യോഗയെ ചിലര്‍ തെറ്റിധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Web Desk
Posted on June 21, 2019, 10:36 am

തിരുവനന്തപുരം: മതപരമായ ചടങ്ങായി യോഗയെ ചിലര്‍ തെറ്റിധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ മതപരമായ ഒരു ചടങ്ങല്ല. ജാതിമത ഭേദമില്ലാതെ ആര്‍ക്കും യോഗ പരിശീലിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുടനീളം യോഗ വ്യാപിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതശൈലി രോഗങ്ങളുടെ ദോഷങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ശരീരത്തിനാവശ്യമായ എല്ലാ വ്യായാമങ്ങളും യോഗ പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സമാധാനവും ആരോഗ്യവു നിറഞ്ഞ നാട് കെട്ടിപ്പടുക്കാന്‍ യോഗ വഴിയൊരുക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. ഗവര്‍ണറുടെ നേതൃത്വത്തില്‍ യോഗാദിനാചരണം നടന്നു.  ഇതിനുപുറമെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍  യോഗാദിനാചരണം നടന്നു.