11 December 2024, Wednesday
KSFE Galaxy Chits Banner 2

വ്രണിതമായ വികാരങ്ങൾ ശമിപ്പിക്കാനാകണം

Janayugom Webdesk
December 12, 2021 5:00 am

ഇടുങ്ങിയ പാതയിലൂടെ ആ പിക്കപ്പ് ട്രക്ക് നിരങ്ങി മുകളിലേക്ക് കയറുകയായിരുന്നു. ട്രക്കിൽ ഖനിത്തൊഴിലാളികളായ നിരായുധരായ പുരുഷന്മാർ നിരന്നിരുന്നു. തോക്കുകൾ തങ്ങൾക്കുനേരെ മിന്നിമറയുന്നത് അവർ കണ്ടു. ഭയം അവരെ വിഴുങ്ങി. ഒരൊറ്റ നിമിഷം, വെടിയുണ്ടകൾ തുളച്ചുകയറി. ചോരയിൽ കുളിച്ച് അവർ പിടഞ്ഞു മരിച്ചു. ശേഷിച്ച രണ്ടുപേരാകട്ടെ ഇപ്പോഴും ജീവനുവേണ്ടി മല്ലിടുന്നു. ടിരു താഴ്‌വരയിലെ കൽക്കരിപ്പാടങ്ങളിലെ ഖനിത്തൊഴിലാളികളായിരുന്നു കൊല്ലപ്പെട്ടത്. നാഗാലാൻഡിൽ മോൺ ജില്ലയിൽ ഓട്ടിങ് ഗ്രാമത്തിലെ താമസക്കാരായിരുന്ന കൊൻയാക് നാഗന്മാരുടെ വംശം. കൊലപ്പെടുത്തിയവരോ ജോർഹട്ട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിലെ പാരാ കമാൻഡോകളും. പ്രദേശത്ത് നീങ്ങുന്ന കലാപകാരികളെ ലാക്കാക്കിയാണ് ആക്രമണം എന്നായിരുന്നു ഒരു വിശദീകരണം. ആർമി ഇന്റലിജൻസിൽ നിന്നാണ് കലാപകാരികൾ നീങ്ങുന്നതായി വിവരം ലഭിച്ചത് എന്നും വ്യക്തമാക്കുന്നു. എന്നാൽ രക്തരൂക്ഷിതമായ ഈ സംവഭത്തിൽ പഴുതുകൾ ഏറെയായിരുന്നു. എന്തുകൊണ്ടായിരുന്നു കലാപകാരികൾ എങ്കിൽ, അവരെ ജീവനോടെ പിടികൂടാൻ പരിശ്രമിക്കാതിരുന്നത്. ഇന്റലിജൻസ് അവകാശപ്പെടുന്നതുപോലെ അവർ കലാപകാരികളാണെങ്കിൽ, ഒരു പ്രകോപനമോ ഒരു പ്രസ്ഥാനമോ ഉണ്ടായിരിക്കേണ്ടതല്ലേ, പ്രത്യേകിച്ച് രാജ്യത്തിനുള്ളിൽ. പാരാ കമാൻഡോകൾ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് ലോക്കൽ പൊലീസിനോ അസം റൈഫിൾസിനോ ഒരു സൂചനയും സൈന്യം നൽകിയതുമില്ല. ഒരു ‘സർജിക്കൽ സ്ട്രൈക്കിനുള്ള പദ്ധതിയായിരുന്നോ എന്ന ചോദ്യവുമുയരുന്നു. ശത്രു കൂടുതൽ പ്രബലനാകുമ്പോൾ പതിയിരുന്നുള്ള ആക്രമണം ഒരു കർമ്മ പദ്ധതിയാണ്. പക്ഷേ ഇവിടെ ഒരു അധമശക്തിയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പതിയിരുന്ന് ആക്രമിക്കുമ്പോൾ സാധാരണയായി സ്വീകരിക്കുന്ന ‘ഹിറ്റ് ആൻഡ് റൺ’ തന്ത്രം പ്രസക്തവുമല്ല. പക്ഷെ, കമാൻഡോകൾ തന്റെ സഹോദരന്റെ ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ റോഡരികിലേക്ക് ഒന്നൊന്നായി വലിച്ചെറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ട രണ്ടുപേരിൽ ഒരാൾ പറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇല്ലായ്മ ചെയ്യാൻ തീരുമാനിച്ചുറപ്പിച്ചുള്ള പദ്ധതിയാണെന്ന് ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഇതിനായുള്ള ഒരുക്കങ്ങളും സംവിധാനങ്ങളും ക്രമീകരിച്ചിരുന്നു. എന്നാൽ വിജയമല്ല, ദുരന്തമാണുണ്ടായതെന്ന് വ്യക്തമായി. ടിരു കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന നിരായുധരായ നിരപരാധികളായ ഗ്രാമീണരാണ് ഇരകളായത്. ഇവരിൽ ആറുപേരും ട്രക്കിൽ വച്ച് ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. പ്രകോപിതരായ കൊൻയാക് ഗ്രാമവാസികൾ പതിയിരുന്ന് ആക്രമണം നടത്തിയവരെയും പിന്നീട് അസം റൈഫിൾസ് പോസ്റ്റിനെയും ആക്രമിച്ചു. ഇതിൽ കൂടുതൽ പേർക്ക് പരിക്കേൽക്കുകയും ചിലർ കൊല്ലപ്പെടുകയും ചെയ്തു. ഒരു സൈനികനും കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പലപ്പോഴും അക്രമാസക്തമായ കലാപങ്ങൾക്കും (അഫ്‌സ്‌പ) 1958 പോലെയുള്ള സായുധ സേന പ്രത്യേക അധികാര നിയമങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം; നാഗാലാൻഡിൽ നിരപരാധികളായ ഗ്രാമീണരെ കൂട്ടക്കൊല ചെയ്‌ത സൈനികനടപടിയെ ന്യായീകരിച്ച്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ


മണിപ്പൂരിൽ അഫ്‌സ്‌പയ്ക്കെതിരെ വലിയ പ്രതിഷേധം ഉയർന്നു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ചിലയിടങ്ങളിൽ അഫ്‌സ്‌പ നീക്കം ചെയ്യേണ്ടിയും വന്നു. ‘വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നു’, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യസഭയിൽ പറഞ്ഞു. ആരും ഓടിപ്പോകാൻ ശ്രമിച്ചില്ല, വെടിവയ്പ്പ് വേളയിൽ വാഹനത്തിൽ തന്നെയായിരുന്നു തങ്ങൾ, പരിക്കേറ്റവരിൽ ഒരാൾ പറഞ്ഞു. സംഭവം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസം പൊലീസിന്റെ ഒരു സംഘം ഇവർക്ക് സംരക്ഷണം നൽകിയതായി ആശുപത്രി അധികാരികൾ പറഞ്ഞു. പരുക്കേറ്റവർ ആരാണെന്ന് നേരത്തെ അറിയില്ലായിരുന്നുവെന്നും എന്നാൽ കൊലപാതകത്തെക്കുറിച്ചുള്ള വാർത്ത പരന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഖനിത്തൊഴിലാളികളുടെ ഫോട്ടോകൾ സമൂഹ്യമാധ്യമങ്ങളിൽ നൽകുകയും അവരുടെ ഗ്രാമവുമായി ബന്ധിപ്പിക്കുകയും ആയിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. അങ്ങനെയാണ് വാർത്തകൾ പുറംലോകം അറിഞ്ഞത്. വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും യാഥാർത്ഥ്യങ്ങളാണ്. അത്തരം ‘കുറ്റകൃത്യങ്ങൾക്ക്’ നിയമപരമായ വിചാരണയോ ശിക്ഷയോ ലഭിക്കാറില്ല എന്ന് സമൂഹത്തിന് ബോധ്യമുണ്ട്. കലാപകാരികൾ എന്ന് വിളിക്കപ്പെടുന്നവരെ കൊന്നൊടുക്കുമ്പോൾ സങ്കടവും ദേഷ്യവും നിരാശയും സമൂഹത്തിൽ പടരുന്നു. കുറ്റവാളികൾക്കുമേൽ, പക്ഷേ നടപടിയില്ല. വെടിനിർത്തൽ കരാർ അംഗീകരിക്കാത്ത ഒളിപ്പോരാളികളുടെ വിഭാഗവും ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. എൻഎസ്‌സിഎൻ‑കെ സ്ഥാപകന്‍ അന്തരിച്ച എസ് എസ് ഖപ്ലാങ്ങിന്റെ അനന്തരവൻ യുങ് ഓംഗിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുങ് ഓംഗിന് മ്യാൻമറിൽ പിന്തുണയുണ്ട്. ചരിത്രം വ്യക്തമാക്കുന്നത് നാഗാലാൻഡിൽ പ്രക്ഷോഭം ആരംഭിച്ചത് നാഗാ നാഷണൽ കൗൺസിൽ ഓഫ് എ ഇസഡ് ഫിസോയുടെ നേതൃത്വത്തിലുള്ള സംഘം മാത്രം ആയിരുന്നു എന്നാണ്. ഈ സംഘം 1975‑ൽ ഷില്ലോങ് ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഇന്ത്യാ ഗവൺമെന്റുമായി സമാധാന കരാറിൽ ഏർപ്പെട്ടു. 1980‑ൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (എൻഎസ് സിഎൻ) എന്ന പേരിൽ ഒരു സംഘം പ്രതിഷേധിച്ച് പിരിഞ്ഞു. എന്നാൽ എൻഎസ് സിഎൻ 1988ൽ പരസ്പരം പോരടിച്ച് രണ്ടായി പിളർന്നു. ഓരോ ഗ്രൂപ്പിലും ഇന്ത്യൻ, മ്യാൻമർ നാഗുകൾ ഉണ്ടായിരുന്നു. അവർ വിവിധ വിഭാഗങ്ങൾക്ക് രൂപം നൽകി. ഇന്ത്യൻ നാഗുകളുടെ നേതൃത്വത്തിലുള്ള വിഭാഗങ്ങളാകട്ടെ വെടിനിർത്തൽ നടപടികളുമായി മുന്നോട്ടു പോകുന്നു. 2017ൽ ഖപ്ലാങ് മരിച്ചു. ഖാൻഗോ കൊന്യാക് എൻഎസ് സിഎൻകെയുടെ തലവനായി. 2018ൽ ഖാൻഗോ കൊന്യാകിനെ പുറത്താക്കി യുങ് ഓങ് അധികാരിയായി. നിലവിൽ ഇന്ത്യയിൽ ഖാൻഗോ കൊന്യാക് തിരിച്ചെത്തിയിരിക്കുന്നു. സമാധാന പ്രക്രിയകൾ അനുസ്യൂതം തുടരുകയും അന്തിമരൂപം ആർജ്ജിക്കുകയും വേണം. പക്ഷേ ദുരന്തത്തിന് ആഴമേറിയ സ്വാധീനമുണ്ട്. പ്രതിസന്ധിയുടെ പരിഹാരം കേന്ദ്രഭരണകൂടത്തിന്റെ സമീപനത്തെ ആശ്രയിച്ചിരിക്കുന്നു, പ്രത്യേകിച്ചും നാഗാ ജനവിഭാഗങ്ങളുടെ വ്രണിതമായ വികാരങ്ങൾ ശമിപ്പിക്കുന്നതിൽ. അവസാന കച്ചിത്തുരുമ്പെന്ന നിലയിൽ, ദുരന്തം പങ്കിടാനുള്ള ആത്മാർത്ഥമായ ശ്രമം പ്രതിഫലിപ്പിച്ച് മാപ്പ് പറയേണ്ടിവന്നത് ഓര്‍മ്മയുണ്ടാകണം.

You may also like this video;

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.