March 23, 2023 Thursday

കോവിഡ് കാലത്തെ ചില ആത്മഹത്യാ ചിന്തകള്‍

ദേവിക
May 4, 2020 3:30 am

മാനവരാശിയെയാകെ ആക്രമിച്ച് മരണനൃത്തം നടത്തുന്ന കൊറോണാ വൈറസുകളുടെ ആകെ ഭാരം വെറും ഒരു ഗ്രാം മാത്രമെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുമ്പോള്‍ മനുഷ്യന്‍ എത്ര നിസാരജീവിയാണെന്നു തോന്നിപ്പോകുന്നു. ചെമ്പഴുക്കാപോലെ ചുവന്ന ചൊവ്വാഗ്രഹത്തെ തിരിച്ചും മറിച്ചുമിട്ടു ഗവേഷണം ചെയ്യുന്ന ആ മനുഷ്യകുലമാണ് ഒരു ഗ്രാം വൈറസിനു മുന്നില്‍ ജീവനുവേണ്ടി കേഴുന്നത്. ബാഹ്യലോകവുമായി പുലബന്ധം പോലുമില്ലാത്ത ആമസോണ്‍ കാടുകളിലെ പ്രാക്തനഗോത്രങ്ങളെപ്പോലും തേടിപ്പിടിച്ച് കൊന്നൊടുക്കുന്ന സൂക്ഷ്മാണു. ഇതെല്ലാം കണ്ട് മോഡിയും ട്രംപും കുഞ്ഞാലിക്കുട്ടിയും എന്തിന് കോലാഹലമേട്ടിലെ അപ്പുക്കുട്ടന്‍ പിള്ളപോലും വലിയവായിലേ വേദാന്തികളാവുന്നു. കൊറോണയ്ക്ക് ജാതിയും മതവും കുചേലനും കുബേരനും എന്ന ഭേദമില്ലെന്ന് അവര്‍ പറയുന്നു. കൊറോണയ്ക്ക് അതിര്‍ത്തികള്‍ പോലുമില്ലാതായി എന്നും. ചുരുക്കത്തില്‍ കൊറോണ ഒരു ജാതി മതാതീത സോഷ്യലിസ്റ്റായി ചിത്രീകരിക്കപ്പെടുന്നു!

കൊറോണ മരണങ്ങള്‍ പോലെ ഈ മഹാമാരികാലത്തെ ആത്മഹത്യകള്‍ക്കുപോലും അന്യാദൃശസാമ്യം. പക്ഷേ ഇക്കാലത്തെ വിയോഗങ്ങള്‍ക്ക് കുബേര‑കുചേല അതിര്‍വരമ്പുകള്‍ തീര്‍ക്കാന്‍ നാം മറക്കുന്നില്ലെന്ന ദുര്യോഗം. പണ്ടത്തെ ‘ഹരിശ്ചന്ദ്രന്‍’ സിനിമയില്‍ കമുകറ പുരുഷോത്തമന്‍ ആലപിച്ച ‘ആത്മവിദ്യാലയമേ’ എന്ന ഒരു ചിന്തോദ്ദീപകമായ ഒരു ഗാനമുണ്ട്. ‘മാനസസഞ്ചരരേ’ എന്ന കര്‍ണ്ണാടക ശാസ്ത്രീയഗാനത്തിന്റെ സിംഹേരുമധ്യമരാഗത്തില്‍ ചിട്ടപ്പെടുത്തിയ ആ ഗാനത്തില്‍ ‘മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ വന്‍ചിതനടുവില്‍’ എന്ന വരികളുണ്ട്. ‘അഴിനിലയില്ലാ ജീവിതമെല്ലാം അറടി മണ്ണില്‍ നീറിയൊടുങ്ങും’ എന്ന വരികളും കമുകറ പാടുമ്പോള്‍ ചിന്തയുടെ ഒരുതേജോമയ ചക്രവാളമാണ് നമ്മുടെ മുന്നില്‍ തുറക്കപ്പെടുന്നത്. മരണത്തിലെ ആ ഏകാത്മകത ഈ പറയുമ്പോലെയൊക്കെയുണ്ടോ.

ധനവാന്റെ മരണം, അത് ആത്മഹത്യയായാലും ഇന്നും മഹത്ചരമം തന്നെയാണ്. പട്ടിണിക്കോലം മരിച്ചാല്‍ ചത്തു എന്നേ നാം പറയൂ. കൊറോണക്കാലത്ത് ഗള്‍ഫ് മേഖലകളില്‍ മലയാളികളായ നാല്പതില്‍പരം മലയാളികള്‍ ഇതിനകം അന്ത്യയാത്രയായി. ഇന്ത്യാക്കാര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ മോഡി സര്‍ക്കാര്‍ വിലക്കു കല്പിച്ചിരിക്കുന്നതിനാല്‍ അവരുടെ മൃതദേഹങ്ങള്‍ ഈ മരുഭൂമികളില്‍തന്നെ സംസ്കരിക്കുകയായിരുന്നു. അവരിലൊരാള്‍ ഒമാനിലെ എല്ലാ ജനങ്ങളുടെയും പ്രിയങ്കരനായ ഡോ.രാജേന്ദ്രന്‍ നായര്‍ എന്ന ചങ്ങനാശ്ശേരിക്കാരന്‍. ജന്മഭൂമിയില്‍ അന്ത്യവിശ്രമം നിഷേധിക്കപ്പെട്ട അത്തരം മുന്നൂറോളം ഇന്ത്യന്‍ പ്രവാസികളാണ് ഗള്‍ഫില്‍ ഈ കൊറോണക്കാലത്ത് കര്‍മ്മഭൂമിയില്‍ നിത്യനിദ്രയിലാണ്. ഈ മരണങ്ങളില്‍ ആത്മഹത്യ ചെയ്തവരാണ് ഏറെയും. കോവിഡ് ബാധിതരല്ലാത്തവരുടെ മൃതദേഹങ്ങള്‍ക്കുപോലും മാതൃഭൂമിയില്‍ വിലക്ക്. ഈ സാഹചര്യത്തിലാണ് മരണത്തില്‍ മന്നവനും യാചകനുമില്ല എന്ന ഗാനത്തിലെ വേദാന്ത ചിന്ത തിരുത്തിയെഴുതപ്പെടുന്നത്.

കഴിഞ്ഞയാഴ്ച യുഎഇയില്‍ രണ്ട് ഇന്ത്യാക്കാരുടെ ആത്മഹത്യകള്‍ ഉണ്ടായി. മലയാളി വ്യവസായി അറയ്ക്കല്‍ ജോയിയും ചെന്നൈ സ്വദേശിയായ പ്രവാസി തൊഴിലാളി മണികണ്ഠനും. ഇരുവരുടെയും ആത്മഹത്യകള്‍ ‘ജനയുഗം’ റിപ്പോര്‍ട്ടും ചെയ്തിരുന്നു. വിമാനവിലക്കുള്ളതിനാല്‍ തൊഴിലാളിയായ മണികണ്ഠന്റെ മൃതദേഹം ദുബായില്‍ തന്നെ സംസ്കരിച്ചു. മണികണ്ഠനെക്കുറിച്ച് ഗള്‍ഫിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി പറഞ്ഞ വാക്കുകള്‍ ഹൃദയസ്പൃക്കായിരുന്നു. നാട്ടില്‍ പോകാന്‍ വിമാനം ഉടനെങ്ങാനുമുണ്ടാകുമോ എന്ന് ദിവസം മൂന്നു തവണയെങ്കിലും താമരശ്ശേരിയെ വിളിച്ച് തിരക്കുമായിരുന്നു. എല്ലാം ശരിയാകും. നമുക്കുകാത്തിരിക്കാം എന്ന് അദ്ദേഹം മണികണ്ഠനെ സാന്ത്വനിപ്പിക്കും. അടുത്തെങ്ങും നാട്ടിലെത്താനാവില്ലെന്ന നിരാശയില്‍ മണികണ്ഠന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്ത്യന്‍ പ്രവാസികളുടെ ആയിരക്കണക്കിനു മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ച അഷ്റഫ് താമരശ്ശേരിക്ക് മണികണ്ഠന്റെ മൃതദേഹം പോലും നാട്ടിലെത്തിക്കാനായില്ല.

മോഡി സര്‍ക്കാരിന്റെ പ്രവാസി ദ്രോഹനടപടികളുടെ രക്തസാക്ഷിയായി മണികണ്ഠന്‍ ദുബായിലെ മണലാരണ്യത്തില്‍ നിതാന്തനിദ്രയിലാണ്. ഇനി കൊറോണക്കാലത്തെ മറ്റൊരു ആത്മഹത്യയുടെ മറുവശം. മാനന്തവാടിയില്‍ ഓട്ടോ ഡ്രൈവറായിരുന്ന ഒരു ജോയ് അന്നം തേടി ദുബായിലെത്തുന്നു. സ്ഥിരോത്സാഹത്തില്‍ ഗള്‍ഫിലെ മഹാകോടീശ്വരന്മാരിലൊരാളായി മാറിയ ജോയി പിന്നീട് കുടുംബപ്പേരുചേര്‍ത്ത് അറയ്ക്കല്‍‍ ജോയിയായി. എണ്ണക്കമ്പനികളുടെയും എണ്ണക്കപ്പലിന്റെയും ഉടമയായപ്പോള്‍ കപ്പല്‍ ജോയി എന്നും പേരുവീണു. കേരളത്തിലെ ഏറ്റവും വലിയ കൊട്ടാരങ്ങളിലൊന്നിന്റെ ഉടമയുമായ അദ്ദേഹം ‘സ്വര്‍ഗ്ഗം താണിറങ്ങിവന്നതോ’ എന്നു തോന്നിപ്പിക്കുന്ന ആ കൊട്ടാരത്തില്‍ താമസിച്ചത് ഒരു മാസക്കാലം. ബിസിനസിനിടയിലെ ചില കള്ളത്തരങ്ങള്‍ക്ക് പിടിവീഴുമെന്നായപ്പോള്‍ അറയ്ക്കല്‍ ജോയി ദുബായിലെ ഒരു അംബരചുംബിയില്‍ നിന്നും താഴേയ്ക്കു ചാടി.

മണികണ്ഠന്റെ ജഡം സംസ്കരിച്ചതു പോലെ വിമാനവിലക്കുള്ളതിനാല്‍ അറയ്ക്കല്‍ ജോയിയുടെയും അന്ത്യനിദ്ര ദുബായിലായിരിക്കുമെന്നു കരുതിയവര്‍ക്കു തെറ്റി. രായ്ക്കുരാമാനം ചാര്‍ട്ടേഡ് വിമാനത്തില്‍ അറയ്ക്കല്‍ ജോയിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അകമ്പടിയോടെ മാനന്തവാടിയിലേക്ക്. കൊറോണ എന്ന ക്രൂരാണു പോലും പകച്ചുപോയ ഉച്ചനീചത്വം… അസം നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗൗരിശങ്കര്‍ ഭട്ടാചാര്യ തന്റെ മകളും എഴുത്തുകാരിയുമായ സുപ്രഭയെ മനോരഞ്ജന്‍ ഗോസ്വാമി എന്ന ഒരു പട്ടാളക്കാരനു കല്യാണം കഴിച്ചുകൊടുത്തു. മരുമോനാണെങ്കില്‍ കടുകട്ടിക്കാരന്‍. താന്‍ പറയുന്നത് അനുസരിച്ചാല്‍ മതി. ആരും ഇങ്ങോട്ടൊന്നും പറയേണ്ട, നാവനക്കരുത് എന്ന പ്രകൃതക്കാരന്‍. അദ്ദേഹത്തിന് ഒരു മോന്‍ പിറന്നു. അവനെ അര്‍ണബ് ഗോസ്വാമി എന്ന് പേരിട്ട് വിളിച്ചു. മുള്ളിന്‍ ചുവട്ടില്‍ മുള്ളല്ലാതെ മുന്തിരി വളരില്ലല്ലോ! സഹപാഠികളോടുപോലും ‘മിണ്ടിപ്പോകരുത്’, ‘ഷട്ടപ്പ്’ എന്നെല്ലാം ആക്രോശിച്ചു വായടപ്പിക്കുന്ന കുട്ടി.

അവൻ വളര്‍ന്നു വളര്‍ന്ന് മാധ്യമ പ്രവര്‍ത്തകനായപ്പോഴും പഴയശീലങ്ങള്‍ വര്‍ധിതവീര്യത്തോടെ തുടര്‍ന്നു. തന്റെ ഏകാധിപത്യത്തിനു പീലിവിടര്‍ത്തിയാടാന്‍ ‘റിപ്പബ്ലിക്’ എന്ന സ്വന്തം ചാനലുമുണ്ടാക്കി. ബിജെപിക്കു വേണ്ടി പടച്ച ലക്ഷണമൊത്ത ചാനല്‍. സ്വന്തം ചാനലിലെ സംവാദത്തിന് സ്വന്തം സ്തുതിപാഠകരെ കൂടാതെ ആരെങ്കിലും മറുവാക്കു പറയാനുണ്ടായാല്‍ അര്‍ണബ് തമ്പുരാന്‍ വായടയ്ക്കെടാ എന്ന് ആക്രോശിക്കും. ഏറെക്കാലമായി ഇതെല്ലാം കണ്ടും കേട്ടും ശ്രോതാക്കള്‍ക്ക് സഹികെട്ടു. അവരില്‍ ചില പയ്യന്മാര്‍ മുംബൈയില്‍ തന്റെ ചാനല്‍ പരിസരത്തുവച്ച് അര്‍ണബിനെ ശരിയായൊന്നു പൂശി. കൊടുത്താല്‍ കൊല്ലത്തല്ല മുംബൈയിലും കിട്ടുമെന്ന് ടിയാനു നന്നേ ബോധ്യമായി. തല്ലും നിലവിളിയും കേട്ടിട്ട് മോഡിക്കുവേണ്ടി കുഴലൂത്തു നടത്താന്‍ അര്‍ണബിനോടു മത്സരിക്കുന്ന ചാനല്‍ കുത്തകകള്‍ പോലും തിരിഞ്ഞു നോക്കിയില്ല.

മഹാരാഷ്ട്രയിലെ പാൽഗാറില്‍ രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും പിള്ളേരു പിടിത്തക്കാരാണെന്നു തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നുവെന്ന വാര്‍ത്ത എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘപരിവാറിന്റെ കണ്ടുപിടിത്തമായ ആള്‍ക്കൂട്ട ആക്രമണമെന്നല്ലാതെ ആ സംഭവത്തിന് ആരും ഒരു രാഷ്ട്രീയ നിറവും കൊടുത്തിരുന്നില്ല. ഈ അരുംകൊലകള്‍ക്കു പിന്നില്‍ സോണിയാ ഗാന്ധിയാണെന്നു തട്ടിവിട്ടാണ് അര്‍ണബ് ഇപ്പോള്‍ അടിയേറ്റ് കരണം ചുവപ്പിച്ചിരിക്കുന്നത്. അടിപോരാഞ്ഞ് സംസ്ഥാനങ്ങളായ സംസ്ഥാനങ്ങളിലൊക്കെ കലാപമുണ്ടാക്കാനുള്ള വിദ്വേഷ പ്രചാരണത്തിന് ചാനല്‍ മന്നനെതിരെ കാക്കത്തൊള്ളായിരം കേസുകളും. കേസുകളുടെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ പന്ത്രണ്ടര മണിക്കൂര്‍ അഖണ്ഡ ചോദ്യം ചെയ്യല്‍! വേലിയിലിരുന്ന പാമ്പിനെയെടുത്തു വേണ്ടാത്തിടത്തുവച്ച ജാള്യതയോടെ അര്‍ണബ് സ്വന്തം ചാനലില്‍ രക്തസാക്ഷി പരിവേഷം എടുത്തണിഞ്ഞിട്ടും ക്ലച്ചുപിടിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.