മഹാരാഷ്ട്ര വിഷയം : ചർച്ചക്കായി സോണിയാ ഗാന്ധി പാർട്ടികോർ കമ്മറ്റിയുടെ അടിയന്തര യോഗം വിളിച്ചു

Web Desk
Posted on November 11, 2019, 12:18 pm

ന്യൂഡൽഹി: മഹാരാഷ്ട്ര വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പാർട്ടികോർ കമ്മറ്റിയുടെ അടിയന്തര യോഗം വിളിച്ചു. സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം.

മുതിർന്ന നേതാക്കളായ എ. കെ. ആന്റണി, ഗുലാം നബി ആസാദ്, മഹാരാഷ്ട്രയുടെ ചുമതലയുള്ള എ. ഐ. സി. സി. ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ, കെ. സി. വേണുഗോപാൽ, അംബികാ സോണി, മുകുൾ വാസ്നിക്ക് തുടങ്ങിയവർ യോഗത്തിൽപങ്കെടുക്കുന്നുണ്ട്.

ശിവസേന‑എൻ. സി. പി സഖ്യം യാഥാർഥ്യമാവുകയാണെങ്കിൽ അതിനെ പുറത്തുനിന്ന് പിന്തുണയ്ക്കണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് കോർ കമ്മറ്റി യോഗം ചർച്ച ചെയ്യുന്നത്. നേരത്തെ, ശിവസേനയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടാകുന്നത് ആത്മഹത്യാപരമാണെന്ന നിലപാടിലായിരുന്നു കോൺഗ്രസുണ്ടായിരുന്നത്.

ആശയപരമായി ബി. ജെ. പിയോട് അടുത്തുനിൽക്കുന്ന ശിവസേനയുമായി ബന്ധം സ്ഥാപിക്കുന്നത് പാർട്ടിക്ക് ഗുണകരമാകില്ലെന്നായിരുന്നു കോൺഗ്രസ് നിലപാട്. എൻ. സി. പി അധ്യക്ഷൻ ശരദ് പവാർ ഇന്നുച്ചയോടെ ഡൽഹിയിലെത്തി സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയേക്കും.

മഹാരാഷ്ട്രയിലേക്ക് രണ്ട് കേന്ദ്രനിരീക്ഷകരെ അയക്കാൻ ഹൈക്കമാൻഡ് ഞായറാഴ്ച തീരുമാനിച്ചിരുന്നു. അഹമ്മദ് പട്ടേൽ, മധുസൂദൻ മിസ്ത്രി എന്നിവരെ അയക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞതോടെ നിരീക്ഷകരെ അയക്കേണ്ടതില്ലെന്ന നിലപാടിലേക്ക് പാർട്ടി എത്തുകയായിരുന്നു. കോൺഗ്രസിന്റെ 44 എം. എൽ. എമാർ രാജസ്താനിലെ ജയ്പുറിലാണുള്ളത്