Friday
18 Oct 2019

ദുരന്തകാലത്തേക്ക് ചില നിര്‍ദ്ദേശങ്ങള്‍ വീണ്ടും…

By: Web Desk | Saturday 10 August 2019 11:00 PM IST


മുരളി തുമ്മാരുകുടി

 മുരളി തുമ്മാരുകുടി

കേരളം വീണ്ടും ഒരു ദുരന്തകാലത്തിലൂടെ കടന്നുപോവുകയാണ്. വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമാണ് സ്ഥിതി എന്ന് പറയുന്നു. ഈ സാഹചര്യത്തില്‍ കുറച്ചു നിര്‍ദ്ദേശങ്ങള്‍ പറയാം.

1. സഹായം ചോദിക്കുന്നത് ശക്തിയാണ്, ദൗര്‍ബല്യമല്ല: നമ്മളില്‍ കൂടുതല്‍ പേര്‍ക്കും ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിച്ചാണ് ശീലം, സഹായം അഭ്യര്‍ഥിച്ചല്ല. അതുകൊണ്ടു തന്നെ സഹായം ചോദിക്കാനും ബന്ധുക്കളുടെ വീട്ടിലേക്കോ ദുരിതാശ്വാസ ക്യാമ്പിലേക്കോ പോകാനും ആളുകള്‍ക്ക് പ്രത്യേകിച്ചും മധ്യവര്‍ഗത്തിന് മുകളിലുള്ളവര്‍ക്ക് മടിയുണ്ടാകും. ഒരു മടിയും വേണ്ട. ദുരന്തകാലത്ത് എല്ലാവരും ഒരുപോലെയാണ്. ദുരിതാശ്വാസം എന്നത് ആരുടെയും ഔദാര്യമല്ല, നമ്മുടെ അവകാശമാണ്.

2. എപ്പോഴാണ് ദുരന്ത സാധ്യതയുള്ള വീട്ടില്‍ നിന്നും മാറി താമസിക്കേണ്ടത് എന്നത് ആളുകള്‍ ചിന്തിക്കുന്ന കാര്യമാണ്. അപകട സാധ്യതയുള്ള പ്രദേശത്താണ് ജീവിക്കുന്നതെങ്കില്‍, അത് പ്രളയമായാലും ഉരുള്‍ പൊട്ടലായാലും മാറണോ എന്ന് തോന്നുന്ന ആദ്യ സമയത്ത് തന്നെ മാറുന്നതാണ് നല്ലത്. വീട്ടില്‍ വയസായവരോ രോഗികളോ ഭിന്നശേഷി ഉള്ളവരോ ഉണ്ടെങ്കില്‍ കൂടുതല്‍ വേഗത്തില്‍ സുരക്ഷിതമായ പ്രദേശത്തേക്ക് മാറണം.

3. കേരളം ഒറ്റക്കെട്ടായി പിന്നിലുണ്ട്. കേരളത്തില്‍ ദുരന്തത്തെപ്പറ്റി അറിയാത്തവരായി ആരുമില്ല. ദുരന്തത്തില്‍ അകപ്പെടാത്തവരെല്ലാം ഏതു രീതിയിലും സഹായിക്കാന്‍ തയ്യാറാണ്. ഇപ്പോഴത്തെ കണക്കുവച്ച് നോക്കിയാല്‍ കേരളത്തിലെ ഒരു ശതമാനം ആളുകള്‍ പോലും ദുരിതാശ്വാസ ക്യാമ്പിലില്ല. നൂറില്‍ തൊണ്ണൂറ്റി ഒന്‍പത് മലയാളികളും ഇപ്പോഴും സഹായം നല്‍കാന്‍ കെല്‍പും താല്‍പര്യവുമുള്ള സാഹചര്യത്തിലാണെന്നര്‍ഥം. സ്‌കൂളുകള്‍ തൊട്ടു കല്യാണമണ്ഡപങ്ങള്‍ വരെ ദുരിതാശ്വാസ ക്യാമ്പുകളാക്കാന്‍ സാധിക്കുന്ന സംവിധാനങ്ങള്‍ നമുക്കുണ്ട്. നമ്മുടെ ഓരോ റെസിഡന്റ് അസോസിയേഷനുകളോടും ആളുകളെ താമസിപ്പിക്കണമെന്നോ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്നോ തുടങ്ങി എന്താവശ്യപ്പെട്ടാലും അവര്‍ ചെയ്യാന്‍ സന്നദ്ധരാണ്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുമായി സംയോജിപ്പിച്ച് ഉപയോഗിക്കാനുള്ള ഒരു പദ്ധതിയുണ്ടാക്കിയാല്‍ മാത്രം മതി. ദുരന്തകാലത്ത് എല്ലാം ചെയ്യാന്‍ സര്‍ക്കാരിന് കഴിവുണ്ടെങ്കില്‍ പോലും പൊതുജനങ്ങളെ ഉള്‍പ്പെടുത്തണം. അങ്ങനെയാണ് നമ്മുടെ സമൂഹ മൂലധനം കൂടുന്നത്.

4. മറുനാട്ടില്‍ നിന്നും പിന്തുണ ഉണ്ട്. കേരളത്തിന് പുറത്ത്, ഇന്ത്യയിലും വിദേശത്തും ഉള്ള മലയാളികള്‍ കേരളത്തിലെ കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്. ഏത് ആവശ്യം ഉണ്ടെങ്കിലും അവര്‍ സന്നദ്ധരായി പുറകിലുണ്ട്. അതുകൊണ്ട് തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ നമുക്ക് ഈ ദുരന്തകാലത്തെയും നേരിടാം.

5. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ ആത്മവിശ്വാസം പകരുന്നു; കഴിഞ്ഞ ദുരന്തകാലത്ത് കേരളം മാതൃകാപരമായി ചെയ്ത ഒരു കാര്യം എല്ലാ ദിവസവും മുഖ്യമന്ത്രി ജനങ്ങളോട് സംസാരിച്ചതാണ്. ഇന്ത്യയില്‍ അപൂര്‍വമായി മാത്രമാണ് അത് സംഭവിച്ചിട്ടുള്ളത്. ജനങ്ങളുടെ ആശങ്ക അകറ്റാനും ഉദ്യോഗസ്ഥരിലും രക്ഷാ പ്രവര്‍ത്തകരിലും ആത്മവിശ്വാസം ഉണ്ടാക്കാനും അതുകൊണ്ട് സാധിച്ചു. സ്ഥിതിഗതികള്‍ സാധാരണഗതിയില്‍ ആകുന്നത് വരെ ഇത് തുടരുമെന്ന് പ്രതീക്ഷിക്കാം.

6. ഒരു മഹാപ്രളയത്തില്‍ അകപ്പെട്ടതിനാല്‍ ആളുകള്‍ ജാഗരൂകരാണ്, ഏറെ ആളുകള്‍ ഭയചകിതരും. ഇപ്പോഴത്തെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇനിയും വഷളാകുമോ ഇല്ലയോ എന്നൊക്കെയുള്ള വിവരങ്ങള്‍ അറിയാന്‍ അവര്‍ നോക്കിയിരിക്കുകയാണ്. കാലാവസ്ഥ പ്രവചനവും ആയിട്ടാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത് . ഏറ്റവും വിശ്വസനീയമായ കാലാവസ്ഥ പ്രവചനങ്ങള്‍ സര്‍ക്കാരിന് കിട്ടുന്ന മുറയ്ക്ക് സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെയും മുഖ്യമന്ത്രിയുടെയും പേജില്‍ പങ്കുവയ്ക്കണം.

7. ദുരന്തത്തെപ്പറ്റി സര്‍ക്കാരിന് ലഭിക്കുന്ന ആധികാരികമായ വിവരങ്ങള്‍ ഓരോ എട്ടു മണിക്കൂറിലെങ്കിലും ചിത്രങ്ങള്‍ ഉള്‍പ്പെടെ ഒരു സാഹചര്യ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. എത്ര സ്ഥലങ്ങള്‍ ദുരിത ബാധിതം ആണ്, എത്ര പേര്‍ക്ക് ജീവഹാനി സംഭവിച്ചു, മിസിംഗ് ആയത് എത്രപേരാണ്, എത്ര ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, എത്ര മാത്രം ദുരന്ത നിവാരണ സേനയും മറ്റു സംവിധാനവും നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്നിങ്ങനെ ശരിയായ വിവരങ്ങള്‍ കൃത്യമായ ഇടവേളയില്‍ പുറത്തുവന്നാല്‍ നമ്മുടെ ദുരന്ത നിവാരണ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കൂടും.

8. ദുരന്തത്തില്‍ അകപ്പെടുന്നവരുടെ നിസഹായമോ ബീഭത്സമോ ആയ ചിത്രങ്ങള്‍ അവരുടെയോ കുടുംബങ്ങളുടെയോ സമ്മതമില്ലാതെ മാധ്യമങ്ങളില്‍ (ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ഉള്‍പ്പടെ) ഷെയര്‍ ചെയ്യുന്നത് ശരിയായ നടപടിയല്ല. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ട്, തീരെ ഒഴിവാക്കാന്‍ പറ്റാത്തതാണെങ്കില്‍ മുഖം മാസ്‌ക് ചെയ്ത് കൊടുക്കുക.

9. കേരളത്തിലെ ദുരന്തനിവാരണത്തെപ്പറ്റിയുള്ള വര്‍ത്തകള്‍ കൂടുതലും മലയാളത്തിലും ഇംഗ്ലീഷിലുമാണ് വരുന്നത്. നമ്മുടെ ബഹുഭൂരിപക്ഷം മറുനാടന്‍ തൊഴിലാളികള്‍ക്കും ഇത് വായിക്കാനറിയില്ല. അതുപോലെ നമ്മള്‍ നല്‍കുന്ന ഹെല്‍പ്പ് ഡെസ്‌കില്‍ ബംഗാളിയോ ഓറിയയോ അറിയുന്ന ആളുകളില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഒരു പ്രത്യേക ഹെല്‍പ് ഡെസ്‌ക്ക് ഉണ്ടാക്കണം. അതുപോലെ എല്ലാ വിഷയങ്ങളും വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഇതിന് മറ്റു ഭാഷകള്‍ അറിയാവുന്നവരുടെ ഒരു സന്നദ്ധ സേന രൂപീകരിക്കണം.

10. വെള്ളപ്പൊക്കം ആയാലും മണ്ണിടിച്ചില്‍ ആയാലും ഹെലികോപ്റ്ററില്‍ നിന്നും അത് നിരീക്ഷിക്കുന്നത് സാഹചര്യത്തിന്റെ വ്യാപ്തിയും ഗൗരവവും മനസിലാക്കാന്‍ ഏറെ സഹായിക്കും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇക്കാര്യം എല്ലാ ദിവസവും ചെയ്യണം. ആകാശ നിരീക്ഷണത്തിന്റെ വീഡിയോ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കണം.

11. ദുരന്തങ്ങള്‍ ലോകത്തെ അറിയിക്കുന്നതിലും ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിലും നമ്മുടെ മാധ്യമങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ദുരന്ത സ്ഥലത്തേക്ക് ഓടിയെത്തുന്നതിന് മുന്‍പും അവിടെ എത്തിക്കഴിഞ്ഞും സ്വന്തം സുരക്ഷ നന്നായി ശ്രദ്ധിക്കുക. ദുരന്തത്തില്‍ അകപ്പെട്ടവരുടെ മനോനിലയും താല്‍പര്യവും ഏറ്റവും പ്രധാനമാണെന്ന് പറയേണ്ടതില്ല. അവര്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്.

12. കഴിഞ്ഞ വര്‍ഷത്തെ അനുഭവം കാരണം കേരളത്തില്‍ ഏറെ ആളുകള്‍ പേടിച്ചിരിക്കയാണ്. അവരിലേക്ക് തെറ്റായ വിവരവും ആയി എത്തുന്നവരെ കര്‍ശനമായി നേരിടണം. ആളുകള്‍ മൊത്തമായി ഭയന്നോടി അപകടങ്ങളോ സംഘര്‍ഷങ്ങളോ വസ്തുക്കളുടെ അനാവശ്യമായ വാങ്ങലോ പൂഴ്ത്തിവയ്ക്കലോ ഉണ്ടാകാം. നേരിട്ടറിയാത്ത വിവരങ്ങളോ സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന നിര്‍ദ്ദേശങ്ങളോ അല്ലാതെ കയ്യില്‍ കിട്ടുന്ന വിവരങ്ങളെല്ലാം ഷെയര്‍ ചെയ്യരുത്. മനഃപൂര്‍വ്വം ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നവരെ വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യണം.

13. സന്നദ്ധ സേവനം നടത്തുന്നവരെ സംയോജിപ്പിക്കണം. കേരളത്തിലെ മൊത്തം ജനങ്ങള്‍ സന്നദ്ധ സേവനത്തിന് തയ്യാറായി ഇരിക്കുകയാണ്. അവര്‍ വ്യക്തിപരമായി പലതും ചെയ്യുന്നുമുണ്ട്. അവരെ ഒരുമിച്ചു കൊണ്ടുവരുന്ന ഒരു സംവിധാനമാണ് വേണ്ടത്. ആരോഗ്യം, ഭക്ഷണം, റെസ്‌ക്യൂ, ക്യാമ്പ്, ടെലികോം എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഓരോരോ ഗ്രൂപ്പ് ആക്കി അവരോട് ഓരോ സര്‍ക്കാര്‍ വകുപ്പുകള്‍ സംവദിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേഷന്‍ സിസ്റ്റമാണ് ഐക്യരാഷ്ട്ര സഭ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളില്‍ സാനിറ്റേഷന്‍, ജലവിതരണം, ആരോഗ്യം, വിദ്യാഭ്യാസം ഇവയില്‍ ഒക്കെയാകും കൂടുതല്‍ പ്രധാനമായി വേണ്ട സന്നദ്ധ സേവനം. ഇക്കാര്യങ്ങള്‍ അതാത് സര്‍ക്കാര്‍ വകുപ്പുകള്‍ സംയോജിപ്പിക്കാനുള്ള മുന്‍കൈ എടുക്കണം.

14. പുരകത്തുപ്പോള്‍ വാഴ വെട്ടുന്നവരെ പിടിച്ചുകെട്ടണം: ദുരന്തസമയത്ത് സാധനങ്ങള്‍ പൂഴ്ത്തിവെച്ചോ വാഹനങ്ങള്‍ക്കും കെട്ടിടത്തിനും അമിതവാടക വാങ്ങിയോ സ്വകാര്യ ലാഭമുണ്ടാക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കണം. ഇക്കാര്യത്തില്‍ വ്യാപാരി വ്യവസായികളോടും വാഹനങ്ങളോടും സഹായം അഭ്യര്‍ഥിക്കുക. അവസരം മുതലാക്കി പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ജയിലിലടക്കണം.

15. അപമാനകരമായ പ്രവൃത്തികള്‍ അനുവദിക്കരുത്: രാജ്യത്തിനും ലോകത്തിനും മാതൃകയായിട്ടാണ് കഴിഞ്ഞ വര്‍ഷം നാം ദുരന്തത്തെ നേരിട്ടത്. ഏതെങ്കിലും തരത്തില്‍ ദുരിതബാധിതരെ ദ്രോഹിക്കുക, ക്യാമ്പുകളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുക, മതപരമായോ ജാതീയമായോ വിവേചനങ്ങള്‍ കാണിക്കുക, വിദ്വേഷപോസ്റ്റുകള്‍ ഇടുക എന്നിങ്ങനെ നമ്മുടെ സംസ്‌കാരത്തിനും സമൂഹത്തിനും അപമാനകരമായി പെരുമാറുന്ന ഇക്കൂട്ടരെ കര്‍ശനമായി കൈകാര്യം ചെയ്യാന്‍ ഇനിയും വൈകികൂടാ.
ധൈര്യമായിരിക്കുക, സുരക്ഷിതരായിക്കുക.

Related News