സ്വത്തുതർക്കം; പിതാവിനെ കൊന്ന് ആറ്റിൽ തള്ളി, സഹായിച്ച സുഹൃത്തിനെയും വധിച്ചു

Web Desk
Posted on December 29, 2019, 8:37 am

പാറശാല: പത്ത് വർ‌ഷത്തിന് ശേഷം മകൻ കൊലപ്പെടുത്തിയ പിതാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തമിഴ്നാട്ടിലെ പെ‍ാതുശ്മശാനത്തിൽ നിന്ന് പെ‍ാലീസ് പരിശോധനയ്ക്കായി പുറത്തെടുത്തു. ആറയൂർ കടമ്പാട്ടുവിള ഷാജിഭവനിൽ വിമുക്തഭടനായിരുന്ന കൃഷ്ണന്റെ മൃതദേഹമാണ് അരുമനയ്ക്ക് സമീപം പുണ്യത്ത് നിന്ന് കണ്ടെത്തിയത്.എട്ട് മാസം മുൻപ് ഏക മകനായ ഷാജി പിടിയിലായതോടെയാണ് ഒരു പതിറ്റാണ്ട് പിന്നിട്ട കൃഷ്ണൻ കെ‍ാലക്കേസിന്റെ ചുരുളഴിഞ്ഞത്. പിതാവിനെ വധിച്ച സംഘത്തിൽപെട്ട സുഹൃത്തായ ആറയൂർ സ്വദേശി വിനുവിനെയും സംഭവത്തിന് ശേഷം മൃഗീയമായി കെ‍ാലപ്പെടുത്തി ചാക്കിൽകെട്ടി പറമ്പിൽ തള്ളി. ഈ കേസിൽ പിടിയിലായപ്പോഴായാണ് പിതാവിനെ കൊന്ന കേസും പുറത്തു വന്നത്.

പിതാവുമായുള്ള സ്വത്തുതർക്കമാണ് കെ‍ാലപാതകത്തിന് കാരണം. പിതാവിന്റെ കെ‍ാലപാതകവിവരം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതും, തട്ടിക്കൊണ്ടുപോയി മർദിച്ചതിലും ഉള്ള വൈരാഗ്യമാണ് വിനുവിന്റെ കെ‍ാലയ്ക്ക് ഇടയാക്കിയത്. 2009 ജനുവരി 13ന് ഷാജിയടങ്ങുന്ന മൂന്നംഗ സംഘം കൃഷ്ണനെ വാഹനത്തിൽ കയറ്റി ശ്വാസം മുട്ടിച്ച് കെ‍ാലപ്പെടുത്തി അരുമന തേയ്മാനുർ പാലത്തിൽ നിന്ന് താമ്രപർണി ആറ്റിലേക്ക് തള്ളുകയായിരുന്നു. വെള്ളത്തിൽ വീഴാതെ കരയിൽ കിടന്ന മൃതദേഹം തിരിച്ചറിയാത്തതിനാൽ അരുമന പെ‍ാലീസ് പെ‍ാതുശ്മശാനത്തിൽ സംസ്കരിച്ചു. മൃതദേഹം സംസ്കരിച്ചവർ നൽകിയ സൂചന അനുസരിച്ചുള്ള സ്ഥലത്ത് ഖനനം നടത്തിയപ്പോൾ രണ്ട് മൃതദേഹങ്ങളുടേതെന്ന് കരുതുന്ന എല്ലുകൾ ലഭിച്ചിട്ടുണ്ട്.

ഒന്നരമാസത്തോളം ഒളിവിലായിരുന്ന ഷാജിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കൃഷ്ണന്റെ മരണത്തിലുമുള്ള പങ്ക് തെളിയുകയായിരുന്നു. രണ്ട് കെ‍ാലക്കേസുകളിൽ പ്രതിയായ ഷാജി റിമാൻഡിലാണ്. കേസ് അന്വേഷിക്കുന്ന പാറശാല സിഐ എസ്.എം റിയാസ്, എസ്ഐ ശ്രീലാൽ ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്.

‘you may also like this video’