അമ്മയ്ക്കുള്ള പാട്ട്

Web Desk
Posted on May 19, 2019, 7:49 am

എം ഡി മനോജ്

ചില പാട്ടുകളുണര്‍ത്തുന്ന അര്‍ത്ഥപ്രപഞ്ചത്തിന്റെയും അനുഭൂതി വിശേഷത്തിന്റെയും കഥകള്‍ എത്ര പറഞ്ഞാലും തീരുന്നില്ല. ദാര്‍ശനികത നിറഞ്ഞുനില്‍ക്കുന്ന വയലാറിന്റെ വരികളില്‍ ദേവരാജന്‍ മാഷിന്റെ സംഗീതത്തില്‍ അയിരൂര്‍ സദാശിവന്‍ പാടിയ അമ്മേ, അമ്മേ, അവിടുത്തെ മുമ്പില്‍ ഞാനാര്? എന്ന പാട്ടിലുണ്ട് മേല്‍പ്പറഞ്ഞ ലാവണ്യാനുഭൂതികള്‍. ദൈവത്തേക്കാള്‍ മനുഷ്യനുള്ള പ്രാധാന്യവും പ്രാമാണികതയും ഈ പാട്ടിലും വയലാര്‍ പറഞ്ഞുവച്ചു. മനുഷ്യനെ പ്രപഞ്ചകേന്ദ്രത്തില്‍ നിര്‍ത്തുകയായിരുന്നു കവി. ആ മനുഷ്യന്‍ പ്രണാമത്തോടെ നില്‍ക്കുന്ന ആ മഹാശക്തി അമ്മയല്ലാതെ വേറെയാര് എന്നൊരു ചോദ്യമുന്നയിക്കുകയായിരുന്നു വയലാര്‍. അമ്മയുടെ സ്‌നേഹത്തിനായി കൊതിക്കുന്ന ഏതൊരു മനുഷ്യന്റെയും വിനയാന്വിതമായ പ്രണാമമാണ് ഈ പാട്ട്. ആദിയില്‍ ഭൂമിയും മാനവും തീര്‍ത്തത് ദൈവമായിരിക്കാമെന്നും ആറാംനാളില്‍ മനുഷ്യനെ തീര്‍ത്തതും ദൈവമായിരിക്കാമെന്നും കവി അനുപല്ലവിയില്‍ പ്രസ്താവനപോലെ എഴുതുകയായിരുന്നു. എന്നാല്‍ ആ ദൈവത്തെ പെറ്റുവളര്‍ത്തിയതും മുലപ്പാലൂട്ടിയതുമമ്മയാണെന്ന വരിയിലെത്തുമ്പോള്‍ അതുവരെയുള്ള സന്ദേഹങ്ങളെല്ലാമഴിഞ്ഞുവീഴുന്നു; ഒഴിഞ്ഞുമാറുന്നു. വീണ്ടും പാട്ട് തുടര്‍ന്നുപോകുമ്പോള്‍ അമ്മ എന്ന മഹാപ്രപഞ്ചത്തെ കൃത്യമായി നിര്‍വചിക്കുകയായിരുന്നു വയലാര്‍. അമ്മയുടെ മഹനീയത ഇതുവരെ ലോകത്തെവിടെയും ഉരിയാടിയില്ലാത്തത്ര ഗംഭീരമായി വെളിപ്പെടുന്നു. ‘ദൈവവും നമ്മളും അവരുടെ ഏകാന്തദാഹമായിരുന്നില്ലേ, രക്തക്കുഴലിലൂടെ അസ്ഥിത്തളിരിലൂടെ മക്കളുടെ ഞരമ്പിലേക്കൊഴുകിവന്നു.

https://youtu.be/oa79SAUyJwA

അമ്മയുടെ ശൈശവ സ്വര്‍ഗങ്ങളില്‍ നാം മണ്‍പാവകളായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അമ്മയുടെ മുമ്പില്‍ ഒരു കുഞ്ഞിനെപ്പോലെ നിലകൊള്ളുകയാണ് ദൈവം. ബ്രഹ്മാവിഷ്ണു മഹേശ്വരന്‍മാരെ സ്വന്തം വ്രതശുദ്ധികൊണ്ട് ശിശുക്കളാക്കിയ പതിവ്രതയുടെ ഉന്നതശ്രേണി അലങ്കരിക്കുകയാണ് അമ്മ. അമ്മയുടെ കുട്ടിക്കാലത്തെ സങ്കല്‍പസ്വര്‍ഗങ്ങളില്‍ വെറും മണ്‍പാവകളായിരുന്നു നമ്മളെന്ന അതീവ ജാഗ്രത്തായ തിരിച്ചറിവില്‍ അമ്മയുടെ മഹിമയുടെ ശൃംഗം വീണ്ടും വീണ്ടുമുയരുകയാണ്. അടുത്ത വരികളില്‍ വയലാര്‍ വീണ്ടും അമ്മയുടെ വരദാനങ്ങളായി പ്രകൃതിയെയും കാലത്തെയും സങ്കല്‍പിക്കുന്നു. ‘കാലവും നമ്മളും അവരുടെ സന്ദേശ കാവ്യങ്ങളായിരുന്നില്ലേ.

പൊക്കിള്‍ക്കൊടിയിലൂടെ, പുഷ്പച്ചെടിയിലൂടെ, മക്കളുടെ ഞരമ്പിലേക്കൊഴുകിവന്നു’ എന്നതായിരുന്നു ആ വരികള്‍. കാലം പരിണാമപ്പെടുകയും വളര്‍ന്നു വലുതാകുകയും ചെയ്യുന്ന വേളയില്‍ അമ്മയെന്ന സങ്കല്‍പം അതിനോട് ചേരുന്ന മഹാസത്യമായി മാറുന്നു. കാലത്തില്‍ ഒരു പൊക്കിള്‍ക്കൊടി ബന്ധത്തിലൂടെ അമ്മയുടെ നന്‍മ നമ്മെ പ്രകൃതിയോട് ഇണക്കിച്ചേര്‍ക്കുന്നു. വിശ്വപ്രകൃതിയായി വിലസുകയാണ് അമ്മ. സൃഷ്ടിയുടെ ആന്തരികചോദനയും നിയന്ത്രണവുമാണ് അമ്മ എന്ന തിരിച്ചറിവിലേക്കെത്തുന്നു ഓരോരുത്തരും. കാലത്തെപ്പോലും അതിനായുള്ള സന്ദേശകാവ്യമാക്കുന്ന മഹാരഹസ്യമാകുന്നു അമ്മ. കാലത്തിനപ്പുറത്തേക്ക് വളരുന്ന നന്‍മയായിട്ടാണ് വയലാര്‍ അമ്മയിലെ ചൈതന്യത്തെ ദര്‍ശിക്കുന്നത്. മനുഷ്യന് പ്രകൃതിയുമായുള്ള ബന്ധം അമ്മയ്ക്ക് തുല്യമായിത്തീരുകയാണ്. അത് ദൈവത്തിനപ്പുറത്തേക്ക് വികസിക്കുന്ന രമ്യമായ ഒരു വിചാരമാകുന്നു. പാട്ടിന്റെ അവസാന വരികളിലേക്കെത്തുമ്പോള്‍ അമ്മയുടെ യൗവന സ്വപ്നങ്ങളില്‍ നമ്മള്‍ ബ്രഹ്മാനന്ദമായിരുന്നുവെന്ന ഉള്‍ക്കാഴ്ചയിലേക്ക് നാം ആണ്ടിറങ്ങിപ്പോകും. സാക്ഷാല്‍ ദൈവത്തെപോലും അത്ഭുതപ്പെടുത്തുന്ന ദര്‍ശനഗരിമയുണ്ട് ഈ വരികള്‍ക്ക്. നമ്മുടെ ഓരോ സൃഷ്ടിക്ക് പിന്നിലെയും ബ്രഹ്മാനന്ദം നമ്മുടെയൊക്കെ സങ്കല്‍പത്തിനപ്പുറത്താണെന്ന് അറിയാനാകും. അതില്‍ ചെന്നുതൊടുന്ന ഈ വരികള്‍ ഒരു മഹാകാവ്യത്തിലെ ആശയസാകല്യത്തോട് കിടപിടിക്കുന്നതായി മാറുന്നു.
തത്വചിന്താപരമായ വരികളിലുടനീളം (ശരിക്കും പ്രസ്താവനകള്‍) സംഗീതത്തിന്റെ അലുക്കുകള്‍ കോര്‍ത്തെടുത്തു എന്നതാണ് സംഗീത സംവിധായകനായ ദേവരാജന്‍ മാഷിന്റെ പ്രസക്തി. തത്വചിന്തയുടെ പാരമ്യത്തില്‍ വികാരത്തിന്റെ ഈണമുള്‍ച്ചേര്‍ത്താണ് ദേവരാജന്‍ മാഷ് ഈ പാട്ടുണ്ടാക്കിയത്. സന്ദേഹത്തില്‍ നിന്ന് തുടങ്ങുന്ന പല്ലവി പിന്നീട് വിശ്രാന്തിയിലേക്കും നിര്‍വേദാവസ്ഥയിലേക്കും നീങ്ങുന്നു. മനുഷ്യ/ദൈവദ്വന്ദ്വങ്ങളെ നിത്യസത്യമായി കണ്ടുകൊണ്ടായിരിക്കണം ദേവരാജന്‍ മാഷ് ഈ പാട്ടിന്റെ ഘടന നിര്‍മിച്ചിട്ടുണ്ടാവുക. ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്ന പാട്ടിലെപോലെ സാധാരണ പ്രസ്താവനകള്‍ക്കാണ് ദേവരാജന്‍ മാഷ് ഇവിടെയും തന്റേതായ ലളിതശൈലിയില്‍ ഈണമിട്ടിട്ടുള്ളത്. പല വാക്കുകളിലും അദ്ദേഹം നല്‍കിയിട്ടുള്ള ഊന്നലുകള്‍ (ആദിയില്‍ ഭൂമിയും വാനവും, ബ്രഹ്മാനന്ദമായ് ഇരുന്നു) സവിശേഷമായിരുന്നു. ഓര്‍ക്കസ്ട്രായില്‍ വളരെ കുറച്ച് സംഗീതോപകരണങ്ങള്‍ മാത്രമാണ് അദ്ദേഹം വിന്യസിച്ചത്.

മണ്‍പാവകളായും ബ്രഹ്മാനന്ദമായുമൊക്കെ മനുഷ്യനെയും ദൈവത്തെയും മാറ്റി നിര്‍വേദാവസ്ഥയിലേക്കും നിര്‍വാണാവസ്ഥയിലേക്കും വരെ എത്തിക്കുന്ന മഹാസാന്നിധ്യമായി അമ്മയെ മാറ്റിത്തീര്‍ക്കുകയായിരുന്നു വയലാര്‍. ഈയൊരൊറ്റ പാട്ട് മതി അയിരൂര്‍ സദാശിവന് മലയാള ചലച്ചിത്രഗാനശാഖയില്‍ മുന്‍നിരയില്‍ ഇരിപ്പിടം ലഭിക്കുവാന്‍. അപരിചിതവും അസംസ്‌കൃതവുമായ ഈ ശബ്ദത്തിന് മറ്റെങ്ങുമില്ലാത്ത സൗഭഗമുണ്ടായിരുന്നു. അപരിചിതമായ ഒരു ദര്‍ശനം പറയാന്‍ ഒരു പരിചിതശബ്ദ ത്തിന്റെ സാന്നിധ്യം പോരായെന്നു തോന്നിയതാവാം ദേവരാജന്‍മാഷ് ഈ പാട്ട് അയിരൂരിനെകൊണ്ട് പാടിച്ചത്. ഇത്രയും വര്‍ഷത്തിന് ശേഷവും ഇന്നും അലൗകികമായ ഒരു അപരിചിതാനുഭൂതി നിലനിര്‍ത്താന്‍ ഈ പാട്ടിന് കഴിയുന്നുണ്ട്. ‘അമ്മേ’ എന്ന ഈ പാട്ട് ആകാശത്തിന്റെ അതിര്‍ത്തികള്‍ കടന്ന് അപാരതയിലേക്ക് പോകുന്നു.

സ്വരമാധുര്യമുള്ള ഒട്ടേറെ ഗാനങ്ങള്‍ക്ക് ജീവചൈതന്യം നല്‍കിയ അയിരൂര്‍ സദാശിവന്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സംഗീതത്തിന്റെ ഏകാന്തത അനുഭവിച്ച ഗായകനാണ്. തികച്ചും അസംസ്‌കൃതമായ ഒരു സ്വരഘടനയാണ് അദ്ദേഹത്തിനുള്ളതെങ്കിലും വ്യവസ്ഥാപിത ശബ്ദലാവണ്യ സങ്കല്‍പങ്ങളോടുള്ള ഗായകന്റെ കലാപമായിരുന്നു ആ സംഗീത ജീവിതം. ദേവരാജന്‍ മാഷിന്റെ പാട്ടിലൂടെ സിനിമാരംഗത്തുവരുന്നതിനു മുമ്പ് അയിരൂര്‍ സദാശിവന്‍ നാടകങ്ങള്‍ക്ക് വേണ്ടിയും ആകാശവാണിക്ക് വേണ്ടിയും ഗാനങ്ങള്‍ ആലപിച്ചിരുന്നു. അമേച്വര്‍ നാടകങ്ങളില്‍ പാട്ട് പാടിയും സംഗീതം നിര്‍വഹിച്ചുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കെപിസിസി, ഡ്രാമാറ്റിക് ആര്‍ട്‌സ് ക്ലബ്, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണല്‍ തീയറ്റേഴ്‌സ് എന്നിവിടങ്ങളില്‍ പാടി അഭിനയിക്കുന്ന ഒരുകാലം അദ്ദേഹത്തിനുണ്ടായിരുന്നു. മുഴക്കവും മാധുര്യവും ഒരുപോലെ സമ്മേളിച്ചിരുന്ന അയിരൂരിന്റെ ശബ്ദത്തെ ദേവരാജന്‍മാഷായിരുന്നു സിനിമാലോകത്തിന് പരിചയപ്പെടുത്തുന്നത്. ഭാവമറിഞ്ഞ് പാടുന്ന രീതിയായിരുന്നു അയിരൂരിന് പഥ്യം. ‘ചായം’ എന്ന സിനിമയിലെ ‘ശ്രീവത്സം മാറില്‍ ചാര്‍ത്തിയ’ എന്ന ഗാനവും ‘അമ്മേ’ എന്ന ഗാനത്തെപോലെ ആളുകള്‍ ഏറ്റെടുത്തിരുന്നു. ‘മരം’ എന്ന സിനിമയില്‍ ദേവരാജന്‍ മാഷ് സംഗീതം പകര്‍ന്ന ‘മൊഞ്ചത്തിപ്പെണ്ണേ’ എന്ന പാട്ടും അയിരൂരിന്റെ ജനപ്രിയഗാനങ്ങളില്‍പ്പെടും. പാടിയ ഇരുപത്തിയാറ് ഗാനങ്ങളില്‍ പതിനാലെണ്ണവും ദേവരാജന്‍മാഷുടെ ഈണത്തിലായിരുന്നു എന്നത് അവര്‍ തമ്മിലുള്ള പൊരുത്തത്തിന് ആക്കം കൂട്ടുന്നുണ്ട്. ‘സന്യാസിനി’ എന്ന ഗാനം യഥാര്‍ഥത്തില്‍ പാടി റെക്കോഡ് ചെയ്യപ്പെട്ടത് അയിരൂരിന്റെ ശബ്ദത്തിലായിരുന്നു. സിനിമയിലെ ഗാനചിത്രീകരണം നടത്തിയതുപോലും ഈ ഗാനമുപയോഗിച്ചാണ്. എന്നാല്‍ പിന്നീട് ഗാനത്തിന്റെ വിപണനാവകാശം മറ്റൊരു കമ്പനിക്ക് ലഭിച്ചപ്പോള്‍ നിര്‍മാതാക്കള്‍ യേശുദാസിനെക്കൊണ്ട് മാറ്റി പാടിക്കുകയായിരുന്നു.
വയലാറിന്റെ ഇഷ്ടഗാനങ്ങളിലൊന്നായിരുന്നു ‘അമ്മേ’. സ്വന്തം അമ്മയെ ഓര്‍ത്താണ് അദ്ദേഹം ഈ ഗാനം രചിച്ചതെന്ന് പറയാറുണ്ട്. അമ്മയും വയലാറും തമ്മിലുള്ള ബന്ധം അത്രമാത്രം അഗാഢമായിരുന്നു. പലപ്പോഴും അയിരൂരിനെ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി വയലാര്‍ ഈ ഗാനം പാടിക്കുമായിരുന്നുവത്രെ. അമ്മേ എന്ന പാട്ടിന് ശേഷവും നിരവധി ഗാനങ്ങള്‍ അയിരൂരിന് ലഭിച്ചുവെങ്കിലും അതൊന്നും അത്രയ്ക്ക് ജനകീയമായില്ല. 1984ല്‍ ‘വിപഞ്ചിക’ എന്ന സിനിമയ്ക്ക് വേണ്ടി സംഗീതം നിര്‍വഹിച്ച അയിരൂര്‍ സദാശിവന്‍ ആ സിനിമയില്‍ യേശുദാസിനെകൊണ്ട് മികച്ച രണ്ട് ഗാനങ്ങള്‍ പാടിച്ചു. കവരിമാനിനെ കണ്ടു കൊതിച്ചുകാവിലരയന്നം’, ‘മാരിവില്ലേ നീയെനിക്ക് സ്വന്തം’ എന്നീ രണ്ട് ഗാനങ്ങള്‍ യേശുദാസിന്റെ സംഗീത ജീവിതത്തില്‍ മെലഡിയുടെ വ്യത്യസ്ത ഭാവങ്ങള്‍ കാണിച്ചുതരുന്നു. എന്നാല്‍ ഈ ഗാനങ്ങള്‍ ജനങ്ങളിലേക്ക് അധികമൊന്നും എത്താതെ പോയി. 2015ല്‍ കാറപകടത്തില്‍ മരിക്കുന്നതിന് നാലഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം സംഗീതം ചെയ്ത ‘നീലാംബരി എന്ന തരംഗിണി ആല്‍ബത്തില്‍ യേശുദാസ് പാടി ഗംഭീരമാക്കിയ എണ്ണംപറഞ്ഞ മെലഡികളുണ്ട്. ഒരുപക്ഷെ, അയിരൂര്‍ സദാശിവന്റെ മെലഡി മുദ്രകള്‍ മുഴുവനും സ്വന്തമാക്കിയ ഗാനങ്ങള്‍ ആയിരുന്നു അവയെല്ലാം. ‘അഴകായ് പൊഴിയും നീലാംബരി’, ‘സാലഭഞ്ജിക’, ‘മോഹങ്ങള്‍കൊണ്ട് ഞാനൊരു’, ‘നിന്‍ തേന്‍ നുകരുവാന്‍’ എന്നീ ഗാനങ്ങളെല്ലാം തന്നെ ലളിത സംഗീതസ്മൃതികള്‍ പങ്കിട്ടുകൊണ്ട് ആസ്വാദകര്‍ക്ക് മുമ്പില്‍ നില്‍ക്കുന്നുണ്ട്. എങ്കിലും ‘അമ്മേ’ എന്ന സനാതനഗാനത്തിന്റെ ഗായകന്‍ എന്ന വിശേഷണത്തില്‍ അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടും…’