്നത് അപൂര്‍വമാണെന്നാണ് പഠനം. അതേസമയം, എല്‍ നിനോയുടെ വിപരീത പ്രതിഭാസമായ ലാ നിനയുടെ വര്‍ഷങ്ങളില്‍ മധ്യ പസഫിക്കിലും കിഴക്കന്‍ പസഫിക്കിലും സമദ്രുത്തിന്റെ ഉപരിതല താപനില ശരാശരിയേക്കാള്‍ കുറഞ്ഞുനില്‍ക്കും. ചൂട് കൂടുന്ന സമയമാണ് എല്‍ നിനോ. ലാ നിന വര്‍ഷങ്ങളിലായിരിക്കും കാലവര്‍ഷം ശക്തിപ്പെടുന്നത് എന്നാണ് ഗവേഷകരുടെ നിഗമനം. എല്ലാ എല്‍ നിനോ വര്‍ഷങ്ങളിലും കുറഞ്ഞതായും കാണാനായിട്ടില്ല. അതുകൊണ്ട് രണ്ടിനും പൊരുത്തം പറയാനുമാവില്ല. അതേസമയം ഇന്ത്യന്‍ സമുദ്രത്തില്‍ ഇന്ത്യന്‍ നിനോ രൂപപ്പെട്ടാല്‍ എല്‍ നിനോ എന്ന ആഗോളപ്രതിഭാസം ഉണ്ടാവുന്ന ഘട്ടങ്ങളില്‍ അതിനെ തരണം ചെയ്യാന്‍ കഴിയും എന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ആഗോള‑പ്രാദേശിക സമുദ്ര അന്തരീക്ഷ പ്രതിഭാസങ്ങളാല്‍ നിയന്ത്രിതമാണ് കാലാവസ്ഥയും കാലവര്‍ഷവും. പഠനങ്ങളൊന്നും പരിപൂര്‍ണമല്ല. ഇനിയും ഗവേഷകര്‍ക്കും ഗവേഷണങ്ങള്‍ക്കും ഒരുപാട് കാര്യങ്ങള്‍ കണ്ടെത്താനും പറയാനുമുണ്ടാകുമെന്നാണ് അതേക്കുറിച്ച് പറയാനുള്ളത്.

(കേരള കാര്‍ഷിക യൂണിവേഴ്‌സിറ്റി കാലാവസ്ഥാപ്തിയാന പരിസ്ഥിതി ശാസ്ത്ര കോളജിൽ സയന്റിഫിക് ഓഫിസറായിരുന്നു ശ്രീ.ഗോപകുമാര്‍ ചോലയില്‍)

Eng­lish Sam­mury: Some ques­tions for rain, Answered by Gopakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.