ജയിലിലടച്ച ആദിവാസികള്‍ക്കായി പ്രസംഗിക്കാനെത്തിയ സോണി സോഡിയെ അറസ്റ്റ് ചെയ്തു

Web Desk
Posted on October 05, 2019, 7:47 pm

റാഞ്ചി: ആദിവാസി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തയുമായ സോണി സോഡിയെ ദന്തേവാഡ പൊലീസ് അറസ്റ്റ് ചെയ്തു. ദന്തേവാഡയില്‍ ആദിവാസികളുടെ സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പാണ് സോണിയെ അറസ്റ്റ് ചെയ്തത്.

ബിജാപൂര്‍, സുക്മ, ദന്തേവാഡ എന്നിവിടങ്ങളില്‍ നിന്നായി ആറായിരത്തിലധികം പേര്‍ നകുല്‍നാര്‍ വില്ലേജിലെ റാലിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ബസ്താര്‍ മേഖലയില്‍ ജയിലില്‍ അടച്ച നിരപരാധികളായ ആദിവാസികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലിയെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ലിങ്ക കൊടോപി പറഞ്ഞു.

ആദിവാസി മഹാസഭ നേതാവ് മനീഷ് കുഞ്ജാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുക്കേണ്ടതായിരുന്നു. ദന്തേവാഡ കലക്ടര്‍ക്ക് റാലി നടത്തുന്നതിനുള്ള അനുമതിക്കായി നേരത്തേ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.