തുഷാറുമായുള്ള ഇടപാട് മൂലം മകന്‍ ജയിലിലായി; നാട്ടില്‍ വരാന്‍ പോലും കഴിയാത്ത അവസ്ഥ: നാസില്‍ അബ്ദുള്ളയുടെ ഉമ്മ റാബിയ

Web Desk
Posted on August 23, 2019, 7:51 pm

കയ്പമംഗലം:  തുഷാര്‍ വെള്ളാപ്പള്ളിയുമായുണ്ടായ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് കടക്കെണിയിലായ മകന് നാട്ടില്‍ വരാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാസില്‍ അബ്ദുള്ളയുടെ ഉമ്മ റാബിയ. നാസിലിന്റെ പരാതിയെ തുടര്‍ന്ന് ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായ സാഹചര്യത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട് നടത്തിയ കണ്‍സ്ട്രക്ഷന്‍ പണികള്‍ക്കിടയിലാണ് മകന് സാമ്പത്തിക ബാധ്യതയുണ്ടായത്. സാധന സാമഗ്രികള്‍ വാങ്ങുന്നതിനും ജോലിക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും സ്വന്തം ചെക്കുകളാണ് മകന്‍ നല്‍കിയിരുന്നത്. തുഷാറിന്റെ പണം കിട്ടാതായതോടെ ചെക്കുകള്‍ മടങ്ങി കേസാവുകയും ജയിലാവുകയും ചെയ്തു. എട്ട് മാസത്തോളം നാസിലിന് വിദേശത്ത് ജയിലില്‍ കഴിയേണ്ടി വന്നു. പണം കിട്ടാനുള്ളവര്‍ വീട്ടിലെത്തി ബുദ്ധിമുട്ടിച്ചതോടെ പിതാവിന്റെ പേരില്‍ നാട്ടിലുള്ള വസ്തുക്കള്‍ വിറ്റാണ് ഒരു പരിധി വരെ കടങ്ങള്‍ വീട്ടിയത്. പലവട്ടം തുഷാറിനോട് ആവശ്യപ്പെട്ടെങ്കിലുംപണം നല്‍കിയില്ലെന്നും റാബിയ പറഞ്ഞു. ഇതേ തുടര്‍ന്ന് നാസിലിന്റെ പിതാവ് അബ്ദുള്ള തളര്‍ന്ന് കിടപ്പായി. പിതാവിനെ കാണാന്‍ വരാന്‍ പോലും മകന് സാധിച്ചിട്ടില്ലെന്നും റാബിയ കൂട്ടിച്ചേര്‍ത്തു.   നാസില്‍ വിളിച്ചു വരുത്തി തുഷാറിനെ കുടുക്കിയെന്ന പ്രചരണം ശരിയല്ലെന്ന് ബന്ധു ഷംസുദ്ദീനും പറഞ്ഞു. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പണം കടം വാങ്ങിയാണ് ബാധ്യത തീര്‍ത്തതെന്നും കടം വാങ്ങിയവര്‍ക്ക് തിരിച്ച് നല്‍കാന്‍ കഴിയാത്തതോടെ നാസിലിന് നാട്ടില്‍ വരാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു.