പുനലൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവിനെ കയറ്റാൻ മകൻ എത്തിയ ഓട്ടോറിക്ഷ പൊലീസ് തടഞ്ഞു. ഓട്ടോ നിര്‍ത്തി ആശുപത്രിയിൽ നടന്നു ചെന്ന മകൻ പിതാവിനെ എടുത്തു ചുമന്നു കൊണ്ടു ചുട്ടുപൊള്ളുന്ന വെയിലത്ത് അര കിലോമീറ്റർ നടന്നു ഓട്ടോയിൽ എത്തിച്ചു വീട്ടിലേക്ക് മടങ്ങി. ഇന്നലെ ഉച്ചക്ക് 12 മണിയോടെ പുനലൂർ ടി ബി ജംഗ്ഷനിലായിരുന്നു സംഭവം. കുളത്തൂപ്പുഴ ഇ എസ് എം കോളനി പെരുമ്പള്ളിൽ കുന്നേൽ വീട്ടിൽ പി ജി ജോർജ്ജ് (89) പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കുവേണ്ടി നാല് ദിവസമായി സഹായിയായ ഭാര്യ ലീലാമ്മയ്ക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. ഇന്നലെയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ഈ വിവരം അറിഞ്ഞു പിതാവിനെ വീട്ടിൽ കൊണ്ടുപോകാൻ ഓട്ടോയുമായി എത്തിയ മകൻ റോയി മോനെയാണ് പുനലൂർ ടി ബി ജംഗ്ഷനിൽ വാഹന പരിശോധനയിൽ ഏർപ്പെട്ടിരുന്ന പൊലീസുകാർ തടഞ്ഞുനിർത്തിയത്. ഇന്നലെ രാവിലെ മുതൽ പുനലൂർ കെഎസ്ആർടിസി, ടിബി തുടങ്ങിയ ജംഗ്ഷനുകളിൽ രണ്ട് പൊലീസുകാർ വീതമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. തുടക്കത്തിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ള വാഹനങ്ങളിലുള്ള യാത്രക്കാരാണ് ടൗണിൽ എത്തിയത്. 11 മണിയോടെ ടൗണിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിയന്ത്രണം ലംഘിച്ച വാഹനങ്ങൾ എത്തിയതോടെ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
ഇത് ഒരു മണിക്കൂറോളം നീണ്ട് നിന്നു. ഇതിനിടെയാണ് പിതാവിനെ വീട്ടിൽ കൊണ്ടു പോകാൻ മകൻ ഓട്ടോയുമായി പുനലൂർ ടി ബി ജംഗ്ഷനിൽ എത്തിയത്. രൂക്ഷമായ ഗതാഗത കുരുക്ക് തുടരുന്ന വിവരം അറിഞ്ഞാണ് പുനലൂർ സിഐയും എസ്ഐയുമടക്കമുള്ള കൂടുതൽ പൊലീസ് ടൗണിൽ എത്തിയത്. പിന്നിടാണ് ഗതാഗത കുരുക്ക് ഒഴിവാക്കിയത്. ഇതിനിടെ കൈ കുഞ്ഞുമായി ആശുപത്രിയിൽ പോകാൻ എത്തിയ പുന്നല സ്വദേശിനി സഞ്ചരിച്ചിരുന്ന ഓട്ടോയും പൊലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് സ്റ്റേഷനു മുന്നിൽ കൈ കുഞ്ഞുമായി അമ്മ നാലുമണിക്കൂർ കുത്തിയിരുന്നു. പിന്നീട് വൈകിട്ടു നാല് മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വിട്ടയച്ചു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.