കുടുംബത്തിലെ മൂന്ന് പേരെ കുത്തികൊന്ന കേസില്‍ മകൻ അറസ്റ്റിൽ

Web Desk
Posted on October 11, 2018, 2:49 pm

ന്യൂഡല്‍ഹി : വസന്ത് കുഞ്ചില്‍ ഒരു കുടുംബത്തിനെ മൂന്ന് പേരെ കുത്തികൊന്ന കേസില്‍ മൂത്ത മകനായ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളായ മിതിലേഷ് (40), ഭാര്യ സിയ (40) ഇളയ മകള്‍ നേഹ (16) എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സൂരജ് വര്‍മയെയാണ് അറസ്റ്റ് ചെയ്തത്. മിതിലേഷ്-സിയ ദമ്പതികളുടെ മൂത്ത മകനാണ് സുരാജ് വര്‍മ.

ബുധനാഴ്ച്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇവര്‍ അയല്‍ക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ സൂരജിനെ ചെറിയ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കുടുംബത്തെ മോഷ്ടാക്കള്‍ കൊലപ്പെടുത്തി എന്നായിരുന്നു സൂരജ് പൊലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പോലീസിനായില്ല. തുടര്‍ന്ന് സൂരജിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മാതാപിതാക്കള്‍ നിരന്തരമായി പഠിക്കാന്‍ നിര്‍ബന്ധിക്കും, ക്ലാസ്സ് കട്ട് ചെയ്താല്‍ ശകാരിക്കും, പട്ടം പറത്താന്‍ സമ്മതിക്കില്ല. ഇവരുടെ ശല്യത്തില്‍നിന്നും രക്ഷപ്പെടുന്നതിനാണ് കൊലപ്പെടുത്തിയതെന്ന് സൂരജ് പറഞ്ഞു.

സംഭവം നടന്ന് ദിവസം മിതിലേഷ് സൂരജിനെ മര്‍‌ദിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനം നൊന്ത സൂരജ് കുടുംബത്തെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വീടിനടുത്തുള്ള കടയില്‍ പോയി കത്തിയും കത്രികയും വാങ്ങിച്ചു. വീട്ടിലെത്തിയ സൂരജ് കുടുംബത്തോടൊപ്പം ചെലവഴിച്ചു. രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം പുലര്‍ച്ചെ മൂന്ന് മണിക്ക് കൈയില്‍ കരുതിയ കത്തിയും കത്രികയും എടുത്ത് സൂരജ് മാതാപിതാക്കളുടെ മുറിയിൽ പോയി അവരെ കൊലപ്പെടുത്തുകയായിരുന്നു.