സര്‍ക്കാര്‍ ജോലി വേണം; അച്ഛനെ കൊലപ്പെടുത്തി മകൻ, കൂട്ടുനിന്നത് അമ്മ

Web Desk

ഹൈദരാബാദ്

Posted on June 07, 2020, 5:54 pm

സര്‍വീസിലുള്ള അച്ഛന്റെ സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി അച്ഛനെ കൊലപ്പെടുത്തി മകൻ. തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തില്‍ മെയ് 26 നാണ് സംഭവം. രാത്രി ഉറങ്ങുന്നതിനിടെയാണ് ഇരുപത്തിയഞ്ചുകാരനായ മകൻ അൻപത്തിയഞ്ച് വയസ്സുള്ള അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അമ്മയുടെയും സഹോദരന്റെയും അറിവോടു കൂടിയായിരുന്നു മൂത്ത മകൻ ക്രൂരകൃത്യം ചെയ്തത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചുവെന്നാണ് ഇവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ചിലര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തുകയും ശ്വാസം മുട്ടിയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തുകയുമായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ പമ്പ് ഓപ്പറേറ്ററായി ജോലി ചെയ്ത് വന്നിരുന്നയാളാണ് കൊല്ലപ്പെട്ടത്.

ആശ്രിത നിയമനത്തിലൂടെ ഈ ജോലി സ്വന്തമാക്കാനാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഉറങ്ങുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നും അമ്മയ്ക്കും ഇളയ സഹോദരനും ഇക്കാര്യം അറിയാമായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ മുഖ്യപ്രതിയായ മൂത്തമകനെയും ഇളയ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അമ്മ ഒളിവിാലണ്. പോളി ഡിപ്ലോമക്കാരനാണ് കുറ്റകൃത്യം നടത്തിയ മൂത്ത മകൻ.

you may also like this video;