അമ്മയുടെ വിവാഹമായിരുന്നു; പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്

Web Desk
Posted on June 12, 2019, 11:16 am

അമ്മയുടെ വിവാഹം ലോകത്തോട് വിളിച്ചുപറഞ്ഞ് മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വിവാഹമോചനത്തിന് ശേഷം ഒരു രണ്ടാം വിവാഹം അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും മടിക്കുന്ന സമൂഹത്തിന് മുന്നിലാണ് ഒരു മലയാളി യുവാവ് ഈ കുറിപ്പിട്ടത്. തനിക്ക് ജന്മം നല്‍കിയ അമ്മ അതും അച്ഛന്‍റെ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി സഹിക്കവയ്യാതെ ഒടുവില്‍ മകന്റെ കൈപിടിച്ച് വീട് വിട്ടിറങ്ങിയതും മകന്‍ കുറിക്കുന്നു. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളി പോകില്ല.. ഇങ്ങനെ തുടങ്ങിയാണ് യുവാവിന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത ആളുകള്‍ ഉള്ള കാലമാണ്.

സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളി പോകില്ല..

ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയില്‍ നിന്ന് ചോരയൊലിക്കുമ്പോള്‍ ഞാന്‍ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?, അന്ന് അമ്മ പറഞ്ഞത് ഓര്‍മ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടില്‍ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാന്‍ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…
യൗവനം മുഴുവന്‍ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാന്‍ ഉണ്ട്.… കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..