ബിജെപി നേതാക്കൾക്കെതിരായി അഴിമതി ആരോപണമുന്നയിച്ചതിനെ തുടർന്ന് വിവാദങ്ങൾക്കൊടുവിൽ ആത്മഹത്യ ചെയ്ത അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി കാലിക്കോ പുളിന്റെ മകൻ സുബാൻസോ പുൾ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. യുകെയിലെ സസെക്സിൽ ബ്രൈറ്റണിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയെന്ന് സിബിഐ ഉദ്യോഗസ്ഥരാണ് ബന്ധുക്കളെ അറിയിച്ചത്. ഉന്നതതലത്തിലുള്ളവരുടെ അഴിമതി പുറത്തുകൊണ്ടുവന്നതിന് ശേഷമാണ് കാലിക്കോ പുളിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
അന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തെങ്കിലും ഇത് വെളിച്ചത്തുവന്നില്ല. കാലിക്കോ പുളിന്റെ 60 പേജുള്ള ആത്മഹത്യാ കുറിപ്പിൽ ജൂഡീഷ്യൽ ഉദ്യോഗസ്ഥർ, ഇപ്പോഴത്തെ മുഖ്യമന്ത്രി പേമ ഖണ്ഡു ഉൾപ്പെടെയുള്ളവരുടെ അഴിമതി തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് പരാമർശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കാലിക്കോ പുളിന്റെ ആദ്യഭാര്യയായ ദംഗ് വിംസായിയുടെ മകനാണ് മരിച്ച നിലയിൽ കണ്ടെത്തിയ സുബാൻസോ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മകൻ സുബാൻസോയുടെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു. കാലിക്കോയുടെ ദുരൂഹമരണത്തിലും ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടുള്ള അഴിമതി സംബന്ധിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദംഗ് വിംസായി കേന്ദ്ര സർക്കാരിനും സുപ്രീം കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു.
എന്നാൽ ഇത് സംബന്ധിച്ച് തുടർ നടപടികൾ ഉണ്ടായിട്ടില്ല. പകരം കാലിക്കോയുടെ മൂന്നാം ഭാര്യയായ ദസാഗ്ലുവിന് ഹയുലിയാങ് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി ടിക്കറ്റ് നൽകുകയായിരുന്നു. അവർ വിജയിക്കുകയും ചെയ്തു. സസെക്സ് സർവകലാശാല വിദ്യാർഥിയായ സുബാൻസോയുടെ മരണം കൊലപാതകമാണെന്നും ഇക്കാര്യം അറിഞ്ഞത് ഈ മാസം ഒമ്പതിന് സിബിഐ ഓഫീസിൽ നിന്നാണെന്നും ദംഗ് വിംസായി മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ ഭർത്താവിന്റെ മരണത്തിന് നീതി കിട്ടിയില്ലെന്നും അവർ പ്രതികരിച്ചു.
English Summary: Son of ex arunachal cm who committed suicide
You may also like this video