കാര്‍ട്ടൂണ്‍ വിവാദം: ചിലര്‍ നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് മന്ത്രി എ കെ ബാലന്‍

Web Desk
Posted on June 30, 2019, 7:19 pm

ആലപ്പുഴ: കാര്‍ട്ടൂണ്‍ വിവാദവുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശം നല്‍കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മന്ത്രി എ കെ ബാലന്‍. പിറന്നാള്‍ ആശംസകള്‍ നേരാനായി ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാതൃഭൂമിയിലെ ഗോപീകൃഷ്ണന്‍ വരച്ച കടക്ക് പുറത്ത് എന്ന കാര്‍ട്ടൂണിന് ഞങ്ങള്‍ അവാര്‍ഡ് കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യേക രീതിയില്‍ ചിത്രീകരിക്കുന്നതായിരുന്നു ആ കാര്‍ട്ടൂണ്‍. അന്ന് മുഖ്യമന്ത്രി തന്നെ അതിന് അവാര്‍ഡ് കൊടുത്തു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നത്തില്‍ ഏതെങ്കിലും രൂപത്തിലുള്ള നിയന്ത്രണം സര്‍ക്കാരോ എല്‍ഡിഎഫോ ആഗ്രഹിക്കുന്നില്ല എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവും പ്രതിപക്ഷം മൊത്തമായും ചില സാമുദായിക സംഘടനകളും ആര്‍ച്ച് ബിഷപ്പിന്റെ കത്തും ലഭിച്ച സാഹചര്യത്തില്‍ ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടായപ്പോള്‍ അത് പരിശോധിക്കേണ്ടതാണ് എന്ന് പറയുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ അത് നിര്‍വഹിച്ചു. ഇക്കാര്യം പുനഃപരിശോധിക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ പ്രശ്‌നം നിലനില്‍ക്കുന്നില്ല.

ഏത് അക്കാദമിയിലും നയപരമായ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പക്ഷേ അത്തരം അധികാരം ഒന്നും ഇവിടെ ഞങ്ങള്‍ ഉപയോഗിക്കുന്നില്ല. എല്ലാ അക്കാദമികളും അതിന്റെ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കണം എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

You May Also Like This: