ഇരുവൃക്കകളും തകരാറിലായ അച്ഛനെ കട്ടിലില്‍ നിന്ന് വലിച്ച്‌ നിലത്തിട്ട് വയറില്‍ ചവിട്ടി, മകന്റെ ക്രൂരമര്‍ദനത്തില്‍ വാരിയെല്ലൊടിഞ്ഞ് അച്ഛന്‍ മരിച്ചു

Web Desk

കോട്ടയം

Posted on September 04, 2020, 8:42 am

മകന്റെ ക്രൂരമർദനത്തിൽ വാരിയെല്ലൊടിഞ്ഞ് അച്ഛൻ മരിച്ചു. കോട്ടയത്ത് കറുകച്ചാലിലാണ് സംഭവമുണ്ടായത്.
മദ്യലഹരിയിലായിരുന്ന ജോസി ജോണിന്റെ (37) ക്രൂരമർദനത്തിന് ഇരയായി ശാന്തിപുരം റൈട്ടൻകുന്ന് ചക്കുങ്കൽ ജോൺ ജോസഫ് (65) ആണ് മരിച്ചത്.
സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റിമാന്റ് ചെയ്തു. ഞായറാഴ്ച രാവിലെ 11നായിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്. റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു ജോൺ. ഇരുവൃക്കകളും തകരാറിലായതോടെ 3 വർഷമായി ഡയാലിസിസ് ചെയ്താണ് കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തിയ ജോസി അച്ഛനെയും തടയാനെത്തിയ അമ്മ അന്നമ്മ(62)യെയും മർദിച്ചെന്നാണ് പൊലീസ് കേസ്.
ജോണിനെ കട്ടിലിൽ നിന്നു വലിച്ച് നിലത്തിട്ട് വയറിൽ ചവിട്ടുകയായിരുന്നു. ജോണിന്റെ 6 വാരിയെല്ലുകൾ ചവിട്ടേറ്റ് ഒടിഞ്ഞു. ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റു. രക്തസ്രാവവുമുണ്ടായി. ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്.
ഗുജറാത്തിൽ വാഹനങ്ങളുടെ ടയർ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തിരുന്ന ജോസി നാലു മാസം മുൻപാണ് നാട്ടിലെത്തിയത്. ഇയാൾ സ്ഥിരമായി മാതാപിതാക്കളെ മർദിക്കുമായിരുന്നു എന്നാണ്ന അയൽക്കാർ പറയുന്നു. സ്ഥിരമായി മദ്യപിച്ചിരുന്നതായും നാട്ടുകാരുമായി അടിപിടി ഉണ്ടാക്കിയിരുന്നതായും പറയുന്നു.
സന്ധ്യാസമയങ്ങളിൽ വീട്ടിൽ നിന്ന് പിതാവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടിരുന്നതായി അയൽവാസികൾ പറയുന്നു. അരയിൽ കത്തിയുമായിട്ടാണ് പലപ്പോഴും കാണപ്പെട്ടിരുന്നത്. പിതാവിന് മർദനമേറ്റ ദിവസം രാത്രിയിലും ജോസി നാട്ടുകാരുമായി വഴക്കിട്ടിരുന്നു. ജോസി രണ്ടുതവണ വിവാഹം കഴിച്ചെങ്കിലും. ഇയാളുടെ ഉപദ്രവം കാരണം രണ്ടു ബന്ധവും വേർപിരിഞ്ഞു.