സോണിയ വീണ്ടും പ്രസിഡൻ്റ്

Web Desk
Posted on August 11, 2019, 12:10 am

ന്യൂഡൽഹി: സോണിയ ഗാന്ധിയെ കോൺഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റായി എഐസിസി പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ഇന്ന് രണ്ട് തവണയാണ് ഇതിനായി യോഗം ചേര്‍ന്നത്. രണ്ടിലും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. ഇതോടെ വൈകീട്ട് ചേർന്ന യോഗത്തിൽ നിന്നും രാഹുല്‍ ഗാന്ധി ക്ഷുഭിതനായി.  തുടർന്നാണ് ഇടക്കാല പ്രസിഡൻ്റ് മതിയെന്നും അത് സോണിയാ ഗാന്ധി ആവണമെന്നും യോഗം നിർദ്ദേശിച്ചത്.

 

നെഹ്റു കുടുംബത്തില്‍ നിന്നും ആരും ഇല്ലെങ്കില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലേയന്ന് രാഹുല്‍ ഗാന്ധി വൈകീട്ട് നടന്ന യോഗത്തിൽ ചോദിച്ചു. ആരും ഇതിനോട് പ്രതികരിച്ചില്ല. ഇതോടെയായിരുന്നു ഇറങ്ങിപ്പോക്ക്. പുതിയ പ്രസിഡൻ്റിനെ തീരുമാനത്തോടെ രാഹുലിൻ്റെ രാജി യോഗം അംഗീകരിച്ചു.

 

പുതിയ അധ്യക്ഷനെ നിശ്ചയിക്കാൻ ശനിയാഴ്ച രാവിലെ  യോഗം തുടങ്ങിയിരുന്നു. രാവിലെ യോഗ സ്ഥലത്തെത്തിയെങ്കിലും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പങ്കെടുക്കാതെ മടങ്ങി. രാജിവച്ചതിനാൽ പ്രവർത്തക സമിതിയിൽ പങ്കെടുക്കാൻ അർഹനല്ലെന്നായിരുന്നു രാഹുലിൻ്റെ നിലപാട്. യോഗത്തിൽ നിന്നൊഴിഞ്ഞു പോകുന്നതിനെ കുറിച്ച് സോണിയ പ്രതികരിച്ചതുമില്ല.

 

വൈകീട്ട് യോഗത്തിനെത്തിയ ശേഷവും ക്ഷുഭിതനായി രാഹുൽ ഗാന്ധി ഇറങ്ങിപ്പോയ ശേഷമാണ് യോഗ തീരുമാനം കെ സി വേണുഗോപാൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. പുതിയ പ്രസിഡൻ്റിനെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും വരെ താൽക്കാലിക അധ്യക്ഷയായാണ് സോണിയയെ നിശ്ചയിച്ചിട്ടുള്ളതെന്ന് വേണുഗോപാൽ വിശദമാക്കി.

 

കോൺഗ്രസിന് അടിത്തറയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സോണിയയെ വീണ്ടും പ്രസിഡൻ്റായി നിശ്ചയിച്ചത്. ഗാന്ധി കുടുംബത്തിനു പുറമെ നിന്നൊരാൾ വരുന്നത് പല സംസ്ഥാനങ്ങളിലും തിരിച്ചടിയുണ്ടാകുമോ എന്ന ഭീതിയാണ് എഐസിസി പ്രവർത്തക സമിതിക്കുള്ളത്.

 

രണ്ടു മാസത്തോളമായി കോൺഗ്രസ് അധ്യക്ഷപദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. രാഹുൽ ഗാന്ധി നൽകിയ കാലാവധി രണ്ടു തവണ പൂർത്തിയായിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താൻ പ്രവർത്തക സമിതി അംഗങ്ങൾക്കായിരുന്നില്ല. ഒട്ടുമിക്കവരും രാഹുലിനെ തന്നെയാണ് ആവശ്യപ്പെട്ടത്. അദ്ദേഹം മാറുന്നെങ്കിൽ ‘താൻ’ എന്നതായിരുന്നു പലരുടെയും മനസിൽ. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പേര് പറയാൻ എല്ലാവരും മത്സരിച്ച് മടിച്ചുനിന്നു.

 

അതേസമയം, രാഹുലിൻ്റെ നിലപാടിനു ചുവടുപിടിച്ച് നിരവധി പിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് പ്രസിഡൻ്റുമാർ രാജിവച്ചിരുന്നു. ഇവരുടെ ഭാവി ഏതുവിധേനയാവും എന്നത് അനിശ്ചിത്വത്തിലാവും. പലയിടത്തും പുതിയ ഭാരവാഹികളെ വേണമെന്ന ആവശ്യങ്ങളുയർന്നേക്കും. യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹികളടക്കമാണ് രാജിവച്ചിരുന്നത്. ഡൽഹി പിസിസി അധ്യക്ഷൻ്റെ തെരഞ്ഞെടുപ്പും പ്രതിസന്ധിയിലാണ്.  നേരത്തേ നവജ്യോത് സിംഗ് സിദ്ധുവിനെ അധ്യക്ഷനാക്കുമെന്നായിരുന്നു കേട്ടത്. എന്നാൽ, ശത്രുഘ്നൻ സിൻഹയ്ക്കുവേണ്ടി പ്രബല വിഭാഗം രംഗത്തുവന്നിട്ടുണ്ട്.