അവളുടെ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല…

സല്‍വാര്‍ ജൂദവുമായുണ്ടായ പോരാട്ടത്തില്‍ സിപിഐയുടെ സഹായം ഇല്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഒരാദിവാസി പോലും ബാക്കിയുണ്ടാകുമായിരുന്നില്ല. ഭരണകൂടം ശ്രമിച്ചത് എന്നെ നിശബ്ദയാക്കാനാണ്. അതിനാണവരെന്നെ ജയിലിലടച്ചത്. എന്റെ മുഖത്ത് രാസവസ്തു തളിച്ച് വികൃതമാക്കിയത്
2011 ലെ ഒക്ടോബര്‍ മാസം സോണി സോഡി എന്ന ആദിവാസി യുവതിയുടെ ജീവിതകഥ തിരഞ്ഞിറങ്ങുന്നവര് ആദ്യമെത്തിച്ചേരുക അവിടേക്കാണ്. സാധാരണ വീട്ടമ്മയായ, അധ്യാപികയായ സോണി ഭാരത മനഃസാക്ഷിയിലേക്കും ചിന്തകളിലേക്കും കടന്നെത്തുന്നത് 2011 ലെ ഒക്ടോബര്‍ നാലിന് മാവോയിസ്റ്റ് എന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കപ്പെട്ട ശേഷമാണ്. ജയിലില്‍ സോണി അനുഭവിച്ച ശാരീരികവും മാനസികവുമായ ക്രൂരതകള്‍ രാജ്യത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മനസാക്ഷിയുള്ളവര്‍ സോണിക്ക് വേണ്ടി രംഗത്തുവന്നു. ചീര്‍ത്തു പഴുത്ത ശരീരവുമായി നീറി, നിമിഷങ്ങള്‍ കടന്നുപോകുമ്പോഴും താന്‍ ജയിലില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയാക്കപ്പെട്ടു എന്ന് നീതിപീഠത്തെ ബോധ്യപ്പെടുത്താന്‍ അവര്‍ പോരാടി. മരവിച്ച മനസിലേക്ക് നല്ല നാളെയുടെ സ്വപ്നങ്ങളും അവകാശക്കനലുകളും വാരിവിതറി ജയിലില്‍ നിന്നും പുറത്തിറങ്ങിയ സോണി സുരക്ഷ തേടി മെച്ചപ്പെട്ട സുഖം തേടി നാഗരികതയുടെ പറുദീസയിലേക്ക് ഓടിയൊളിച്ചില്ല. താന്‍ ഒരു സമൂഹമാണെന്ന തിരിച്ചറിവില്‍ തന്റെ അനുഭവങ്ങള്‍ തനിക്ക് ചുറ്റുമുള്ള 80 മില്യന്‍ ആളുകളുടെയും ജീവിതാനുഭവങ്ങളാണെന്ന വിവേകത്തോടെ, കാടിന്റെ മകള്‍ ഭരണകൂട ഭീകരതയാലും കോര്‍പ്പറേറ്റുകളുടെ അതിശക്തിയാലും പ്രകമ്പനം കൊള്ളുന്ന, നക്സലുകളുടെ വെടിയൊച്ചകളില്‍ ഞെട്ടിവിറയ്ക്കുന്ന അമ്മയുടെ മടിത്തട്ടിലേക്ക് തിരികെയെത്തി. ആദിവാസികളെ മൃഗതുല്യമായി പരിഗണിക്കുന്നവര്‍ക്കെതിരെ പോരാടാന്‍… ഒരു ജനതയുടെ ദുരന്തകഥ ലോകത്തോട് ഉറക്കെപ്പറയാന്‍… അഭിമാനമുള്ള സ്ത്രീ തനിക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക ചൂഷണങ്ങള്‍ മറച്ചുവയ്ക്കണമെന്ന് പറഞ്ഞു പഠിപ്പിക്കുന്ന ഇന്ത്യന്‍ സാമൂഹിക ചുറ്റുപാടില്‍ സോണി തലയുയര്‍ത്തി ഉറക്കെ പറഞ്ഞു- തന്റെയും, സര്‍ക്കാരിനും നക്സലേറ്റുകള്ക്കും ഇടയില്‍ ചുട്ടെരിക്കപ്പെടുന്ന മറ്റ് ആദിവാസി സ്ത്രീകളുടെയും ജീവിതകഥയും പുരുഷന്റെ രക്തമുതിരുന്ന അനുഭവങ്ങളും ആസിഡ് ആക്രമണത്തിലൂടെ നിശബ്ദയാക്കാന്‍ നോക്കിയപ്പോഴും ജനാധിപത്യത്തിന്റെ മുഖംമൂടിക്കുള്ളിലെ മൃഗീയ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ സോണിയുടെ കൈ ഉയര്‍ന്നു ചൂണ്ടി. സോണിയുടെ ചരിത്രം ഭാരതം ചര്‍ച്ച ചെയ്ത് മുഖ്യധാരയില്‍ നിന്നും മറഞ്ഞതാണ്.
അച്യുതമേനോന് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ സോണിക്ക് പറയാനുണ്ടായിരുന്നതത്രയും ജയിലറയ്ക്കുളളിലെ ഇരുണ്ട വേദനകളെക്കുറിച്ചായിരുന്നില്ല, മറിച്ച് പേരില്ലാത്ത, വിലാസമില്ലാത്ത, സ്വപ്നങ്ങള്‍ അറുത്തുമാറ്റപ്പെട്ട ഒരു ജനതയ്ക്കുവേണ്ടി താനുള്‍പ്പെടെയുളളവര്‍ നടത്തിവരുന്ന പോരാട്ടങ്ങളെക്കുറിച്ചായിരുന്നു, ശക്തയായ യോദ്ധാവിന്റെ ഭാഷ്യത്തോടെ അവര്‍ സംസാരിച്ചു. അണമുറിയാതെ, പ്രകൃതിയെ കുറിച്ച്, ആദിവാസി സമഹൂത്തെക്കുറിച്ച്, നിയമവ്യവസ്ഥകളെ കുറിച്ച്…
ഞങ്ങളോട് സോണി സംസാരിച്ചു തുടങ്ങിയത് ഒരു നല്ല അധ്യാപികയുടെ വേദനയോടെയായിരുന്നു. അല്ലെങ്കില്‍ മക്കളെ വഴിയിലുപേക്ഷിച്ചു പോരേണ്ടിവന്ന അമ്മയുടെ ഹൃദയവ്യഥയോടെ.
സോണിയുടെ വാക്കുകളിലേക്ക്:
ജയില്‍ ജീവിതത്തിനുശേഷം നഷ്ടപ്പെട്ടു എന്ന് തോന്നിയത് എന്റെ കുട്ടികളുടെ ജീവിതമാണ്.
കുടുംബ ജീവിതത്തിനപ്പുറത്ത് ഞാന്‍ ഒരു സ്കൂള്‍ അധ്യാപികയും ഹോസ്റ്റല്‍ വാര്‍ഡനുമായിരുന്നു. ഏകദേശം ഇരുന്നൂറിലധികം കുട്ടികളെ ആദിവാസി ഗ്രാമങ്ങളില്‍ നിന്നും എത്തിച്ച് ഹോസ്റ്റലില്‍ നിര്‍ത്തി വിദ്യാഭ്യാസം നല്കി വരികയായിരുന്നു. സര്‍ക്കാര്‍ ജോലി ആയിരുന്നതിനാല്‍ നക്സല്‍ ബന്ധം ആരോപിക്കപ്പെട്ടതോടെ ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടു. ഞാന്‍ ജയിലിലേക്ക് പോയശേഷം ഈ സ്കൂളും ഹോസ്റ്റലും അവിടെയുണ്ടായിരുന്ന കുട്ടികളും അനാഥരായ സ്ഥിതിയായിരുന്നു. സല്‍വാര്‍ ജൂദമുമായി ഉണ്ടായ പോരാട്ടങ്ങളിലും മാവോവാദികളും സൈന്യങ്ങളുമായുണ്ടായ ഏറ്റുമുട്ടലിലും ആദിവാസി ഗ്രാമങ്ങളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. വീടുകള്‍ അക്രമകാരികള്‍ അഗ്നിക്കിരയാക്കി. പല കുട്ടികള്‍ക്കും അച്ഛനമ്മമാരെ നഷ്ടപ്പെട്ടു. ഭക്ഷണവും വീടും, ഉറ്റവരുമില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നല്ലഭാവിയും പോരാടനുള്ള ധൈര്യവും നല്‍കാമെന്നും അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒപ്പം നില്‍ക്കാനും വാഗ്ദാനം നല്കി ഞാനവരെ ഒപ്പം കൂട്ടുകയായിരുന്നു. എന്റെ അറസ്റ്റിനുശേഷം അനാഥരായ കുട്ടികള്‍ തിരികെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പോയി. അവിടെയവര്ക്കുവേണ്ടി ഒന്നും അവശേഷിച്ചിരുന്നില്ല. എന്റെ അഭാവത്തില്‍ ഭരണകൂടത്തിന്റെ ചുതലയായിരുന്നു ഇത്തരത്തില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുക എന്നത്. എന്നാല്‍ അതുണ്ടായില്ല. വളരെ ദുഃഖത്തോടെയാണ് ഞാന്‍ പറയുന്നത് അവരിന്ന് മാവോവാദികളായി മാറിക്കഴിഞ്ഞു. മറ്റെന്തായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. ഞാന്‍ പഠിപ്പിച്ചിരുന്ന സ്കൂള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട.് എന്നാലിപ്പോള്‍ അവിടെ ഏകദേശം അന്‍പതില്‍ താഴെമാത്രം കുട്ടികളാണുള്ളത്. വിവിധ ആക്രമണങ്ങളിലൂടെ അനാഥരാക്കപ്പെട്ട ഒരാള്‍ പോലും അവിടെ ഇപ്പോഴില്ല. എന്റെ അറസ്റ്റിനുശേഷം ഗ്രാമങ്ങളിലേക്ക് മടങ്ങിയവരാരും അവിടേക്ക് തിരികെയെത്തിയില്ല. അവരൊക്കെ മാവോവാദികളായി മാറ്റപ്പെട്ടു കഴിഞ്ഞു. നോക്കൂ ഇത് ചെറിയ കുട്ടികളുടെ കാര്യമാണ്. സംരക്ഷിക്കാന്‍ ആരുമില്ലാതാകുന്നതോടെ അവര്‍ എത്തപ്പെട്ടുപോകുന്നതാണ് ഇത്തരം ദുരന്തങ്ങളിലേക്ക്. എന്നാല്‍ ബാസ്തര്‍ പോലുള്ള സ്ഥലങ്ങളിലെ ആദിവാസി യുവാക്കളുടെയും മറ്റ് ജനങ്ങളുടെയും സ്ഥിതിയും വ്യത്യസ്തമല്ല.
ചരിത്രങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കരുതി ഒരു സാധാരണ ജീവിതം ആഗ്രഹിച്ച് നിരവധി ആദിവാസി യുവാക്കള്‍ വിദ്യാഭ്യാസത്തിനു വേണ്ടി കോളേജുകളിലേക്കും മറ്റും എന്റെ ഗ്രാമത്തില്‍ നിന്നുള്‍പ്പെടെ പോകുന്നുണ്ട്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞാല്‍ അവര്‍ തിരികെ ഗ്രാമങ്ങളിലേക്കുതന്നെ തിരികെവരുന്നു. ഇത്തരത്തില്‍ വിദ്യഭ്യാസം നേടുന്നവര്‍ക്ക് ജോലി നല്‍കാനോ മറ്റ് സഹായങ്ങള്‍ ചെയ്തു കൊടുക്കാനോ സര്‍ക്കാരുള്‍പ്പെടെ സന്നദ്ധത കാട്ടുന്നില്ല. ദിവസംതോറും പുതിയ വ്യവസായ സംരംഭങ്ങള്‍ വരുന്നു, പുതിയ കെട്ടിടങ്ങള്‍ വരുന്നു, പല പല തൊഴിലുകളുണ്ടാകുന്നു. എന്നാല്‍ അവിടെയൊന്നും ആദിവാസി ജനതയെ ഉള്‍ക്കൊള്ളിക്കാന്‍ ആരുംതന്നെ തയാറാകുന്നില്ല. ഇനി നിങ്ങള്‍ തന്നെ പറയു അവര്‍ നക്സല്‍ സംഘങ്ങളിലേക്കല്ലാതെ മറ്റെവിടേക്ക് ചെന്നെത്താനാണ്. ഞങ്ങളില്‍ നിന്ന് ഞങ്ങളുടെ ഭൂമിയും അതിനു കീഴെ ഉണ്ടെന്നു സര്‍ക്കാര്‍ വാദിക്കുന്ന ഖനി സമ്പത്തും സര്‍ക്കാരിന് ആവശ്യമുണ്ട്. ഞങ്ങളുടെ ജനങ്ങള്‍ക്ക് ജോലിയില്ല, വിദ്യാഭ്യാസമില്ല, അവകാശങ്ങളില്ല, പലപ്പോഴും ജീവിക്കുവാനുള്ള അനുവാദം പോലും നല്‍കുന്നില്ല. പിന്നെ ഞങ്ങള്‍ എന്തിന് അവര്‍ ആവശ്യപ്പെടുന്നതൊക്കെ നല്‍കണം. എന്തിന് ഞങ്ങളുടെ വനവും ജലവും അവര്‍ക്ക് വിട്ടുനല്‍കണം. ഒരിക്കലും അതുണ്ടാവില്ല.
താങ്കളും ഇതേ സാഹചര്യങ്ങളിലൂടെ കടന്നുവന്നയാളാണ്. മാവോയിസ്റ്റ് എന്നാരോപിച്ച് കൊടിയ മര്‍ദ്ദനങ്ങള്‍ക്കും മനഃസാക്ഷിയെ മരവിപ്പിക്കുന്ന പീഡനങ്ങള്‍ക്കും വിധേയയായവളാണ്. പിന്നെ എന്തുകൊണ്ട് താങ്കളെ സംരക്ഷിക്കാത്തവര്ക്കെതിരെ മുന്‍പ് പറഞ്ഞ ആദിവാസി സമഹൂത്തെപ്പോലെ ഒരു നക്സലൈറ്റ് ആയി മാറ്റപ്പെട്ടില്ല?
നോക്കു, തീര്‍ച്ചയായും രാജ്യദ്രോഹി എന്ന് ചൂണ്ടിക്കാട്ടി ശിക്ഷകള്‍ക്ക് വിധേയയായ വ്യക്തിയാണ് ഞാന്‍. അവര്‍ എന്നെ മാവോവാദി എന്നു വിളിക്കുന്നു എന്നതിനര്‍ഥം ഞാനെങ്ങനെയാണ് എന്നല്ല. ഞാനൊരു ഗാന്ധിയനായ അധ്യാപകനില്‍ നിന്നും വിദ്യാഭ്യാസം നേടിയയാളാണ്. ആദ്യ പാഠങ്ങളില്‍ നിന്നുതന്നെ മാവോവാദത്തിന്റെ വക്താക്കളായി മാറരുതെന്നാണ് അദ്ദേഹം ഞാനുള്‍പ്പെടെയുള്ളവരെ പഠിപ്പിച്ചത്. എന്റെ വഴി അതുകൊണ്ടുതന്നെ മാവോയിസ്റ്റുകളുടെ അടുത്തേക്കായിരുന്നില്ല. ഞാനും അവരും പോരാടുന്നവരാണ്. രണ്ട് ആശയങ്ങള്‍ക്കുവേണ്ടി രണ്ടുതരം ആയുധങ്ങളേന്തിയുള്ള പോരാട്ടമാണെന്നുമാത്രം. എന്റെ ആയുധം ചിന്തയും തൂലികയുമാണ്. അവരുടേത് തോക്കും. തോക്കിന് രക്തം ചീന്താന്‍ മാത്രമേ കഴിയു. എന്നാല്‍ ചിന്തകളിലൂടെയുള്ള പോരാട്ടത്തിന് മാറ്റങ്ങള്‍ കൊണ്ടുവരാനാകും. അവകാശങ്ങള്‍ നേടിയെടുക്കാനാകും. ഞാന്‍ പോരാടുന്നത് എനിക്കുവേണ്ടി മാത്രമല്ല. എന്നെപ്പോലെ പീഡനങ്ങ ഏറ്റുവാങ്ങി ജയിലില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ്, തല്ലിച്ചതച്ച് ഒന്നിനും കൊള്ളാത്തവരായി പുറത്തേക്കെറിയപ്പെടുന്ന എന്റെ സഹോദരന്മാര്ക്കു വേണ്ടിയാണ, ഞാന്‍ ജനിച്ചു വളര്‍ന്ന മണ്ണിന് വേണ്ടി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട 80 മില്യനിലധികം വരുന്ന ജനവിഭാഗത്തിനു വേണ്ടിയാണ്. എനിക്ക് വേണ്ടിയാണ് ഞാന്‍ പോരാടുന്നതെങ്കില്‍ നിങ്ങള്‍ ചൂണ്ടിക്കാട്ടിയതുപോലെ ഞാനൊരു മാവോവാദി ആയി മാറുമായിരുന്നു. എന്റെ പോരാട്ടം എന്റെ പ്രിയപ്പെട്ടവരോട് ഭരണകൂടവും സുരക്ഷാ ഉദ്യോഗസ്ഥരും കാട്ടുന്ന അവഗണനകളോടാണ.് അവിടെ ഞാന്‍ തോക്കെടുത്ത് മാവോവാദി ആകാന്‍ ആഗ്രഹിക്കുന്നില്ല.
പോരാട്ടം ഭരണകൂടത്തിനും പൊലീസിനുമെതിരെ മാത്രമാണോ. നക്സലൈറ്റുകള്ക്കെതിരല്ലെ താങ്കള്‍?
നോക്കു, ഞാന്‍ മുമ്പ് പറഞ്ഞതുപോലെ നക്സല്‍ മറ്റൊരു പ്രസ്ഥാനമാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായൊരു ചിന്താധാരയാണ്. അവര്‍ക്ക് നിലനില്‍ക്കുന്ന വ്യവസ്ഥിതികളിലും നിയമങ്ങളിലും ഭരണകൂടങ്ങളിലും വിശ്വാസമില്ല. മറ്റൊരു സമൂഹം വാര്‍ത്തെടുക്കുവാന്‍ അവര്‍ പോരാടുന്നു. അവരുടെ ചിന്തകളില്‍ മാറ്റം തോക്കിന് കുഴലിലൂടെ മാത്രമേ സാധ്യമാകു. നക്സലുകളുടെ പോരാട്ടം എന്തായാലും, ഏതുതരത്തിലായാലും അതിനെക്കുറിച്ച് എനിക്ക് അഭിപ്രായങ്ങളോ, അനുകൂല മനോഭാവമോ ഇല്ല. എന്റെ പോരാട്ടം ആദിവാസികള്‍ക്കുവേണ്ടിയാണ്. ആദിവാസിക്ക് അവകാശങ്ങള്‍ അനുവദിച്ചു നല്‍കേണ്ടത് നക്സലുകളല്ല മറിച്ച് സര്‍ക്കാരാണ്. എന്നാല്‍ ആ സര്‍ക്കാര്‍ അതിനു തയാറാകുന്നില്ല. അവര്‍ പറയുന്നു ഇവിടങ്ങളില്‍ നടക്കുന്നത് നക്സലുകള്‍ക്കെതിരായ വേരോട്ടങ്ങളാണെന്നാണ്. എന്നാല്‍ ശരിക്കും സംഭവിക്കുന്നതോ, ആദിവാസികളെ അവസാനിപ്പിക്കുവാനുള്ള ശ്രമങ്ങളും. അവര്‍ക്കാവശ്യമുള്ള ജലത്തിനും ഭൂമിക്കും കാടിനും മീതെ ആദിവാസി ജിവിക്കുന്നു. അവന് ചവിട്ടി നില്ക്കുന്ന ഭൂമിക്കുള്ളിലെ ഖനി സമ്പത്ത് നേടാന്‍ അവസാന ആദിവാസിയും ഇല്ലാതാകണം. എന്നാല്‍ ഞങ്ങള്‍ പ്രകൃതിക്കൊപ്പം ജീവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പ്രകൃതി വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയാറാകുന്നില്ല. അനീതികള്‍ക്ക് എതിരെയും അവകാശങ്ങള്‍ക്ക് വേണ്ടിയും ശബ്ദമുയര്‍ത്തിയാല്‍ ഞങ്ങള്‍ നക്സലൈറ്റുകള്‍ ആയി മാറുന്നു. സര്‍ക്കാര്‍ ഞങ്ങളുടെ ഒരാവശ്യങ്ങളും ഇതുവരെയും സാധ്യമാക്കി തന്നിട്ടില്ല.
നോക്കൂ പൊലീസിന് വിവരം ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് നക്സലൈറ്റ് എന്റെ വീടാക്രമിച്ച് എന്റെ പിതാവിന്റെ കാലില്‍ വെടിവച്ചു. അതേസമയം നക്സലൈറ്റാണെന്നാരോപിച്ച് പൊലീസ് എന്നെ ജയിലിലടച്ചു. ജയിലില്‍ നിന്നിറങ്ങിയ ഞാന്‍ ഒരു നക്സല്‍ നേതാവിനെ കണ്ട് ചോദിക്കുകയുണ്ടായി. നിങ്ങളും പൊലീസും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന്. ചില സമയങ്ങളില്‍ നക്സലുകള്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു തരാറുണ്ട്. ഞങ്ങളുടെ പിടിച്ചെടുത്ത് ഭൂമി വിട്ടുനല്‍കാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെയും ഞങ്ങളുടെ ഒരാവശ്യം പോലും അംഗീകരിച്ചു തന്നിട്ടില്ല. എങ്കിലും നക്സലുകളുടെ ആയുധമെടുത്തുളള പോരാട്ടത്തിന് ഞാന്‍ എതിരാണ്. മുമ്പ് പറഞ്ഞതുപോലെ എന്റെ ആയുധം ആശയങ്ങളാണ്.
ഏഴുവര്ഷത്തോളമെത്തുന്നു ആശയങ്ങളിലൂടെ ഉള്ള പോരാട്ടം. ഏതെങ്കിലും തരത്തിലുള്ള മാറ്റം ഉണ്ടാക്കാന്‍ ആ പോരാട്ടങ്ങള്ക്കായിട്ടുണ്ടോ?
ഫലം കിട്ടുന്നുണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമാകുന്നില്ല. ഞാന്‍ പോരാട്ടം തുടരുന്നു. എനിക്കുശേഷം എന്റെ ഒപ്പം ഉള്ളവരും ഞങ്ങളുടെ യുവതലുറയും ആ പോരാട്ടമേറ്റെടുക്കും. എപ്പോള്‍ ഞങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിക്കുന്നുവോ എപ്പോള്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നുവോ, പോരാട്ടം അതുവരെയും തുടരും. ഒരിക്കലും മടുത്ത് ഒളിച്ചോടുകയോ, എളുപ്പമാര്‍ഗം തേടി ആയുധമെടുക്കുകയോ ചെയ്യില്ല. നിങ്ങള്‍ ചോദിച്ചതുപോലെ ഇതുവരെയും ആശയങ്ങള്‍ കൊണ്ടുള്ള പോരാട്ടത്തില്‍ സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ക്കനുകൂലമായ യാതൊരു നിലപാടുകളും ഉണ്ടായിട്ടില്ല. പക്ഷെ ഞങ്ങള്‍ക്കുറപ്പുണ്ട് ഇന്നല്ലെങ്കില്‍ നാളെ, ഈ പോരാട്ടത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കപ്പെടും.
ബസ്തറിലെ ഖനിസമ്പത്ത് സുരക്ഷിതമാക്കാനാണെങ്കിലും കഴിഞ്ഞിട്ടുണ്ടോ താങ്കളുള്‍പ്പെടെയുള്ളവരുടെ ഈ ഉറച്ച നിലപാടുകള്‍ക്ക്?
ഒരിക്കലും ഞങ്ങളുടെ ഭൂമിയിലെ ധാതു സമ്പത്ത് സുരക്ഷിതമല്ല. ചിലപ്പോള്‍ ചിലര്‍ എന്നോട് ചോദിക്കും, എന്തിനാണിവര്‍ നമ്മളെ ഉപദ്രവിക്കുന്നത്? നമ്മുടെ പക്കല്‍ വിലമതിക്കുന്ന വസ്തു വകകളോ വാഹനങ്ങളോ, കോടിക്കണക്കിനു രൂപയോ ഇല്ല. പിന്നെയും പൊലീസുകാര്‍ എന്തിനാണ് നമ്മളെ തല്ലിച്ചതക്കുന്നത്. എന്തിനാണ് മാവോവാദികളല്ല നമ്മളെന്ന് അറിഞ്ഞിട്ടും ജയിലിലടച്ച് ദ്രോഹിക്കുന്നത്. ഞാനവരോട് പറയും നമ്മളാണ് യഥാര്‍ഥ പണക്കാരെന്ന്. നമ്മുടെ സമ്പത്ത് സ്വന്തമാക്കാനാണ് ഭരണകൂടവും കോര്‍പറേറ്റുകളും ശ്രമിക്കുന്നതെന്ന്. നമ്മളിരിക്കുന്ന ഭൂമിക്കു കീഴെ വിലമതിക്കുന്ന ലവണങ്ങളുണ്ട്, അത് സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് നമുക്ക് നേരെ നടക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ പറയുന്നത് നമ്മുടെ പക്കല്‍ ഒന്നും ഇല്ലെന്ന പ്രകൃതിയുടെ മുഴുവന്‍ സമ്പത്തും കൈവശമുള്ള ധനികരാണ് നമ്മള്.
ഇടയ്ക്ക് ഞാനവരോട് ചോദിക്കും ഈ ഭൂമി വിട്ടുനല്‍കാന്‍ നിങ്ങള്‍ തയാറാണോ എന്ന്. മരണംവരെ അതുണ്ടാകില്ലെന്നാകും അവരുടെ മറുപടി. എന്നെക്കാള്‍ ക്രൂരതകള്‍ അനുഭവിക്കുന്ന സ്ത്രീ-പുരുഷന്മാര് ഇന്നും ഞങ്ങള്‍ക്കിടയിലുണ്ട്. മണ്ണിനു കാവലിരിക്കുന്ന ഞങ്ങള്‍ക്കിടയിലേക്ക് മിക്ക ദിവസങ്ങളിലും പൊലീസ് കടന്നുവന്ന് ഞങ്ങളെ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കാറുണ്ട്. പക്ഷെ ഞങ്ങള്‍ പിന്മാറില്ല. ഇങ്ങനെയാണ് ഞങ്ങളുടെ ഖനി സമ്പത്തിന് ഞങ്ങള്‍ കാവലിരിക്കുന്നത്. അവസാന ശ്വാസംവരെ അത് തുടരുകയും ചെയ്യും.
ഭരണകൂടത്തിന്റെ അഭിപ്രായത്തില്‍ അവര്‍ ചെയ്തു കൊണ്ടിരിക്കുന്നവയൊക്കെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്
സര്‍ക്കാര്‍ ഇങ്ങനെയും പറയുന്നുണ്ട്. മാനവിക വികസനങ്ങളുടെ ഭാഗമായി ആദിവാസികള്‍ക്ക് അവര്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്ന്, മെച്ചപ്പെട്ട ജീവിത നിലവാരം ഒരുക്കിനല്കിക്കൊണ്ടിരിക്കുകയാണെന്ന്. അത് യാഥാര്‍ഥ്യമാണോ. എന്ത് വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരുവശത്ത് നിരപരാധികളായ ആദിവാസികളെ വെടിവച്ചും ക്രൂരമര്ദ്ദനങ്ങള്ക്കിരയാക്കിയും കൊലപ്പെടുത്തുന്നു. മറുവശത്ത് വലിയ വലിയ കമ്പനികള്‍ കെട്ടിപ്പൊക്കുന്നു. ഈ വികസനം ആര്‍ക്കുവേണ്ടിയാണ്. ഞങ്ങള്‍ക്ക് വേണ്ടിയല്ല മറിച്ച് വലിയ വലിയ ഉദ്യോഗസ്ഥര്‍ക്കും കമ്പനി ഉടമകള്‍ക്കും വേണ്ടിയാണ്. ആദിവാസി മേഖലയില്‍ യഥാര്‍ഥ വികസനം നടക്കുന്നുണ്ടെങ്കില്‍ ഞങ്ങളുടെ കുട്ടികള്‍ എന്തുകൊണ്ട് ഡോക്ടര്‍മാരും എന്ജിനീയര്മാരുമാകുന്നില്ല. നല്ല വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ അവരിലാര്‍ക്കെങ്കിലും നല്കുന്നതെങ്കില് അവരില്‍ ആരെങ്കിലുമൊക്കെ മുന്‍നിരയിലേക്ക് എത്തുമായിരുന്നില്ലേ. അതുണ്ടാകുന്നില്ലെങ്കില്‍ അതിനര്‍ഥം സര്‍ക്കാര്‍ നുണ പറയുന്നു എന്നാണ്. വികസനത്തിന് ഞങ്ങളും എതിരല്ല. ആദിവാസി എന്താ മനുഷ്യര്‍ അല്ലെന്നാണോ. അവരും ആഗ്രഹിക്കുന്നുണ്ട് മുഖ്യധാര സമൂഹത്തിന്റെ ഭാഗമാകാനും തിളങ്ങുന്ന വൈദ്യുതി വെളിച്ചത്തില്‍ ജീവിക്കുവാനും. എന്നാല്‍ തോക്കിന് മുനയില്‍ നിര്‍ത്തി ഞങ്ങളുടെ ഭൂമികവര്ന്നുകൊണ്ടുള്ള ഒരു വികസനം ഞങ്ങള്‍ക്ക് വേണ്ട. വികസനം എന്നാല്‍ ഞങ്ങളെക്കൂടി സന്തുഷ്ടരാക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ്. നിങ്ങള്‍ക്കെന്താണ് വേണ്ടതെന്ന് ഒരിക്കല്‍ ഒന്ന് ചോദിക്കാനെങ്കിലും സര്‍ക്കാര്‍ തയാറാകണം. ഞങ്ങളുടെ കൂടി അഭിപ്രായങ്ങള്‍ മാനിച്ചാകണം വികസനം.
അത്തരം വികസനം സാധ്യമാക്കാന്‍ ഭരണകൂടം ഒപ്പമുണ്ടാകുമെന്ന് ചിന്തിക്കുന്നുണ്ടോ?
ഈ വികസനം വിനാശത്തിലേക്കാണ്. ഒരിക്കല്‍പോലും ഞങ്ങളുടെ അഭിപ്രായമാരായുവാന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ തയാറായിട്ടില്ല. ഒരിക്കല്‍ സര്‍ക്കാരിനെഴുതിയ കത്തില്‍ ഞാന്‍ സൂചിപ്പക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ ആദിവാസി ജനതയുടെ വികസനം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കാട്ടില്‍ നിന്ന് പുറത്തേക്ക് വരാന്‍ ആദ്യം അനുവാദം നല്‍കുക ആദിവാസിക്ക് കാടിന് പുറത്തേക്ക് വരാനുള്ള സ്വാതന്ത്ര്യം പോലും പലയിടങ്ങളിലുമില്ല. നിങ്ങള്‍തന്നെ പറയൂ ഇത്തരത്തില്‍ വികസനം എങ്ങനെ സാധ്യമാകാനാണ്. ആദിവാസി നഗരത്തിലേക്കിറങ്ങുമ്പോള്‍ തല്ലിയോടിക്കുന്ന ഭരണകൂടം ആദ്യമവന് സ്വാതന്ത്ര്യം നല്‍കുക പിന്നീടാകാം വികസനം.
ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളാണിവയ്ക്കെല്ലാം ആധാരം എന്നാണോ?
ബിജെപി സര്‍ക്കാരും സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ബ്രിട്ടീഷ് ഭരണവും തമ്മില്‍ ചൂണ്ടിക്കാണിക്കത്തക്ക വ്യത്യാസങ്ങളൊന്നുമില്ല. സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി നിലകൊണ്ടപ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും ഞങ്ങള്‍ക്കനുകൂലമായി നിലകൊണ്ടില്ല.
സല്‍വാര്‍ ജൂദമുമായുണ്ടായ പോരാട്ടത്തില്‍ സിപിഐയുടെ സഹായം ഇല്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഒരാദിവാസി പോലും ബാക്കിയുണ്ടാകുമായിരുന്നില്ല. ഭരണകൂടം ശ്രമിച്ചത് എന്നെ നിശബ്ദയാക്കാനാണ്. അതിനാണവരെന്നെ ജയിലിലടച്ചത്. എന്റെ മുഖത്ത് രാസവസ്തു തളിച്ച് വികൃതമാക്കിയത്. എന്നാല്‍ ബേല ഭാട്ടിയയെ പോലെ നിരവധി നല്ല മനുഷ്യര്‍ ശക്തി പകര്‍ന്ന് ഒപ്പം നിന്നു. ആനിരാജയെപോലെ നിരവധി സുഹൃത്തുക്കള്‍ ആശ്വാസമായി. സംശയം ചോദിക്കാന്‍ അധ്യാപകന്റെ അടുത്തുപോകാന്‍ ഭയന്നിരുന്ന എന്നെ എന്റെ ആളുകളുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും വേണ്ടി വാദിക്കാന്‍ മാത്രം പ്രാപ്തയാക്കിയത് അനുഭവങ്ങള്‍ തന്നെയാണ്. സോണി സംസാരിച്ചു കൊണ്ടേയിരുന്നു, സ്വാതന്ത്ര്യത്തെ കുറിച്ച്, അവകാശങ്ങളെ കുറിച്ച്, നാളേക്കായുള്ള നല്ല സ്വപ്നങ്ങളെക്കുറിച്ച്…
തയാറാക്കിയത്: ആനി തോമസ്