“ശൂരനാടെന്നൊരു നാടിനി വേണ്ട” എന്ന് മന്ത്രിമുഖ്യൻ പറവൂർ ടി കെ നാരായണപിള്ള വിധിച്ചത്, പ്രഖ്യാപിച്ചത് 1950 ജനുവരി ഒന്നാം തീയതി ആയിരുന്നല്ലോ. അന്ന്, ആ കൊച്ചുവെളുപ്പാൻകാലത്തുതന്നെ സസ്പെൻഷനിൽ കഴിഞ്ഞിരുന്ന ഏമാനൊരുവനെ ഫോണിൽ വിളിച്ചുവരുത്തി, ഈ ഭൂമുഖത്തുനിന്നും ശൂരനാടിനെ തുടച്ചുമാറ്റുക എന്ന കാട്ടാളവൃത്തി ഏൽപ്പിച്ചുകൊടുത്തു. ആ നിമിഷംമുതൽ ആ പ്രവൃത്തിയിൽ ആ ഏമാൻ ആത്മാർത്ഥമായി മുഴുകുകയും ചെയ്തു.
ശൂരനാട്ടു ഗ്രാമമധ്യത്തിലുള്ള സാമാന്യം വലിയൊരു മൈതാനമാണ് പൊയ്കമെെതാനം. ആ മൈതാനത്ത് ആകെയുണ്ടായിരുന്നത് കൽപ്പടവുകൾ ഇടിഞ്ഞുപൊളിഞ്ഞ ഒരു ചെറിയ കുളം, ആ കുളത്തിന്റെ കടവിനടുത്ത് ഇടിഞ്ഞുതകർന്ന ആൽത്തറയോടുകൂടിയതും ആകാശത്തേക്കു തലനീട്ടി നിൽക്കുന്നതുമായ ഒരു മെലിഞ്ഞ അരയാലും. ആ മൈതാനത്തിന്റെ ഓരത്തുകൂടി ഇത്തിരി വീതിയുള്ള ഒരു ഗ്രാമറോഡും, തീർന്നു. ആ മൈതാനത്തിന്റെ സവിശേഷതകൾ.
പൊയ്കമൈതാനം ഇൻസ്പെക്ടറദ്ദേഹം തന്റെ ആസ്ഥാനമാക്കി, പെട്ടെന്നാണ് അവിടെ കൈനിലകൾ ഉയർന്നത്. പത്തിരുനൂറോളം ലോക്കലും റിസർവും പൊലീസുകാർ ജനമർദ്ദനസന്നദ്ധരായി അവിടെ സദാ നിലകൊണ്ടിരുന്നു. എട്ടുപത്തു കറുകറുത്ത കാലവാഹനങ്ങൾ — പൊലീസുവാനുകൾ അവിടെ എപ്പോഴും തയാറായി നിരന്നിരുന്നു. അന്നു മുതൽ അന്നാട്ടുകാരുടെ കണ്ണീരും ചോരയുംകൊണ്ട് ആ മൈതാനത്തെ മണ്ണ് നനഞ്ഞു കുതിരാനും തുടങ്ങിയിരുന്നു. ആ നാട്ടിലെ സ്ത്രീ പുരുഷന്മാരുടെയും കുഞ്ഞുങ്ങളുടെയും ആർത്തനാദംകൊണ്ട് ആ ഗ്രാമാന്തരീക്ഷം സദാ പ്രകമ്പനംകൊണ്ടിരുന്നു.
തണ്ടാശേരി രാഘവൻ ആയിരുന്നു ശൂരനാട്ടെ ആദ്യരക്തസാക്ഷി. അറസ്റ്റുചെയ്തിട്ട് അധികം താമസമൊന്നും പൊലീസ് വരുത്തിയില്ല. അദ്ദേഹത്തിന്റെ അരോഗദൃഢഗാത്രത്തിൽ ഏമാന്റെ നിർദ്ദേശമനുസരിച്ചുതന്നെ അവർ കളിനടത്തി. ആദ്യംതന്നെ ഉടുപ്പൂരിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടന്നിരുന്ന ‘മഹത്തായ’ ഒരു ഏർപ്പാട്, ഇപ്പോഴും ഇങ്ങനെയൊരു കർമ്മം നടപ്പുണ്ടോ എന്ന് എനിക്കറിയില്ല. ഉടുപ്പൂരിപ്പിച്ചു എന്നു പറഞ്ഞാൽ അത് ശരിയല്ല; ഇടിച്ചൂരിച്ചു എന്നു വേണം പറയേണ്ടത്. അനന്തരം അവർ അദ്ദേഹത്തിനുചുറ്റും നിന്നു കൂട്ടത്തല്ലു നടത്തി. അടിയുമിടിയുമേറ്റ് അവശനായി താഴെ വീണപ്പോൾ അവർ പന്തടിനടത്തി. ഇരുമ്പുലാടം തറച്ച ബൂട്ട്സിട്ട് രാഘവന്റെ നെഞ്ചത്തു ചവിട്ടി പൊലീസുകാർ നൃത്തംവച്ചു. തോക്കിന്റെ പാത്തിക്കടിച്ച് അവർ താളം പിടിച്ചു. എന്തിനു പറയുന്നു, മണിക്കുർ ഒന്നു കഴിയുംമുമ്പുതന്നെ തണ്ടാശേരി രാഘവനെ അവർ കാലപുരിക്കയച്ചു. അതുകൊണ്ടും അവർക്കു മതിയായില്ല.
കളയ്ക്കാട്ടുതറയിലെ കാരണവരെയും ശൂരനാട്ട് കേസിലെ ഒന്നാം പ്രതി പരമേശ്വരൻ നായരുടെ അച്ഛനെയും പോണാൽ തങ്കപ്പക്കുറുപ്പിന്റെ അച്ഛൻ പരമുക്കുറുപ്പിനെയും അറസ്റ്റുചെയ്തു. മക്കളെ കിട്ടിയില്ലെങ്കിൽ തന്തമാരെ പിടിക്കുക. വയസേറെ ചെന്നവരാണിരുവരും. അതൊന്നും അറസ്റ്റു ചെയ്തവർക്കൊരു കാര്യമായിരുന്നില്ലല്ലോ. കളയ്ക്കാട്ടുതറയിലെ കാരണവരെ അറസ്റ്റുചെയ്തതിന് സ. പരമേശ്വരൻ നായരുടെ അച്ഛനെ അതിനു പുറമേ വെറെയും കാരണവുമുണ്ടായിരുന്നു. കാരണവർ ഏറെക്കാലം ജന്മിയദ്ദേഹത്തിന്റെ കൃഷിനടത്തിപ്പുകാരനായിരുന്നു. ഒടുവിൽ ജന്മിയുടെ അതീവഹീനമായ നടപടിയിൽ മനംമടുത്ത് പിണങ്ങിപ്പിരിഞ്ഞതും ആ അറസ്റ്റിന് ഒരു പ്രധാന കാരണമായിരുന്നു.
രണ്ടു വയസന്മാരെയും പിടിച്ചുകൊണ്ടുവന്ന പൊലീസുകാർ വഴി ചെലവ് വേണ്ടവണ്ണം കൊടുത്താണ് എമാന്റെ മുമ്പിൽ ഹാജരാക്കിയത്. പൊയ്കയിലെ പൊലീസ് പടകുടീരത്തിൽ എത്തിച്ച് അവരെ ആദ്യമായി കൈവെച്ചത് ഏമാൻ തന്നെയായിരുന്നു. മുഖമടച്ചുതന്നെ ആദ്യത്തെ അടി, ഇരു വയസന്മാർക്കും ഏമാൻ തന്നെ കൊടുത്തു. അതൊരു തുടക്കംകുറിക്കലായിരുന്നു.
ഉദ്ഘാടനം! ആ കാരണവന്മാരിരുവരും മുഖമടിച്ചു നിലത്തുവീണു. ബൂട്ട്സിട്ട കാലുകൊണ്ട് ആ നരാധമൻ, അയാളുടെ അച്ഛന്റെ പ്രായമുളള അവരെ രണ്ടുപേരെയും തൊഴിച്ച് ചെന്നായ്ക്കൾക്ക് എറിഞ്ഞുകൊടുത്തു. അവരെ ആ ചെന്നായ്ക്കൾ കടിച്ചുകീറി; ചവിട്ടിമെതിച്ചു. കൈകാൽമുട്ടുകളിൽ തോക്കിൻപാത്തികൊണ്ടിടിച്ചു. ആ കിഴവന്മാരിരുവരും പ്രജ്ഞയറ്റ നിലയിലായി. അവരിരുവരും മരിച്ചുപോയെന്ന് ആ പൊലീസുകാർ തീരുമാനിച്ചു. അവർ ആ വയസന്മാരുടെ അടിയുമിടിയും ചവിട്ടുമേറ്റു ചതഞ്ഞ ശരീരം എടുത്തു വണ്ടിയിലിട്ട് ഓടിച്ചു പോയി, ഒട്ടു ദൂരം ചെന്നപ്പോൾ, ക്രൂരമർദ്ദനംകൊണ്ടു ബോധരഹിതരായിത്തീർന്ന അവരെ രണ്ടു പൊലീസുകാർ കാലിലും കൈയ്ക്കും തൂക്കി ആയംപിടിച്ച് ഓടിക്കൊണ്ടിരുന്ന വണ്ടിയിൽനിന്നും വലിച്ചെറിഞ്ഞു. രണ്ടിടങ്ങളിലായി.
ഭാഗ്യം! റോഡരികത്ത് കുറ്റിക്കാട്ടിൽ ചെന്നുവീണ് മരിച്ചപോലെ — ബോധമറ്റു കിടന്നവരെ കാടൻ കടിച്ചില്ല. അർധരാത്രിയോടടുത്തപ്പോൾ — ചെറിയൊരു മഴപെയ്തു. പ്രകൃതിദേവി, ആ രണ്ടു കിഴവന്മാരുടെയും അതീവദയനീയമായ അവസ്ഥ കണ്ട് കരളുരുകി അവരുടെ മുഖത്തു വെള്ളം തളിച്ചതാവാം. എന്തായാലും രണ്ടുപേർക്കും ബോധംതെളിഞ്ഞു. കൈക്കുടന്നയിൽ ആ മഴവെളളം പിടിച്ചവർ കുടിച്ചു. എങ്കിലും അവർക്ക് അനങ്ങാനായില്ല. അവിടെ, ആ മഴയത്ത് അവർ കിടന്നു; നേരം വെളുക്കും വരെ പാതയോരത്തു കുറ്റിക്കാട്ടിൽ കിടന്നു കഴിച്ചുകൂട്ടി. നേരം വെളുത്തും സ്ഥലബോധം വന്നപ്പോൾ അവർ, അവിടെനിന്നും നിരങ്ങിയും ഇഴഞ്ഞും മുടന്തിയും ഒരുകണക്കിൽ വീടുകളിലെത്തി. ആയിടയ്ക്ക് രാപകൽ വ്യത്യാസമില്ലാതെ ആക്രമണത്തിന് വിധേയമായ ഒരു വീടായിരുന്നു പായിക്കാട്ടു വീട്, ഇൻസ്പെക്ടറേമാന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു എന്നും പായിക്കാട്ടു വീടിനു നേരെ ആക്രമണം നടന്നിരുന്നത്. പായിക്കാട്ടു വീടിനടുത്താണ് നാട്ടുകാർ മീൻപിടിച്ച ചാല്. പായിക്കാട്ടു വീടിന്റെ മുറ്റത്തുവച്ചാണ് ഇൻസ്പെക്ടർ മി. മാത്യുവും പാർട്ടിയും നാട്ടുകാരും തമ്മിൽ അടി തുടങ്ങിയത്. ആ വീടിനു മുന്നിലുള്ള ഇടവഴിയിൽ വച്ചു നടന്ന സംഘട്ടനത്തിലാണ് മി. മാത്യുവും കൃഷ്ണപിള്ളയും കൊച്ചുനാരായണനാശാരിയും ഡാനിയലും മറ്റൊരാളുമുൾപ്പെടെ നാലു പൊലീസുകാരും മരിച്ചുവീണതും. അതെ, തീർത്തും ദാരുണമായ ആ സംഭവം നടന്നത് അവിടെവച്ചാണ്. ഈ കാരണങ്ങളാൽ ആ വീട്ടിലെ ആണുങ്ങളെ പിടിക്കേണ്ടതും ആ വീടു തകർക്കേണ്ടതുമാണെന്ന് പൊലീസുകാരും, ‘നാടൻ ഐജി’ യുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘവും തീരുമാനിച്ചു.
പായിക്കാട്ടെ ഗോപാലപിള്ളയും പരമേശ്വരൻ നായരും ഒളിവിലാണ്. പരമേശ്വരൻ നായരുടെ സഹോദരീഭർത്താവാണ് ഗോപാലപിള്ള. ഗോപാലപിള്ളയുടെ ഭാര്യയും രണ്ടു പൊടിക്കുഞ്ഞുങ്ങളും. അമ്മയും-ഭാര്യാ മാതാവ്- മാത്രമാണ് ഈ പൊലീസ് ആക്രമണകാലത്ത് ആ വീട്ടിൽ താമസിച്ചിരുന്നത്, ആ വീട്ടുവളപ്പിലുള്ള കാഫലമുള്ള വൃക്ഷങ്ങളും വാഴയും ചീനിയും ചേമ്പും ചേനയുമെല്ലാം പൊലീസുകാരും ഗുണ്ടാപ്പടയും, ഇൻസ്പെക്ടർ ഏമാന്റെ നേതൃത്വത്തിൽ വെട്ടിവെട്ടി നശിപ്പിച്ച് നാലുപാടും വാരിയെറിഞ്ഞു. ആടുമാടുകളെയും മൂന്നുനാലു കോഴികളുണ്ടായിരുന്നതിനെയും അവർ പിടിച്ചുകൊണ്ടുപോയി. ആ വീടിനുനേർക്കുള്ള ആക്രമണം ഒരു നിത്യസംഭവമായിരുന്നു. ആയിടയ്ക്ക് ആ അമ്മയെയും മകളെയും ലാത്തിക്കടിച്ചും കുത്തിയും ഭയപ്പെടുത്തിയും ആ വീട്ടുപറമ്പിലിട്ടോടിക്കും. പലപ്പോഴും ആ പാവങ്ങൾ ഓടിയോടി മറിഞ്ഞുവീഴും. അവിടിട്ടടിക്കും. എന്തിന് ഈ അമ്മയെയും മകളെയും ഇങ്ങനെ നിരന്തരം മർദ്ദിക്കുന്നുവെന്നല്ലേ? ഗോപാലപിള്ളയും പരമേശ്വരൻ നായരും എവിടെയെന്നവർ പറഞ്ഞുകൊടുക്കണം. അതിനാണ് ഈ സംഹാരതാണ്ഡവമൊക്കെ ആടുന്നത്. ആ അമ്മയ്ക്കും ആ മകൾക്കും പരമേശ്വരൻനായരും ഗോപാലപിള്ളയും എവിടെന്നു പറഞ്ഞുകൊടുക്കാൻ എങ്ങനെ കഴിയും? അവർക്ക് അതറിയില്ല. അഥവാ അറിയാമെങ്കിലും അവർ പറഞ്ഞുകൊടുക്കുമോ? ഇല്ല. പറഞ്ഞുകൊടുത്താൽ അവരെ പിടിക്കും. പിടിക്കുന്ന നിമിഷം അവരെ കൊല്ലും. തണ്ടാശ്ശേരി രാഘവന്റെ അനുഭവം അതാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്.
അന്നൊരുനാൾ പൊലീസ് ഇൻസ്പെക്ടറും പൊലീസുകാരും ഗുണ്ടാ സംഘവും പായിക്കാട്ടു വീട്ടിൽ കടന്നുകയറിച്ചെന്നു. പതിവിൻപടി ആ അമ്മയെയും മകളെയും അടിക്കുകയും ലാത്തികൊണ്ടു കുത്തുകയും വിരട്ടുകയും ഓടിക്കുകയുമൊക്കെ ചെയ്തു. പുളിച്ചുനാറുന്ന തെറികൊണ്ടവരെ അഭിഷേകം ചെയ്തു. ഇൻസ്പെക്ടറുടെയും പൊലീസുകാരുടെയും വരവ്, പരമേശ്വരൻ നായരും ഗോപാലപിള്ളയും എവിടെന്നു പറയിക്കാനുളള ദൃഢനിശ്ചയത്തോടെയായിരുന്നു. ആ അമ്മയ്ക്കും മകൾക്കും അറിഞ്ഞുകൂടെങ്കിലും പറയിക്കുമെന്ന തീരുമാനത്തിലായിരുന്നുവെന്നു തോന്നും. ഇൻസ്പെക്ടറദ്ദേഹം അലറി.
“അവരവിടെ? പറയെടി നിന്നെക്കൊണ്ടു പറയിക്കും.” തുടർന്നു പച്ചത്തെറി, ആ കുഞ്ഞുങ്ങളുടെ അച്ഛനെവിടെന്ന് ആ അമ്മ എങ്ങനെ പറയും! അവർക്കറിയില്ല. അറിയാമെങ്കിൽത്തന്നെ പറയുമോ? ഇല്ല, പറയില്ല.
“അവരെവിടെടീ.. മോളേ. . പറയെടി നിന്നെക്കൊണ്ടു പറയിക്കും.” ഏമാനാണ്. അയാൾ പൊലീസുകാരെ നോക്കി. നിമിഷത്തിനകം അതു സംഭവിച്ചു; ‘ഠേ’ വെടിതീരുംപോലെ ഒറ്റയടി; മൂഖമടച്ച്. ആ മകൾ അടികൊണ്ട് നിലത്തു വീണുപോയി. അവരുടെ എളിയിൽ ഇരുന്ന ഒന്നരവയസുകാരി കുഞ്ഞ് തെറിച്ചുപോയി. കുഞ്ഞിനെ എടുക്കാൻ ഭാവിച്ച അമ്മയെ പൊലീസുകാർ വട്ടമിട്ട് ലാത്തികൊണ്ടടിച്ചു. കുത്തി. ആ കുഞ്ഞിന്റെ അമ്മ വേദനകൊണ്ടു പുളഞ്ഞുപോയി. ആ കുഞ്ഞുമോൾ നിറുത്താതെ പേടിച്ചു കരഞ്ഞു.
ഒരു പിശാചിന്റെ ചിരി, അല്ല പല്ലിളിപ്പ്, ആ ഏമാന്റെ മുഖത്തു പരന്നു. അദ്ദേഹത്തിന്റെ തലയിൽ ഏതോ പുതിയൊരു മർദ്ദനവിധാനം വിരിഞ്ഞിരിക്കുന്നു.
“നീ പറകില്ല, അല്ലേ? നിന്നെക്കൊണ്ടു പറയിക്കും. അയാൾ നിലത്തു തെറിച്ചുവീണു കിടന്നു കരയുന്ന കുഞ്ഞുമോളെ കാലിൽ പിടിച്ചു തൂക്കിയെടുത്തു. ഒപ്പം ആ കുഞ്ഞിന്റെ പൂപോലുള്ള ദേഹത്ത് ആ മാർദ്ദവമറ്റ കെെകൊണ്ട് അടിയും. കുഞ്ഞുമോൾ വേദനകൊണ്ടു പിടഞ്ഞു. പുളഞ്ഞു കരഞ്ഞു. ആ അമ്മ, മോടെ അച്ഛനെവിടെയെന്ന് അറിയില്ലെന്ന് വിഷ്ണാൽ ഭഗവതിയെ വിളിച്ചാണയിട്ടു പറഞ്ഞു കരഞ്ഞു; കുഞ്ഞിനുവേണ്ടി യാചിച്ചു. അതൊന്നും അദ്ദേഹത്തിനു ബോധ്യമായില്ല. “നിന്നെക്കൊണ്ടു പറയിക്കും, നോക്കിക്കോ. ” എന്നു പറഞ്ഞ് കാലിൽ തൂക്കിപ്പിടിച്ചിരുന്ന ആ കുഞ്ഞുമായി അയാൾ വീടിന്റെ കിഴക്കുപുറത്തുള്ള കുളക്കരയിലേക്കു നടന്നു. ആ അമ്മ, ആ കുഞ്ഞുമോൾക്കുവേണ്ടി വലിയവായിലേ നിലവിളിച്ചു കൊണ്ടു പിന്നാലെ ഓടിച്ചെന്നു. പൊലീസുകാർ അവരെ പിടിച്ചു കുളക്കരയിൽത്തന്നെ നിറുത്തി. എന്തിനു പറയുന്നു, അദ്ദേഹം മനുഷ്യനല്ലാതായി മാറി. ആ കുഞ്ഞിനെ കാലിൽ തൂക്കിപ്പിടിച്ചുകൊണ്ട് വെള്ളത്തിലേക്കിറങ്ങിനിന്ന് അദ്ദേഹം ചോദിച്ചു:
“പറയുന്നോ, ഇല്ലയോ? നീ പറയും. നിന്നെക്കൊണ്ടു പറയിക്കും. ” ആ കുഞ്ഞിനെ ആ പിശാച് വെള്ളത്തിൽ മുക്കി. അവരെങ്ങനെ പറയും? അറിയാത്ത കാര്യം എങ്ങനെ അവർക്കു പറയാൻ കഴിയും? ആ പിശാച്, ആ പിഞ്ചുകുഞ്ഞു ശ്വാസംമുട്ടി പിടയുമ്പോൾ പൊക്കിയെടുക്കും. പിന്നെയും മുക്കും. “പറഞ്ഞോ, പറഞ്ഞോ” എന്ന് ഇൻസ്പെക്ടറും പൊലീസുകാരും ഗുണ്ടകളും പറയവേ പലകുറി കുഞ്ഞിനെ വെള്ളത്തിൽ മുക്കുകയും പൊക്കിയെടുക്കുകയും ചെയ്തു. ആ അമ്മ ബോധംകെട്ടു വീണു. കുഞ്ഞിനെ ആ അമ്മയുടെ നെഞ്ചത്തേക്ക് വലിച്ചെറിഞ്ഞിട്ട് അന്നത്തെ മർദ്ദനപ്രക്രിയ മതിയാക്കി സ്ഥലംവിട്ടു. അയൽക്കാർ ഓടിയെത്തി അമ്മയെയും കുഞ്ഞിനെയും അമ്മൂമ്മയെയും ശുശ്രൂഷിച്ചു; ആശ്വസിപ്പിച്ചു.
ഈ ക്രൂരത ആടിത്തകർത്തത് പായിക്കാട്ടു വീട്ടിൽ മാത്രമായിരുന്നുവെന്നു ധരിക്കരുത്. ശൂരനാട്ടെ മിക്കവാറും എല്ലാ പാവപ്പെട്ടവരുടെയും കർഷകത്തൊഴിലാളികളുടെയും വീടുകളിലും പൊലീസും ഗുണ്ടാസംഘവും ഈ വിധം കൊടിയ കുടിലനൃത്തം ആടിത്തകർക്കുകതന്നെ ചെയ്തു. അല്ലറചില്ലറ ഏറ്റക്കുറച്ചിലുകളോടെ ആയിരുന്നുവെന്നുമാത്രം.
(1975ല്‍ എഴുതിയത്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.