Monday
24 Jun 2019

ഓടക്കുഴല്‍ വിളി.. ഒഴുകി ഒഴുകി

By: Web Desk | Sunday 14 April 2019 8:26 AM IST


ഡോ. എം ഡി മനോജ്
മലയാള ചലച്ചിത്രഗാനകല അതിന്റെ രൂപത്തിലും ഉള്ളടക്കത്തിലും കൈവരിച്ച ഉയരങ്ങളുടെ ഏറ്റവും മികച്ച മാതൃകകളിലൊന്നായിരുന്നു എം ജി രാധാകൃഷ്ണന്റെ പാട്ടുകള്‍. പാട്ടില്‍ കര്‍ണാടക സംഗീതത്തെയും സോപാന സംഗീതത്തെയും ഏകോപിപ്പിക്കുകയായിരുന്നു അദ്ദേഹം. ആ പാട്ടില്‍ നിലയ്ക്കാത്ത ഒരു ഓടക്കുഴല്‍ വിളിസ്പര്‍ശമുണ്ട്, ജയദേവകവിയുടെ ഗീതമുണ്ട്, പാശ്ചാത്യ സംഗീത താളനടകളുണ്ട്, കര്‍ണാടകസംഗീതത്തിന്റെ സൂക്ഷ്മ ശ്രുതികളുണ്ട്, കവിതയുടെ ആലാപന വിശുദ്ധമായ നിമിഷങ്ങളുണ്ട്.
മലയാള ചലച്ചിത്രഗാനത്തിന്റെ മുന്‍ ഭാവുകത്വത്തില്‍ നിന്ന് മാറി പാട്ടിനെ ഭിന്നമായി മുന്നോട്ടു സഞ്ചരിപ്പിച്ചതില്‍ പ്രധാനിയായിരുന്നു എംജിആര്‍. പാട്ടിന്റെ ആധുനികതയ്ക്ക് ഭാഷയിലും ഭാഷണ തലത്തിലുമുള്ള രൂപാന്തരം സാധ്യമായത് (വായ്ത്താരികള്‍, വായ്‌മൊഴികള്‍) അദ്ദേഹത്തിന്റെ സംഗീതത്തിലൂടെയായിരുന്നു. എം ജി രാധാകൃഷ്ണന്റെ പാട്ടിലെ ഭാവരാഷ്ട്രീയമെന്തെന്ന് ചോദിച്ചാല്‍ അത് ഒരേ സമയം ലാവണ്യാത്മകവും മറ്റു സാംസ്‌കാരികമാനങ്ങള്‍ തേടുന്നതുമാണെന്നാവും ഉത്തരം. പാട്ടിനെ ഒരു ഭാവവിനിമയ പ്രക്രിയയാക്കി മാറ്റുകയായിരുന്നു അദ്ദേഹം. ജീവിതം, ചരിത്രം, ഓര്‍മ, മിത്ത്, കാലം, സ്ഥലം ഇതെല്ലാം ഈ ഗാനങ്ങളില്‍ നിരന്തരം കടന്നുവരികയാണ്. എഴുപതുകളിലും എണ്‍പതുകളിലുമുള്ള മലയാളികളുടെ ആന്തരിക ജീവിതത്തിന്റെ നക്ഷത്രക്കാഴ്ചകള്‍ ഉണ്ടായിരുന്നു ഈ ഗാനങ്ങളില്‍. പാട്ടിനെ ലളിതവല്‍കരിക്കുന്ന രീതികളായിരുന്നു അദ്ദേഹത്തിന്റേത്. പാട്ടില്‍ സാംസ്‌കാരിക പാഠങ്ങള്‍ ചെലുത്തുന്ന സ്വാധീനം പഠിക്കുവാന്‍ ഈ ഗാനങ്ങളിലേക്കിറങ്ങി വരണം. നവസിനിമയുടെ അടിസ്ഥാന സൗന്ദര്യം ഉയിര്‍കൊണ്ട പാട്ടുകളായിരുന്നു ആദ്യകാലങ്ങളില്‍ എം ജി രാധാകൃഷ്ണന്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ അതില്‍ ജനപ്രിയ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നു. കലാസിനിമയിലും കച്ചവടസിനിമയിലും കഥാസന്ദര്‍ഭവുമായി ഭാവബന്ധം പുലര്‍ത്തുവാനുള്ള ഒരു കലാവിചാരരീതിയായി എംജിആര്‍ പാട്ടിനെ കണ്ടു.
പാട്ടിലെ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ ഊന്നല്‍. മിത്തുകള്‍ ഭാഷയിലെ ഉള്ളറിവുകള്‍, പലമകള്‍, ബഹുലതകള്‍ എന്നിവയിലെല്ലാം ശ്രദ്ധവച്ചിട്ടുള്ള ഒരു സംഗീതസംവിധാന രീതിയാണിത്. അദ്ദേഹത്തിന്റെ ആദ്യകാല സിനിമകള്‍ പ്രാദേശിക ചരിത്രവും മിത്തും സാധാരണക്കാരന്റെ ജീവിതവുമൊക്കെ പറയുന്നതായിരുന്നു. പ്രകൃതിയും സംസ്‌കൃതിയും ഭാഷയും എല്ലാം താളാത്മകമായി ചേര്‍ന്നുള്ള കൂടിക്കലരല്‍ ഈ പാട്ടിലെ ലാവണ്യ ഘടകങ്ങളായി മാറി. ഭാഷയും ഭാഷണവും ഒരുപോലെയാണ് ഈ പാട്ടിലെ വിവരണകലയുടെ വിസ്തൃതികള്‍ പങ്കിടുന്നത്. ദൃശ്യശ്രാവ്യ സ്പര്‍ശ ഗന്ധ ബിംബങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്ന പ്രകൃതി പ്രപഞ്ച വ്യവസ്ഥകള്‍, വാമൊഴി വഴക്കങ്ങളുടെ കുറുമൊഴികള്‍ എന്നിങ്ങനെ ഇതില്‍ കാമനയുടെ കൊടുങ്കാറ്റുകള്‍ (തകര, ആരവം) ഗുപ്തവും ഗമ്യവുമായ രതിയടയാളങ്ങള്‍, പ്രണയത്തിന്റെ ഭിന്നഋതുക്കള്‍, ആര്‍ദ്രാനുഭൂതികള്‍ എന്നിവയെല്ലാമുണ്ട്. ഒരേ സമയം ക്ലാസിക്കലും ലളിതഗാനസ്വഭാവമുള്ളതുമായ പാട്ടുകളുടെ സമാനതകളില്ലാത്ത ഭാവനാവിസ്മയമാക്കി പാട്ടിനെ മാറ്റുകയായിരുന്നു അദ്ദേഹം.
ലളിതസംഗീതവും ശാസ്ത്രീയസംഗീതവും സിനിമാസംഗീതവും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങിയിരുന്നു. അരവിന്ദന്‍, പത്മരാജന്‍, ഭരതന്‍ എന്നിവരുടെ ആദ്യകാല സിനിമകളില്‍ പാട്ടിന്റെ ഭാവപരീക്ഷണങ്ങള്‍ എംജിആറിന്റെ സംഭാവനകള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ തിളക്കമാര്‍ന്ന അധ്യായങ്ങള്‍ ആകാശവാണിയില്‍ നിന്നാണെഴുതപ്പെടുന്നത്. കേരളീയസംഗീതത്തിന്റെ മുഖ്യധാരയിലേക്ക് ലളിത സംഗീതത്തെ ചേര്‍ത്തുവച്ചത് അദ്ദേഹമായിരുന്നു. എം ജി രാധാകൃഷ്ണന്‍-കാവാലം സഖ്യം സൃഷ്ടിച്ച ലളിതഗാന വസന്തം ശ്രദ്ധേയമായിരുന്നു. രാധാമാധവ സങ്കല്‍പ്പങ്ങള്‍ രാധാകൃഷ്ണന്റെ സംഗീതത്തില്‍ വേണ്ടുവോളമുണ്ടായിരുന്നു. ഗീതാഗോവിന്ദവും രാമായണവും സോപാന സംഗീതവുമെല്ലാം ഈ ഗാനങ്ങളില്‍ ഇടകലര്‍ന്നുനിന്നു. അദ്ദേഹം ചെയ്ത ലളിതഗാനങ്ങളില്‍ അധികവും രാധാ-കൃഷ്ണ-യമുനാഗാനങ്ങള്‍ ആയിരുന്നു എന്നതാണ് സത്യം. ശ്രീഗണപതിയുടെ ഘനശ്യാമസന്ധ്യാഹൃദയം, ഓടക്കുഴലേ, ഓടക്കുഴല്‍വിളി, ജയദേവ കവിയുടെ മുത്തുകൊണ്ടെന്റെ, ശരറാന്തല്‍ വെളിച്ചത്തില്‍, പൂമുണ്ടും തോളത്തിട്ട്, രാധാമാധവ, സുമശരനുണരും… ഇങ്ങനെ നീളുന്ന ലളിതഗാനനിരകള്‍…
അരവിന്ദന്റെ തമ്പില്‍ കാവാലത്തിന്റെ വരികള്‍ സംഗീതം ചെയ്താണ് എം ജി രാധാകൃഷ്ണന്‍ സിനിമാ സംഗീതത്തിലേക്ക് വരുന്നത്. ഫോക്‌സ്പര്‍ശമുള്ള പാട്ടുകള്‍ ആയിരുന്നു അവയെല്ലാം. ‘കാനനപ്പെണ്ണ് ചെമ്മരുത്തി’ പിന്നീട് ‘ആരവ’ത്തിലെ ‘ഏഴുനിലയുള്ള ചായക്കട’, മുക്കുറ്റി തിരുതാളി, ‘ജില്ലം ജില്ലം’, കുമ്മാട്ടിയിലെ ‘ആരമ്പത്തിരമ്പത്ത്’, ‘ആണ്ടിയമ്പലം’, ‘കറുകറെക്കാര്‍മുകില്‍’ അങ്ങനെ പോകുന്നു അത്തരം ഗാനങ്ങള്‍. ‘കവിത നമ്മളെ സഞ്ചരിപ്പിച്ച് മുകളിലേക്ക് കൊണ്ടുപോകുകയും ഒരവസ്ഥയില്‍ എത്തുമ്പോള്‍ നിന്നുപോകുകയും പിന്നെ താഴോട്ട് വരാതിരിക്കുകയും ചെയ്യുന്നു. കവിതയ്ക്ക് അവരോഹണമില്ല. അവരോഹണമെന്നാല്‍ കവിതയുടെ അവസാനം. ഇതുപോലെയാണ് കാനനപ്പെണ്ണ് എന്ന പാട്ട് കേള്‍ക്കുമ്പോള്‍’ എന്ന് ടി എന്‍ ഗോപകുമാറിന്റെ അഭിപ്രായം എത്ര ശരിയാണ്. കുമ്മാട്ടിയിലെ കറുകറെക്കാര്‍മുകില്‍ ‘സാമന്തലഹരി’യില്‍  ചെയ്ത പാട്ടായിരുന്നു. സംഗീതസാഹിത്യ സംസ്‌കാരങ്ങളുടെ മാതൃകാപരമായ സമന്വയമായിരുന്നു എം ജി രാധാകൃഷ്ണന്‍ സാക്ഷാത്കരിച്ചത്. താളം ആയിരുന്നു കാവാലം-എം ജി രാധാകൃഷ്ണന്‍ പാട്ടുകളുടെ കാമ്പ്. താളങ്ങള്‍ക്ക് സംഗീതവും സംഗീതത്തിന് താളവും പകരുകയായിരുന്നു അദ്ദേഹം. ഒരു തീവണ്ടിയാത്രയിലാണത്രെ ‘മുക്കുറ്റി തിരുതാളി’ എന്ന പാട്ട് പിറന്നത്. (തീവണ്ടിയുടെ ഘടഘട ശബ്ദം). താളത്തിന് പ്രാധാന്യമുള്ള എത്രയെത്ര പാട്ടുകളാണ് അദ്ദേഹം സംഗീതം ചെയ്തത്. മുക്കുറ്റി തിരുതാളിയില്‍ ചെണ്ട, അമ്പലപ്പുഴെ എന്ന പാട്ടില്‍ ഇടയ്ക്ക പോരു നീ വാരിളം എന്ന പാട്ടില്‍ ഡ്രംബീറ്റ്‌സ്, ആകാശം നിന്റെ എന്ന പാട്ടില്‍ താളപ്പെരുക്കങ്ങള്‍, മഴവില്‍ക്കൊതുമ്പില്‍, ഒരു പൂവിതളില്‍, പിണക്കമാണോ (തബലയുടെ താളനടകള്‍)…. ‘ചന്ദനമണിസന്ധ്യകളുടെ’ എന്ന പാട്ടില്‍ ദ്രുതതാളനടകള്‍. പിന്നെ ‘പഴനിമല വടിവേലായുധാ’ എന്ന പാട്ടിലെ താളങ്ങള്‍… ഉപകരണ സംഗീതത്തിന് പ്രാധാന്യം കുറച്ച് പാട്ടിനെ ആലാപന പ്രധാനമാക്കുകയായിരുന്നു എം ജി രാധാകൃഷ്ണന്‍. ‘നിലാവിന്റെ നീലഭസ്മ’, ‘ഓ മൃദുലേ,’ ‘എന്തിത്ര വൈകി’, ‘പനിനീര്‍പ്പൂവിതളില്‍’, ‘മൗനമേ’ ഇങ്ങനെ എത്ര പാട്ടുകള്‍ ഉദാഹരണമാകുന്നു. ശോകഗാനങ്ങളുടെ നീണ്ടനിരകള്‍ തന്നെയുണ്ട് ഈ പാട്ടുപ്രപഞ്ചത്തില്‍. മെലഡിക്കായിരുന്നു ഇവിടെ മുന്തിയ പരിഗണന. ‘ഇനിയെന്റെ പാട്ടിലേക്ക്, സൂര്യകിരീടം, മൗനമേ, എന്തിത്ര വൈകി… ഇങ്ങനെ പോകുന്നു ശോകഗീതികള്‍. ലളിത സംഗീതത്തിനുവേണ്ടി എം ജി രാധാകൃഷ്ണന്‍ തെരഞ്ഞെടുത്തത് അപൂര്‍വ സുന്ദരരാഗങ്ങളായ കദനകുതൂഹലം, ആഹരി, കേദാരഗൗള, നാട്ടക്കുറിഞ്ഞി മുതലായവ ആയിരുന്നുവെങ്കിലും അതിലെ ഏറ്റവും ലളിതമായ പ്രയോഗങ്ങള്‍ക്കായിരുന്നു ചന്തം ചാര്‍ത്തിയത്. സൂര്യകിരീടം ചെഞ്ചുരുട്ടിയില്‍ ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ‘പഴന്തമിഴ്പാട്ട്’ ആഹരിയും ബഹുളാഭരണവും ചേര്‍ന്നുണ്ടായി. സംഗീതത്തിന്റെ പുതുകാലത്തിലേക്ക് ചെവി തുറന്നുപിടിക്കാനുള്ള ഒരു മനസ് ആദ്യകാലം മുതലേ അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ടാമത്തെ സിനിമയായിരുന്ന ‘രണ്ടു ജന്മ’ത്തിലെ ‘കര്‍പ്പൂരക്കുളിരണിയും’ എന്ന പാട്ടില്‍ത്തന്നെ അദ്ദേഹം വെസ്റ്റേണ്‍ സംഗീതത്തിന്റെ എല്ലാ ചേരുവകളും ചേര്‍ത്തുവച്ചു. അക്കോര്‍ഡിയവും ജാസുമെല്ലാം ഈ പാട്ടില്‍ നിറഞ്ഞുനിന്നുവെങ്കിലും മെലഡിയുടെ സുഗമസംഗീതമാണ് പാട്ടിനെ മുന്നോട്ടുനയിച്ചത്. ‘മന്ദാരങ്ങളെല്ലാം’, ‘ആകാശം നിന്റെ’, ‘ആനന്ദം പൂവിടും’ എന്നീ പാട്ടുകളിലെല്ലാം തന്നെ വെസ്റ്റേണ്‍ സംഗീതത്തിന്റെ സമസ്തധാരകളും ഉള്‍ച്ചേര്‍ത്തു വയ്ക്കുകയുണ്ടായി, എം ജി രാധാകൃഷ്ണന്‍.
ഈണം, തുയിലുണര്‍ത്തീണം തന്നെയായിരുന്നു ആ ഗാനങ്ങള്‍. മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ ഉപയോഗിച്ച ദ്രാവിഡ സംഗീതസ്വാതന്ത്ര്യം ഒന്ന് വേറെത്തന്നെ. ഒന്‍പതര മിനിട്ട് നീളുന്ന ഒരു പാട്ടില്‍ ആണ് ആ സിനിമ അവസാനിക്കുന്നത്. കുന്ദളവരാളിരാഗത്തില്‍ ഒരു മുറൈവന്ത് എന്ന പാട്ട് ഗംഭീരമായി മാറി. പാട്ടുകാരനായാണ് എം ജി രാധാകൃഷ്ണന്‍ ആദ്യം സിനിമയില്‍ എത്തുന്നത്. കള്ളിച്ചെല്ലമ്മയില്‍ രാഘവന്‍ മാഷിന്റെ സംഗീതത്തില്‍ ‘ഉണ്ണിഗണപതിയേ’ എന്ന പാട്ടായിരുന്നു അത്. പിന്നീട് എത്രയോ പാട്ടുകള്‍ പാടി അദ്ദേഹം മലയാളിയുടെ ഇഷ്ടഗായകനുമായി. മല്ലാക്ഷിമണിമാറില്‍, രാമായണത്തിലെ സീത ഉത്തിഷ്ഠതാ ജാഗ്രത, വൈക്കത്തപ്പന് ശിവരാത്രി, ശാരികേ ശാരികേ, വന്ദേ മുകുന്ദാ ഹരേ’ ഇങ്ങനെ…. ശാസ്ത്രീയ സംഗീത സംസ്‌കാരവും നാടന്‍ പാട്ടിന്റെ സാധനയും ആ ശബ്ദത്തിലുണ്ടായിരുന്നു. രാധാകൃഷ്ണ സംഗീതത്തില്‍ വന്ന മെലഡികള്‍ നിരവധിയാണ്. മൗനമേ, കുടയോളം ഭൂമി, അനുരാഗസുധയില്‍, പ്രണയവസന്തം, വനമാലിനിന്‍, എത്ര പൂക്കാലം, പൂമുഖവാതില്‍ക്കല്‍, പനിനീര്‍പ്പൂവിതളില്‍, ഒരു ദളം മാത്രം ഒരുമിച്ചുചേരും, പ്രേമയമുനാ, ഞാറ്റുവേലക്കിളിയേ, അല്ലിമലര്‍ക്കാവില്‍, രാഗഹേമന്ത, ശ്രീപാദം, പലവട്ടം പൂക്കാലം, വൈകാശിത്തെന്നലോ, കിഴക്കുപുലരി, ചെമ്പഴുക്ക, പൂമകള്‍ വാഴുന്ന, തിരനുരയും… ഇങ്ങനെ മധുരഗീതങ്ങള്‍. മൂന്ന് രാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘ഓടക്കുഴലേ, ഓടക്കുഴലേ’ എന്ന ഒഎന്‍വിയുടെ വരികള്‍ എങ്ങനെ മനസില്‍ നിന്നു മായും? പല്ലവിയില്‍ കാംബോജിയും അനുപല്ലവിയില്‍ ആനന്ദഭൈരവിയും ചരണത്തില്‍ മോഹനവുമായിരുന്നു ഈ ലളിതഗാനത്തിലെ രാഗസത്ത.
എം ജി രാധാകൃഷ്ണന്റെ പാട്ടുകള്‍ക്ക് പല അടരുകള്‍ ഉണ്ടായിരുന്നു. പഴംതമിഴ് പാട്ടില്‍ നിശബ്ദതയുടെ ഒരിഴയലും ഇടപെടലുമുണ്ടായിരുന്നു. ഓമൃദുലേ എന്ന ഗാനം നമ്മുടെ ഹൃദയമുരളിയിലേക്കൊഴുകി വന്നു. ഞാറ്റുവേലക്കിളിയേ എന്ന പാട്ടില്‍ കുട്ടനാടിന്റെ ജൈവലാവണ്യം മുഴുവനും നിറഞ്ഞുനിന്നു. ഒരു ദളംമാത്രം പ്രണയത്തിന്റെ ചലച്ചിത്രഗീതിയായി മാറി. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞു വരുന്നൊരു പ്രണയിനിയെ നാം പാട്ടില്‍ കണ്ടു. കാറ്റേ നീ വീശരുതിപ്പോള്‍ എന്ന പാട്ട് കാമുകിക്ക് കാമുകനോടുള്ള കറയില്ലാത്ത കരുതല്‍ ആയി മാറി. നാഥാ നീ വരും കാലൊച്ച എന്ന പാട്ടില്‍ പ്രണയത്തിന്റെ നിലയ്ക്കാത്ത കാത്തിരിപ്പുണ്ടായിരുന്നു. വരികളില്‍ ഈണം ചേര്‍ത്തുവയ്ക്കുമ്പോള്‍ കിട്ടുന്ന ഒരു ശാന്തതയാണ് എം ജി രാധാകൃഷ്ണന്റെ പാട്ടുകള്‍ തരുന്നത്. ആ പാട്ടുകള്‍ക്ക് കിനാവിന്റെ ഭാവമുണ്ടായിരുന്നു. പ്രതേ്യകിച്ചും അയഥാര്‍ഥമായ പകല്‍ക്കിനാവിന്റെ ഭാവങ്ങള്‍ രാധാമാധവ സങ്കല്‍പ്പത്തിന്റെ രാഗവൃന്ദാവനം തന്നെയായിരുന്നു എം ജി രാധാകൃഷ്ണന്റെ പാട്ടുകള്‍. അവ എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസില്‍ ഭാവവിസ്മയങ്ങള്‍ പകര്‍ന്നുകൊണ്ടേയിരിക്കും എന്നത് തീര്‍ച്ചയാണ്.