സംഗീത ലോകത്തെ ‘രജപുത്രി’

Web Desk
Posted on June 16, 2019, 10:46 am

ആര്‍ ബാലചന്ദ്രന്‍

ചലച്ചിത്ര- ആല്‍ബം പിന്നണിഗാന രംഗത്ത് ഒരുപിടി മികച്ച ഗാനങ്ങള്‍ പാടിയ സോണി സായി കാല്‍ നൂറ്റാണ്ടിന്റെ നിറവിലാണ്. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പ്രമുഖ ഗായകര്‍ക്കൊപ്പം വെള്ളിത്തിരയില്‍ പാടി തകര്‍ത്തിട്ടും തന്റെ വേറിട്ട ശബ്ദം തിരിച്ചറിയാന്‍ സംഗീത പ്രേമികള്‍ കാലമേറെയെടുത്തു. പാടിയ സിനിമകളില്‍ ഗായികയുടെ പേരുകള്‍ അങ്ങനെ ദീര്‍ഘനാള്‍ സിനിമയിലെ ടൈറ്റിലുകളില്‍ മാത്രം ഒതുങ്ങി. പാടിയ പാട്ടുകള്‍ ഹിറ്റാക്കിയ സോണിയെ സംഗീത ലോകം തിരിച്ചറിഞ്ഞതോടെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
തിരുവനന്തപുരത്തു നിന്നും എട്ടുവര്‍ഷം മുന്‍പ് കൊച്ചി ഏലുരിലേക്ക് താമസം മാറ്റിയ ഇവര്‍ ഇന്ന് സംഗീത ലോകത്തിന് തന്റേതായ സംഭാവനകള്‍ നല്‍കി കഴിഞ്ഞു. സംഗീതത്തിന്റെ ബാലപാഠങ്ങള്‍ മാതാവ് അംബികാ ഭായില്‍ നിന്നുമാണ് സോണി കരസ്ഥമാക്കിയത്. മൂന്ന് വയസ്സുമുതല്‍ ജീവിതചര്യയുടെ ഭാഗമായി മാറ്റിയ സംഗീതം പിന്നീട് പ്രൊഫഷണലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മകള്‍ അറിയപ്പെടുന്ന പാട്ടുകാരിയാകണമെന്ന് പിതാവ് ഹരിറാം പ്രാസാദും ആഗ്രഹിച്ചിരുന്നു. നാലാം ക്ലാസുമുതല്‍ യുവജനോത്സവങ്ങളില്‍ പാടാനുള്ള കഴിവ് തെളിയിച്ച് സോണി മുന്നേറി. ലളിതഗാനം, മാപ്പിളപ്പാട്, മിമിക്രി, ശാസ്ത്രീയഗാനം തുടങ്ങിയ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. യുവജനോത്സവത്തില്‍ പാടി കേട്ട ആ സ്വരം വെള്ളിത്തിരയിലെത്താന്‍ അധികം സമയമെടുത്തില്ല. തിരുവനന്തപുരം മണക്കാട് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ‘സുഖവാസം’ എന്ന സിനിമക്കായി സംഗീത സംവിധായകന്‍ മോഹന്‍ സിത്താര സംഗീത സംവിധാനം നിര്‍വഹിച്ച ‘ബംഗാര ബംഗാര..’ എന്ന പാട്ട് പാടാന്‍ ക്ഷണം കിട്ടി.


സ്‌കൂള്‍ യൂണിഫോമില്‍ മാതാവിനൊപ്പം തരംഗിണി സ്റ്റ്യുഡിയോയില്‍ പാടാന്‍ പോയത് ഇപ്പോഴും സോണിയുടെ മനസ്സില്‍ ഒളിമായാതെ കിടക്കുന്നുണ്ട്. ആദ്യമായി സിനിമയില്‍ പാടുന്നതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും എല്ലാം മറന്ന് പാടി. സിനിമയില്‍ പാടി കഴിഞ്ഞതോടെ നാട്ടില്‍ ചെറിയൊരു താരമായി. സംഗീതത്തെ ഒരു പ്രൊഫഷണലാക്കി മാറ്റാന്‍ തീരുമാനിച്ചതോടെ പഠനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞില്ല.
കോളേജ് പഠനത്തിന് ശേഷം സംഗീതത്തെ കൂടുതല്‍ ഗൗരവത്തോടെ സമീപിച്ചു. ഇതിന് ശേഷം സംഗീത ലോകത്ത് കൂടുതല്‍ സജീവമായി. ‘നിദ്ര’ (കൂടുമാറി പോകും..) ‘ബോംബെ മാര്‍ച്ച് ‑12’ (ഓണവെയില്‍ ഓളങ്ങളില്‍.., ചക്കരമാവിന്‍ കൊമ്പത്ത്…) തീരം, കനല്‍കണ്ണാടി, ‘ഭരതന്‍ ഇഫക്ട്’ അഥീന, തുടങ്ങി 50 ചിത്രങ്ങളില്‍ പാടാന്‍ അവസരം ലഭിച്ചു. ഇവിടെങ്ങളിലെല്ലാം തന്റെതായ റോളുകള്‍ ഭംഗിയാക്കാന്‍ സോണിക്ക് കഴിഞ്ഞു. 150 ഓളം ആല്‍ബങ്ങളില്‍ പാടാനും ചിലത് സംഗീത സംവിധാനം ചെയ്യാനും കഴിഞ്ഞു. കൂടാതെ അന്‍പതോളം അന്യഭാഷ മലയാള തര്‍ജിമ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന ശ്രീജിത്ത് ശ്രീവിലാസ് സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ‘മൈ ഫാദര്‍ ഇസ് മൈ ഹീറോ’, നിത്യാമേനോന്‍ നായികയായ ‘മീര’, നസ്രുദ്ദീന്‍ ഷാ സംവിധാനം ചെയ്യുന്ന ‘ഒലീസിയ’ എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ സോണി ആലപിച്ചു. ഇറങ്ങാനിരിക്കുന്ന പുതിയ ആല്‍ബമായ ‘വേനല്‍മഴ’ യിലും പാടിയിട്ടുണ്ട്.
തന്റെ സംഗീത ലോകം കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള തിരക്കിലാണ് സോണി. സംഗീതലോകത്ത് എത്തിയ സോണി ഇതിനോടകം കേരളത്തിലും അന്താരാഷ്ട്ര തലങ്ങളിലും നിരവധി സ്‌റ്റേജ് പ്രോഗ്രാം അവതരിപ്പിച്ച് കഴിഞ്ഞു. അമേരിക്ക, യു കെ എന്നീ രാജ്യങ്ങളിലാണ് കൂടുതലും പരിപാടികള്‍ അവതരിപ്പിച്ചത്. 5,000 ഓളം സ്‌റ്റേജു പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സോണി സായിക്ക് വലിയ അനുഭവ സമ്പത്താണ് സംഗീത ലോകത്തുനിന്നും ലഭിച്ചത്. സിനിമകളില്‍ നിരവധി ചിത്രങ്ങള്‍ പാടിയെങ്കിലും പലതും വെളിച്ചം കാണാത്തത് എന്നും സോണിക്ക് ഒരു സ്വകാര്യ ദുഖമായി അവശേഷിക്കുന്നു. ഇതിനിടെ കുടംബ ബന്ധത്തിലുണ്ടായ താളപ്പിഴവുകളും പിതാവിന്റെ മരണവും സഹോദരിയുടെ വ്യാധിയും സോണി അതിജീവിച്ചു. ജന്മം കൊണ്ട് ക്ഷത്രിയ പിന്‍ഗാമി ആയ (രജ്പുത്ത്) സോണി പ്രശ്‌നങ്ങളില്‍ നിന്നും ഒരിക്കലും പേടിച്ചോടാന്‍ ആഗ്രഹിക്കുന്നില്ല. ഇതാണ് തന്റെ ജീവിത വിജയമെന്നും അവര്‍ വ്യക്തമാക്കി. ജീവിതത്തെ പോസിറ്റീവായി കണ്ടുകൊണ്ട് പ്രശ്‌നങ്ങളെ പുഞ്ചിരിയോടെ പോരാടാനാണ് സോണി ആഗ്രഹിക്കുന്നത്. ബോളിവുഡിലേക്കുള്ള പ്രവേശനത്തിന് പല അവസരങ്ങളും കൈവന്നെങ്കിലും അതെല്ലാം എത്തിപ്പിടിക്കാവുന്നതിനും അപ്പുറമായിരുന്നു. അമ്മയും സഹോദരങ്ങളും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റേണ്ട ചുമതല സോണി ഒറ്റക്ക് ഏറ്റെടുക്കേണ്ടിവന്നു. വിദേശ പരിപാടികള്‍ ഒഴിവാക്കി നാട്ടില്‍ മാത്രം ഒതുങ്ങി സോണിയുടെ സംഗീത ലോകം. അതിനിടെ സ്‌റ്റേജ് പ്രോഗ്രാമുകള്‍ നാട്ടില്‍ സംഘടിപ്പിക്കുന്നതിന് 2008ല്‍ കൊച്ചി ആസ്ഥാനമാക്കി ‘പ്രാണ’ എന്ന പേരില്‍ എട്ടുപോരടങ്ങുന്ന ഒരു മ്യുസിക്ക് ബാന്‍ഡും ആരംഭിച്ചു. അറിയുംതോറം കൂടുതല്‍ വിശാലമായി കിടക്കുന്ന സംഗീതത്തെ അടുത്തറിയാന്‍ സോണിക്ക് കഴിഞ്ഞു. ബിരുദത്തിന് ശേഷം പഠനം ഉപേക്ഷിച്ച സോണി പിന്നീട് ഗസല്‍, കര്‍ണാടിക്, വെസ്റ്റേണ്‍ തുടങ്ങിയ പഠിക്കുന്നുണ്ട്. ബംഗാള്‍ സ്വദേശിയായ അബ്രാദിതാ ബാനര്‍ജിയാണ് ഗുരു. തന്റെതായ അറിവുകള്‍ സംഗീത പഠിതാക്കള്‍ക്കായി പറഞ്ഞു കൊടുക്കുന്നതിനും ഇവര്‍ സമയം കണ്ടെത്തുന്നുണ്ട്.

സാഗര, ബീറ്റ്‌സ്, സര്‍ഗം സൈന്‍ബേര്‍ഡ് തുടങ്ങിയ 50 ഓളം ഗാനമേള ട്രൂപ്പുകളിലും സോണി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ജാസി ഗിഫ്റ്റ്, സോനു നിഗം, ഹരിഹരന്‍, ശുഭ, മാധുരി, പി ജയചന്ദ്രന്‍, ശ്രേയാ ഘോഷാല്‍, ഇളയരാജ, എ ആര്‍ റഹ്മാന്‍ തുടങ്ങിയ പ്രമുഖരോടൊപ്പം വിവിധ ഗാനമേളകളില്‍ പ്രവര്‍ത്തിക്കാന്‍ സോണിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കമുറക ഫൗണ്ടേഷന്‍ അവാര്‍ഡ്, സാര്‍ക് ഇന്റര്‍നാഷണല്‍ മ്യുസിക്ക് അവാര്‍ഡ്, ഗാനകമാലിക പുരസ്‌ക്കാരം എന്നിവ ലഭിച്ചു. സംഗീത യാത്രയില്‍ എന്തിനും താങ്ങായി മക്കളായ സായിയും ശിവയും ഒപ്പമുണ്ട്.