മധ്യതിരുവിതാംകൂറില്‍ മാറ്റത്തിന് വഴിതെളിച്ച ശൂരനാട് സമരം

Web Desk
Posted on March 30, 2018, 2:19 pm

പി എസ് സുരേഷ്

തിരുവിതാംകൂറില്‍ ജന്മിത്വത്തിന് എതിരായ പോരാട്ടചരിത്രത്തില്‍ സുപ്രധാനമായ ഒരേടാണ് ശൂരനാട് സമരം. ഒരുനാട് മുഴുവന്‍ പൊലീസിന്റെ തേര്‍വാഴ്ചയില്‍ ചവിട്ടി അരയ്ക്കപ്പെട്ടു. നിരവധിപേര്‍ രക്തസാക്ഷികളായി. പൗരസ്വാതന്ത്ര്യം പൂര്‍ണമായി ഇല്ലാതായി. മര്‍ദ്ദനമേറ്റവരുടെ എണ്ണം എത്രയെന്ന് കണക്കില്ല. ലോക്കപ്പുകളും ജയിലുകളും കൊലയറകളായി. പൊലീസിനെ ഭയന്ന് അഭയാര്‍ഥികളായി മറ്റ് ഭാഗങ്ങളില്‍ അഭയം തേടിയവരും ഏറെ. സമരത്തിന് നേതൃത്വം നല്‍കിയെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും പാര്‍ട്ടിയോടാഭിമുഖ്യമുള്ള മുഴുവന്‍ സംഘടനകളേയും സര്‍ക്കാര്‍ നിരോധിച്ചു.
ജന്മിത്വവും, അവരുടെ പിണിയാളുകളായ ഭരണകൂടവും അഴിച്ചുവിട്ട കിരാതമായ മര്‍ദ്ദനങ്ങളെയും, പൗരാവകാശ ധ്വംസനങ്ങളേയും ശൂരനാട്ടെ ജനങ്ങള്‍ ധീരമായി നേരിട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിനവര്‍ക്ക് താങ്ങും തണലുമായി. അവരുടെ പോരാട്ടം വിജയിക്കുകതന്നെ ചെയ്തു. ജന്മിത്വത്തിന്റെ വേരറുത്ത് ജനകീയ പ്രസ്ഥാനം ചെങ്കൊടി സ്ഥാപിച്ചു. 68 വര്‍ഷം മുമ്പത്തെ ശൂരനാടും ഇന്നത്തെ ശൂരനാടും തമ്മിലുള്ള അന്തരം കാണുമ്പോഴേ ശൂരനാട് സമരവും അവിടുത്തെ സഖാക്കളുടെ ത്യാഗവും എത്ര മഹത്വപൂര്‍ണമായിരുന്നുവെന്ന് മനസ്സിലാക്കാനാകൂ.
പാവപ്പെട്ട കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന നാടാണ് ശൂരനാട്. അന്നും ഇന്നും കനകം വിളയുന്ന മണ്ണ്. വിസ്തൃതമായ പാടശേഖരങ്ങളും തെങ്ങിന്‍തോപ്പുകളും മണ്ണിനോട് പടവെട്ടുന്ന കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഇതെല്ലാം ശൂരനാടിന്റെ പ്രത്യേകതയായിരുന്നു. കൃഷിഭൂമിയില്‍ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും യാതൊരു അവകാശവും അന്നില്ലായിരുന്നു. കൃഷിയോഗ്യമായ ഭൂമിയുടെ ഗണ്യമായ ഭാഗവും ഒരുപിടി നാട്ടുപ്രമാണിമാരുടെ കൈവശമായിരുന്നു. അവരില്‍ പ്രമുഖരായിരുന്നു ‘തെന്നല പിള്ളമാര്‍’.
അടിമകളെപ്പോലെ പണിയെടുത്ത് നട്ടെല്ല് ഒടിയുന്ന ഈ കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും രാപകല്‍ അധ്വാനിച്ചാല്‍ കിട്ടുന്നത് തുച്ഛമായ കൂലി മാത്രം. തിരുവായ്ക്ക് എതിര്‍വായില്ലാത്ത കാലം. തീണ്ടലും തൊടീലും സാര്‍വ്വത്രികമായിരുന്നു. മുണ്ടുടുക്കാനും മുടി മുറിയ്ക്കാനും മീശ വയ്ക്കാനും വഴി നടക്കാനും എന്തിന് പാത്രത്തില്‍ കഞ്ഞി കുടിക്കാന്‍ പോലും അവര്‍ക്ക് അവകാശമില്ലായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാം ജന്മിമാരുടെ സ്വകാര്യസ്വത്തായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒളിവില്‍ പ്രവര്‍ത്തിക്കുന്ന കാലമാണ്. ഒളിവിലും മറവിലുമായി ജനാധിപത്യയുവജന സംഘടനയുടെ പേരിലാണ് പ്രവര്‍ത്തനം നടന്നുകൊണ്ടിരുന്നത്. ശൂരനാട്ടും സംഘടനയുടെ ശക്തമായ ഒരു ഘടകം പ്രവര്‍ത്തിച്ചുതുടങ്ങി. പ്രാദേശിക പ്രശ്‌നങ്ങളില്‍ യുവാക്കള്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയപ്പോള്‍ ജന്മിമാര്‍ക്ക് അതൊട്ടും സഹിച്ചില്ല. അന്ന് ആരെയും പ്രതിയാക്കാനും കുറ്റം സ്ഥാപിക്കാനും അവര്‍ കമ്മ്യൂണിസ്റ്റുകാരാണെന്ന് മുദ്രകുത്തിയാല്‍ മതി. ഈ ചെറുപ്പക്കാരും അങ്ങനെ മുദ്രകുത്തപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ പുതുപ്പള്ളി രാഘവന്‍, ശങ്കരനാരായണന്‍തമ്പി, തോപ്പില്‍ ഭാസി, സി കെ കുഞ്ഞുരാമന്‍ തുടങ്ങിയവര്‍ ഇവരുമായി ബന്ധം സ്ഥാപിച്ചു. പലതവണ അവര്‍ അവിടെ ക്യാമ്പുചെയ്ത് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നടേവടക്കതില്‍ പരമുനായര്‍, കളയ്ക്കാട്ടുതറ പരമേശ്വരന്‍നായര്‍, പായ്ക്കാലില്‍ ഗോപാലപിള്ള, പായ്ക്കാലില്‍ പരമേശ്വരന്‍നായര്‍, കോതേലില്‍ വേലായുധന്‍നായര്‍, അയണിവിള കുഞ്ഞുപിള്ള, പോണാല്‍ തങ്കപ്പക്കുറുപ്പ്, അമ്പിയില്‍ ജനാര്‍ദ്ദനന്‍നായര്‍, മഠത്തില്‍ ഭാസ്‌ക്കരന്‍നായര്‍, ചാത്താന്‍കുട്ടി ചെറപ്പാട്ട് തുടങ്ങിയവരായിരുന്നു ആ യുവസംഘത്തിലുണ്ടായിരുന്നത്. ജന്മിമാരുടെ മുഷ്‌കിനെ വെല്ലുവിളിക്കാന്‍ ഇവര്‍ തയ്യാറായതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി.
പുന്നപ്ര വയലാര്‍ ദിനാചരണം ശൂരനാട്ട് നടത്തണമെന്ന് ആ യുവാക്കള്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഒരു പ്രകടനമാണ് അവര്‍ നിശ്ചയിച്ചത്. ശൂരനാട് കണ്ട ആദ്യത്തെ ചെങ്കൊടി പ്രകടനം. വിരലില്‍ എണ്ണാവുന്നവര്‍ മാത്രം പങ്കെടുത്ത പ്രകടനം. ഹാലിളകിയ ജന്മിമാരും അവരുടെ ഗുണ്ടകളും ചേര്‍ന്ന് പ്രകടനത്തില്‍ പങ്കെടുത്തവരെ കല്ലെറിഞ്ഞ് ഓടിച്ചു. ചെങ്കൊടി പിടിച്ചുവാങ്ങി കത്തിച്ചു. അതുകണ്ട് കമ്മ്യൂണിസം നശിച്ചുവെന്ന് ആക്രമികള്‍ ആര്‍ത്തുവിളിച്ചു.
യുവാക്കള്‍ അടങ്ങിയിരുന്നില്ല. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അതേസ്ഥലത്തുകൂടി വീണ്ടും ഒരു ചെങ്കൊടി പ്രകടനം നടത്തി. ആ പ്രകടനത്തിന്റെ പിന്നില്‍ വള്ളികുന്നത്തുനിന്ന് പേരൂര്‍ മാധവന്‍പിള്ളയുടെ നേതൃത്വത്തില്‍ ഏതാനം പേര്‍ ഉണ്ടെന്ന് കണ്ട ഗുണ്ടകള്‍ ഭയന്നുപിന്മാറി. വിജയകരമായ ആ പ്രകടനം നടന്നതോടെ ജന്മിമാര്‍ യുവാക്കളുടെ പേരില്‍ കള്ളക്കേസ് കൊടുത്തു. പൊലീസ് പ്രതികളെ തിരഞ്ഞ് അവിടെയൊക്കെ കയറിയിറങ്ങി. നിരപരാധികളെ വിരട്ടി. കണ്ണില്‍ കണ്ടവരെയൊക്കെ തല്ലി. യുവാക്കള്‍ ഒളിവിലായി. പകല്‍സമയം അവര്‍ സമീപ സ്ഥലങ്ങളിലേക്ക് മാറിനില്‍ക്കും. രാത്രിയിലേ വീടുകളിലെത്താറുള്ളു.
ഉള്ളന്നൂര്‍കുളം, ശൂരനാട്, കിഴകിട ഏലയുടെ തെക്കേഅരിക് ചേര്‍ന്ന് കിടക്കുന്ന ഒരു പൊതുകുളമാണ്. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന ഈ കുളം പൊടുന്നനേ ഒരാള്‍ ലേലത്തില്‍ പിടിച്ചു. തെന്നല ഗോപാലപിള്ളയുടെ പ്രേരണയാലാണിത് ചെയ്തത്. അന്നോളം പൊതുജനങ്ങള്‍ ഒന്നിച്ചിറങ്ങി മീന്‍ പിടിച്ച് പങ്കിട്ടെടുക്കുന്ന പതിവ് അങ്ങനെ തെറ്റി. ഇത് പരിസരവാസികളെ ആകെ രോഷാകുലരാക്കി. അവര്‍ കുളത്തിലിറങ്ങി മീന്‍ പിടിച്ചു. ലേലം പിടിച്ചയാള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി. ജന്മിഗൃഹത്തില്‍ ക്യാമ്പ് ചെയ്തു. തീറ്റയും കുടിയും സല്‍ക്കാരവും കഴിഞ്ഞ് അര്‍ദ്ധരാത്രിയോടെ പ്രതികളെ തിരയാന്‍ അവരുടെ കൂരകളിലേക്ക് നീങ്ങി. ജന്മിമാരും അനുചരന്മാരും അവര്‍ക്ക് ചൂട്ടുവീശി വഴികാട്ടിക്കൊടുത്തു.
പായ്ക്കാലില്‍ വീട്ടിലേക്കാണ് അവര്‍ ആദ്യം ചെല്ലുന്നത്. അവിടെ സ്ത്രീകളും കുഞ്ഞുങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഗോപാലപിള്ളയും പരമേശ്വരന്‍നായരും മറ്റ് സഖാക്കളോടൊപ്പം മാറിനില്‍ക്കുകയായിരുന്നു. ഈ സമയത്താണ് പൊലീസുകാര്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ശല്യപ്പെടുത്താന്‍ തുടങ്ങിയത്. കൂട്ടനിലവിളിയായപ്പോള്‍ അയല്‍ക്കാരും ദൂരെ മാറിനിന്നിരുന്ന സഖാക്കളും രംഗത്തെത്തി. പൊലീസുമായി ഏറ്റുമുട്ടി. ആ സംഘട്ടനത്തില്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാലുപൊലീസുകാര്‍ മരിച്ചു. എതിര്‍ഭാഗത്ത് നിരവധി സഖാക്കള്‍ക്ക് പരിക്കുപറ്റി. അതില്‍ പലരുടെയും നില മാരകമായിരുന്നു.
1950 ജനുവരി ഒന്ന്. പുതുവര്‍ഷം പിറന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബഹുജന സംഘടനകളും നിരോധിച്ചെന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്. മുഖ്യമന്ത്രി ടി കെ നാരായണപിള്ള സ്ഥലത്തുവന്ന് ശൂരനാട് എന്നൊരു നാട് ഇനി വേണ്ട എന്ന് പ്രഖ്യാപിച്ചു. പിന്നീട് അവിടെ നടന്നത് നരനായാട്ടാണ്. പൊലീസ് സ്ഥിരം ക്യാമ്പ് തുടങ്ങി. സംശയമുള്ളവരെയൊക്കെ ക്യാമ്പില്‍ കൊണ്ടുപോയി ഭേദ്യം ചെയ്തു. വൃദ്ധരെന്നോ സ്ത്രീകളെന്നോ, കുട്ടികളെന്നോ ഭേദമില്ലാതെ ആരെയും പീഡനത്തിന് വിധേയരാക്കി.
കമ്മ്യൂണിസ്റ്റുകാരനല്ലെങ്കിലും സ്ഥലത്തെ ഏത് നല്ലകാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നിരുന്ന ആളായിരുന്നു തണ്ടാശ്ശേരി രാഘവന്‍. ജന്മിമാരുടെ കൊള്ളരുതായ്മയെ പരസ്യമായി ചോദ്യം ചെയ്തതോടെ അദ്ദേഹം അവരുടെ കണ്ണിലെ കരടായി. തണ്ടാശ്ശേരിയെ കമ്മ്യൂണിസ്റ്റെന്ന് മുദ്രകുത്തി ലോക്കപ്പിലടച്ചു. അതിഭീകരമായ മര്‍ദ്ദനമാണ് അടൂര്‍ ലോക്കപ്പില്‍ അദ്ദേഹം ഏറ്റുവാങ്ങിയത്. മര്‍ദ്ദനത്തിനൊടുവില്‍ അദ്ദേഹം മരിച്ചു. അദ്ദേഹം ശൂരനാട്ടെ ആദ്യ രക്തസാക്ഷിയായി. 1950 ജനുവരി 18നായിരുന്നു ആ മരണം. അതിനാല്‍ ജനുവരി 18 രക്തസാക്ഷിദിനമായി ആചരിച്ചുവരുന്നു.
പായ്ക്കാലില്‍ ഗോപാലപിള്ള, കളയ്ക്കാട്ടുതറ പരമേശ്വരന്‍നായര്‍, മഠത്തില്‍ ഭാസ്‌ക്കരന്‍നായര്‍, കാഞ്ഞിരപ്പള്ളി വടക്ക് പുരുഷോത്തമകുറുപ്പ് എന്നിവരെ ലോക്കപ്പിലും ജയിലിലും വച്ച് മര്‍ദ്ദിച്ചുകൊന്നു.
പുന്തിലേത്ത് വാസുപിള്ള, മലമേല്‍ കൃഷ്ണപിള്ളസാര്‍, കാട്ടൂര്‍ ജനാര്‍ദ്ദനന്‍നായര്‍ എന്നിവര്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് ജയില്‍ വിമോചിതരായി ഏതാനുംദിവസം കഴിഞ്ഞപ്പോള്‍ മരിച്ചു. ചാലിത്തറ കുഞ്ഞച്ചന്‍, പായ്ക്കാലില്‍ രാമന്‍നായര്‍ എന്നിവരെ പറ്റി ഇന്നോളം ആര്‍ക്കും അറിവില്ല. അവരെയും പൊലീസ് കൊന്ന് ആരുമറിയാതെ കുഴിച്ചുമൂടിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
ആര്‍ ശങ്കരനാരായണന്‍ തമ്പി, തോപ്പില്‍ ഭാസി, ചേലക്കോട്ടേത്ത് കുഞ്ഞിരാമന്‍, പേരൂര്‍ മാധവന്‍പിള്ള. പനത്താഴ രാഘവന്‍, നടേവടക്കതില്‍ പരമുനായര്‍, പായ്ക്കാലില്‍ പരമേശ്വരന്‍നായര്‍, കോതേലില്‍ വേലായുധന്‍നായര്‍, ചാത്തന്‍കുട്ടി ചെറപ്പാട്ട്, അമ്പിയില്‍ ജനാര്‍ദ്ദനന്‍ നായര്‍, അയണിവിള കുഞ്ഞുപിള്ള, പോണാല്‍ തങ്കപ്പകുറുപ്പ്, വിളയില്‍ ഗോപാലന്‍നായര്‍ എന്നിവരായിരുന്നു മറ്റ് പ്രതികള്‍. ആകെ 26 പ്രതികള്‍. അവരാരും ഇന്ന് നമ്മോടൊപ്പമില്ല എങ്കിലും കെടാത്ത ആവേശമായി നമ്മുടെ മനസ്സില്‍ അവര്‍ ജ്വലിച്ചുനില്‍ക്കുന്നു.