സോപാനപ്പെരുമ

Web Desk
Posted on June 23, 2019, 7:40 am

ആര്‍ ബാലചന്ദ്രന്‍

കുട്ടനാടിന്റെ മണ്ണില്‍ പിറന്ന കാവാലം നാരായണപണിക്കരുടെ ജീവിതം കലാ ആസ്വാദകര്‍ക്കുള്ള ഒരു തുറന്ന പുസ്തകമാണ്. ഒരു നാടിന്റെ പേരില്‍ അറിയപ്പെടുന്ന അദ്ദേഹം കൈവെച്ച എല്ലാ കലാ മേഖലകളില്‍ അഗ്രഗണ്യനായി. കുട്ടനാടിന്റെ താളതുടിപ്പുകളാണ് കലകളില്‍ അദ്ദേഹം കൂടുതലായും ഉപയോഗിച്ചത്. തന്റെ കവിതക്കും നാടകത്തിനും നല്‍കിയ ശൈലി കര്‍ഷകരുടെ മനസ്സിന്റെ ഭൂമിശാസ്ത്രമായിരുന്നു. കാവാലത്തിന്റെ സ്വന്തം ആശാനായി അറിയപ്പെട്ടിരുന്ന നാരായണപ്പണിക്കര്‍ ജീവിതാവസാനം വരെ നല്ലഒരു കലോപാസകനാണെന്ന് തെളിയിക്കുകയും ചെയ്തു. ജൂണ്‍ 26ന് കാവാലത്തിന്റെ മൂന്നാം ഓര്‍മ്മ ദിനമാണ്. കവാലം നാരായണ പണിക്കര്‍ കലാരംഗത്ത് നല്‍കിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച നല്‍കുന്നത് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള കുടുംബമാണ്. കാവാലം രൂപീകരിച്ച നാടകവേദി ‘സോപനം’ വളരെ നല്ല പ്രവര്‍ത്തനങ്ങളാണ് തനത് നാടക രംഗത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

കാവാലത്തിന് ശേഷം സോപാനത്തെ നയിക്കുന്നത് സെക്രട്ടറിയായ ചെറുമകള്‍ കല്യാണി കൃഷ്ണനാണ്. തൃശ്ശൂരില്‍ താമസമാക്കിയ ഇവര്‍ സദാസമയവും അപ്പൂപ്പന്റെ സോപനത്തിനൊപ്പം പ്രവര്‍ത്തിച്ചുവരുകയാണ്. ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൃഷ്ണകുമാറും മറ്റ് കുടുംബാഗങ്ങളും നല്‍കുന്ന പിന്തുണയാണ് കാവാലം ഒഴിച്ചിട്ട സോപാനത്തെ നിയന്ത്രിക്കുന്നതിന് ശക്തിയാകുന്നത്. കുട്ടിക്കാലം മുതലുള്ള കലയുമായുള്ള ആത്മബന്ധമാണ് കല്യാണിയെ ഈ നിയോഗത്തിലേക്ക് എത്തിച്ചത്. ബാംഗ്ലൂരില്‍ അധ്യാപികയായിരുന്ന ഇവര്‍ ജോലി ഉപേക്ഷിച്ചാണ് പ്രസ്ഥാനത്തിന്റെ ചുമതല ഏറ്റെടുത്തത്. പരേതനായ കാവാലം ഹരികൃഷ്ണന്റെ മകളാണ്. പ്രശസ്ത കവിയായ പി നാരായണകുറുപ്പാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍. സോപാനത്തിന്റെ വളര്‍ച്ചയെ കുറിച്ചും കാവാലവുമായി ബന്ധപ്പെട്ട അനുഭവങ്ങളും വെളിപ്പെടുത്തുകയാണ് കല്യാണി.…

കാവാലത്തിന്റെ ചാലയില്‍ തറവാട്

സോപാനം; കൂട്ടായ്മയുടെ ഇടം

കാവാലത്തിന്റെ വീടിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സോപാനം നാടകക്കളരി ശരിക്കും ഒരു കൂട്ടായ്മയുടെ ഇടമാണ്. അവിടെ നാടകങ്ങള്‍ ജനിക്കുക മാത്രമല്ല പുത്തന്‍ നാടക പരീക്ഷണങ്ങളുടെ വേദികൂടിയാണ്. മുത്തച്ഛന്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അങ്ങനെ തന്നെ തുടരുകയാണ്. ഈ നയത്തില്‍ നിന്നും വ്യതിചലിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കലകള്‍ എന്തായാലും സ്വാതന്ത്യത്തോടെ അവതരിപ്പിക്കണം. അതിന്റെ കെട്ടിലും മട്ടിലും മാറ്റങ്ങള്‍ വരുത്താതെ തനതായി അവതരിപ്പിച്ചാലെ പ്രേക്ഷക ശ്രദ്ധനേടാന്‍ കഴിയൂ. അതിനാല്‍ പാരമ്പര്യത്തിലൂന്നിയുള്ള നാടകങ്ങളാണ് അവിടെ നിന്നു വേദിയിലെത്തുന്നത്. ഒരു നാടകത്തിന്റെ ആശയം കവിതാ രൂപത്തില്‍ അവതരിപ്പിക്കുകയെന്നത് മുത്തച്ഛന്റെ രീതിയായിരുന്നു. ഇത് കുടുംബത്തിലായിരുന്നു ആദ്യം ചര്‍ച്ച ചെയ്യുന്നത്. പിന്നീട് സോപാനത്തിലെ 25 കലാകാരന്‍മാരുമായി സംവദിക്കും. എല്ലാവരില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാണ് നാടകം ചിട്ടപ്പെടുത്തുന്നത്. ഇതോടൊപ്പം കവിതയും നാടന്‍പാട്ടുകളും കവാലം പാടുമായിരുന്നു. ക്ഷേത്രസോപാനത്തില്‍ നിന്നും ഇടയ്ക്ക എന്ന വാദ്യത്തെ നാടകത്തിന്റെ കാവാലക്ഷേത്രമായ സോപാനത്തിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതും അദ്ദേഹം തന്നെ.
കലാപരമായി ഒരു പരീക്ഷണ വേദിയായി മാറ്റാനും സോപാനത്തെ കാവലം ഉപയോഗപ്പെടുത്തി.സോപാനത്തിലെത്തുന്ന ഓരോരുത്തരും വ്യത്യസ്തതലത്തിലുള്ളവരാണ്.അവിടെ ഗുരുവും ശിഷ്യന്‍മാരുമില്ല. കാവാലം അവിടെ എത്തുന്നത് ശിഷ്യന്റെ രൂപത്തിലായിരിക്കും. സോപാനത്തില്‍ നാടകം ചര്‍ച്ച ചെയ്യാനായി എത്തുന്നവരില്‍ ഒരാളായി നാടകത്തെക്കുറിച്ചുള്ള പുതിയ പാഠങ്ങള്‍ പഠിക്കാന്‍ അദ്ദേഹവുമുണ്ടാകും. കാവാലത്തില്‍ നിന്നു നാടകം പഠിക്കാന്‍ സോപാനത്തിലെത്തി പുതിയ നാടക സങ്കേതങ്ങളെക്കുറിച്ച് അദ്ദേഹത്തെ പഠിപ്പിച്ച ശിഷ്യമാരും അനേകം ഉണ്ട്. സോപാനത്തില്‍ നിന്നു നാടകങ്ങള്‍ മാത്രമല്ല പിറവിയെടുത്തിട്ടിട്ടുള്ളത്. സംഗീതത്തെക്കുറിച്ചും മോഹിനിയാട്ടത്തെക്കുറിച്ചും പഠിക്കുക, നാടകത്തിന്റെ കളിയൊരുക്കങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ സോപാനത്തില്‍ സ്ഥിരമായി നടന്നുവരുന്നു.
മോഹിനിയാട്ടം, നടന വൈഭവം, കളരി എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ചെയ്ത് കഴിഞ്ഞാല്‍ കലാ സംഘത്തോടൊപ്പം ചേര്‍ന്ന് പരിശീലനം തുടരാന്‍ കഴിയും. തീയേറ്റര്‍ സംവിധാനത്തോടെയുള്ള കലാ പഠനത്തിന് പഠിതാക്കള്‍ ഏറിവരുകയാണ്. കലാപരമായി ചില ഗവേഷണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. പുതുമ തേടിയുള്ള യാത്രയാണ് കവാലം എന്നും ആഗ്രഹിച്ചിരുന്നത്. ചലച്ചിത്ര സംവിധായകനായ അരവിന്ദന്‍, നാടകകൃത്ത് സി എന്‍ ശ്രീകണ്ഠന്‍ നായര്‍, കവി അയ്യപ്പപണിക്കര്‍, നടന്‍മാരായ ഗോപി, നെടുമുടി വേണു, മുരളി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ എന്നിങ്ങനെ കാവാലത്തിന്റെ കലാസപര്യക്കൊപ്പം നിന്നത് മലയാളത്തിലെ വലിയ പ്രതിഭകളാണ്. ഇവരുടെ കൂട്ടുകെട്ടില്‍ പിറന്ന സാക്ഷിയും, തെയ്യത്തെയ്യവും ദൈവത്താറും കര്‍ണഭാഗവുമൊക്കെ കേരളത്തില്‍ മാത്രമല്ല മറ്റ് നാടുകളിലെ കലാപ്രേമികള്‍ക്കിടയിലും ചര്‍ച്ചയായി.

കാവാലത്തിന്റെ ചാലയില്‍ തറവാട്

സഹപ്രവര്‍ത്തകരും സൗഹൃദവും

സഹപ്രവര്‍ത്തകരും വിപുലമായ സൗഹൃദവുമാണ് സോപാനത്തെ ഇപ്പോഴും ജനങ്ങള്‍ നെഞ്ചിലേറ്റുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലെയും കലാകാരന്‍മാരുമായും കവികളുമായും വലിയ സുഹൃദ് ബന്ധം കാവാലത്തിനുണ്ടായിരുന്നു. ഉത്തരേന്ത്യക്കാരനും നാടക നടനുമായ ഭരത് രത്‌ന ഭാര്‍ഗവ, തെന്നിന്ത്യന്‍ കവി ഉദയന്‍ വാജ്പയി തുടങ്ങിയവരുമായുള്ള സൗഹൃദം സോപാനത്തിന് ഉത്തരേന്ത്യയില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചു. നാടക പ്രസ്ഥാനവുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചിട്ടുള്ള കാവലത്തിനൊപ്പം പല യാത്രകളിലും ഞാനും ഭാഗമായി. അങ്ങനെ വ്യത്യസ്ത നാടക അനുഭവങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു. ലോകത്തില്‍ എവിടെയായാലും നാടകത്തിന് ഒരേ ഘടനയും ഭാവവുമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ആരും അന്യരല്ല എന്ന ബോധമാണ് കാവാലത്തെ മുന്നോട്ടു നയിച്ചിരുന്നത്. സോപാനത്തിന്റെ പൊതു സവിശേഷതയും അതായിരുന്നു. അവിടെ വരുന്നവരില്‍ ഉച്ചയ്ക്കു ഭക്ഷണം കൊണ്ടുവരുന്നവരും കൊണ്ടുവരാത്തവരുമുണ്ടാകും. ഭക്ഷണം കൊണ്ടുവരാത്തവര്‍ കാവാലത്തിനൊപ്പം വീട്ടില്‍നിന്നു ഭക്ഷണം കഴിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. വ്യക്തികളെ പരസ്പരം അറിയാനും അടുക്കാനും സ്വന്തം സഹോദരങ്ങളെപ്പോലെ കരുതാനും കാവാലത്തിന് അനന്യസാധാരണമായ കഴിവുണ്ടായിരുന്നു. അന്യോന്യം സ്‌നേഹവും വിശ്വാസവുമൊക്കെയുള്ള ഒരു വലിയ കുടുംബമായിരുന്നു സോപാനം.

കാവാലം നാരായണ പണിക്കര്‍

അവഗണിക്കപ്പെട്ട കലകള്‍ക്ക്  ജീവന്‍ നല്‍കി

നാരായണപ്പണിക്കര്‍ കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ അവഗണിക്കപ്പെട്ട നിരവധി കലാകാരന്മാര്‍ക്ക് പുതുജീവന്‍ നല്‍കി. അതിലൊന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രം നിലനില്‍ക്കുന്ന തിടമ്പ് നൃത്തമാണ്. തിടമ്പുനൃത്തത്തിന് അവാര്‍ഡിനര്‍ഹനെ കണ്ടുപിടിക്കാന്‍ എന്നെയാണ് സാര്‍ ഏല്‍പ്പിച്ചത്. ഏറ്റവും പ്രഗത്ഭനായ വെതിരമന ശ്രീധരന്‍ നമ്പൂതിരിയെ അവാര്‍ഡിനായി പരിഗണിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇന്നാട്ടിലെ എഴുപതോളം വരുന്ന തിടമ്പുനൃത്തക്കാരുടെ ഗുരുവാണ് അദ്ദേഹം. ശ്രീ വെതിരമന ശ്രീധരന്‍ നമ്പൂതിരിക്ക് കൊടുക്കാന്‍ തീരുമാനിച്ചു. പക്ഷേ അവാര്‍ഡ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പത്തെ ദിവസം അദ്ദേഹം മരണപ്പെട്ടു. മരണാനന്തര അവാര്‍ഡ് കൊടുക്കുവാന്‍ സംഗീതനാടക അക്കാദമിക്ക് വകുപ്പില്ല. പക്ഷേ ആ അവാര്‍ഡ് വെതിരമനയുടെ നാമധേയത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യനും പ്രഗത്ഭനും ആയ തെക്കില്ലം ശങ്കരന്‍ എമ്പ്രാന്തിരിക്ക് നല്‍കാന്‍ തീരുമാനിക്കുകയും അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബ്രാഹ്മണര്‍ നടത്തുന്ന ഒരു കലാരൂപം ക്ഷേത്രനൃത്തംഅങ്ങനെ അംഗീകരിക്കപ്പെട്ടു. ഇതൊരു ചരിത്രനേട്ടമായിട്ടാണ് ഉത്തരകേരളത്തിലെ ജനങ്ങള്‍ ഇതിനെ കണ്ടത്. ഇതിനൊരു തുടര്‍ച്ച ഫോക്ലാന്റ് തന്നെ മുന്‍കൈ എടുത്ത് ഒരു ദിദ്വിന ശില്‍പ്പശാല തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി കേന്ദ്രത്തില്‍ വെച്ച് അരങ്ങേറുകയുണ്ടായി. ആ പരിപാടി ഉദ്ഘാടനം ചെയ്തത് കാവാലം നാരായണപ്പണിക്കരായിരുന്നു. തിരുവനന്തപുരത്തുള്ള കരിക്കകം ക്ഷേത്രത്തില്‍ തിടമ്പുനൃത്തം അവതരിപ്പിക്കാനും അദ്ദേഹം മുന്‍കൈയെടുത്തു. ഉത്തരകേരളത്തിലെ രണ്ട് ജില്ലകളില്‍ മാത്രം ഒതുങ്ങിയ ക്ഷേത്രകലയെ തിരുവനന്തപുരം ക്ഷേത്രത്തില്‍ അവതരിപ്പിക്കാനായത് ഏറെ ഭാഗ്യമായിട്ടാണ് ആ കലാകാരന്മാര്‍ കാണുന്നത്.

അവനവന്‍ കടമ്പ എന്ന നാടകത്തിന്റെ നാല്‍പ്പത്തഞ്ചാം വാര്‍ഷികാചരണ പരിപാടിയുടെ ഭാഗമായി ചെന്നൈയില്‍ അവതരിപ്പിച്ചപ്പോള്‍ നടന്‍ നെടുമുടി വേണു സമീപം.

നാടകത്തനിമ

നാട്യശാസ്ത്രത്തില്‍നിന്നു നാടകത്തിന്റെ താത്വികവും പ്രായോഗികവുമായ വശങ്ങള്‍ പഠിക്കാനും ശിഷ്യരെ പഠിപ്പിക്കാനും മുത്തച്ഛന് കഴിഞ്ഞിരുന്നു. ഇന്ത്യയിലെ ക്ഷേത്രങ്ങളിലും മറ്റുമായി നിലനില്‍ക്കുന്ന അനുഷ്ഠാന കലകളില്‍ നിന്നും പ്രകടനകലകളില്‍നിന്നും രൂപപ്പെടുത്തിയെടുത്ത അനുഭവങ്ങളും അറിവുകളുമാണ് കാവാലത്തെ ഇത്തരത്തിലൊരു കാര്യത്തിനു പ്രാപ്തനാക്കിയത്. അതില്‍ കേരളത്തിന്റെ സ്വന്തം കലാരൂപങ്ങളായ തെയ്യം, പടയണി, മുടിയേറ്റ് തുടങ്ങി കഥകളിവരെയെത്തി നില്‍ക്കുന്ന കലകളുടെ സ്വാധീനം പ്രത്യേകം എടുത്തു പറയേണ്ടതാണ്. കാവാലം പ്രതിനിധീകരിച്ചിരുന്ന നാടകപ്രസ്ഥാനത്തെ തനതുനാടക പ്രസ്ഥാനം എന്നു വിശേഷിപ്പിക്കുന്നതിനോട് കാവാലം വിയോജിച്ചിരുന്നു. തന്റേത് പൂര്‍ണമായും തനത് നാടക പ്രസ്ഥാനമായിരുന്നുവെന്ന് അദ്ദേഹം പറയില്ല. വൈദേശികമായി നമ്മുടെ നാട്ടിലേക്കു കടന്നുവന്ന നാടക സങ്കല്‍പ്പങ്ങളില്‍ നിന്ന് നമ്മുടെ കലകളുടെ തനിമ നഷ്ടപ്പെടുത്താതെ നിലനിര്‍ത്തുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതില്‍ വൈദേശിക നാടകസങ്കല്‍പ്പങ്ങള്‍ പിന്‍പറ്റിയിരുന്ന ചില പുതുമകളുമുണ്ടായിരുന്നു.

ദേശങ്ങള്‍ക്കപ്പുറത്തെ കാവാല പെരുമ

നാടകത്തിന് ഒരു പ്രത്യേകതയുണ്ട് അത് ഭാഷാതീതമാണ്. കാവാലത്തിന്റെ നാടകങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ലഭിച്ച സ്വീകാര്യ മാത്രംമതി അത് തെളിയിക്കാന്‍. പഴയ സോവിയറ്റ് യൂണിയനില്‍ ഭാസനാടകങ്ങള്‍ അവതരിപ്പിക്കാന്‍ നിരവധി തവണ സോപാനത്തിന് അവസരം ലഭിച്ചിരുന്നു. അന്ന് വളരെ ചെറുപ്പക്കാരായ സദസാണ് അദ്ദേഹത്തിനു ലഭിച്ചത്. അവരാകട്ടെ സസൂക്ഷ്മം അദ്ദേഹത്തിന്റെ നാടകം വീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നീട്, അവരില്‍ പലരും അദ്ദേഹത്തിന്റെ നാടക രീതികളെ പിന്‍പറ്റുകയും ചെയ്തിരുന്നു. ലെനിന്‍ഗ്രാഡിലും മോസ്‌കോയിലും അദ്ദേഹത്തിന്റെ നാടകങ്ങള്‍ കാണാന്‍ നിരവധി പ്രമുഖ കലാകാരന്‍മാരെത്തി. ലിത്വാനിയ, ലാത്വിയ, ഗ്രീസ്, ഫാന്‍സ്, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം തന്റെ നാടകങ്ങളുമായി സഞ്ചരിച്ചിട്ടുണ്ട്. മഹാഭാരതത്തില്‍ നിന്ന് സൃഷ്ടിച്ചെടുത്ത ‘കര്‍ണഭാരം’ എന്ന നാടകം പോലും ഈ രാജ്യങ്ങളില്‍ വിപുലമായ സദസിനു മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി. വളരെ സങ്കീര്‍ണമായ രചനയും അവതരണവുമായിരുന്നിട്ടും അവര്‍ക്ക് കര്‍ണഭാരം വളരെ ആഴത്തില്‍ ഉള്‍ക്കൊള്ളാനായി. ജപ്പാനിലും അദ്ദേഹം നാടകം അവതരിപ്പിക്കുകയുണ്ടായി. വിദേശരാജ്യങ്ങളില്‍ നിരവധി ശിഷ്യന്‍മാരാണ് കാവാലത്തിനുള്ളത്.
അവര്‍ ഇപ്പോഴും സോപനവുമായി സഹകരിക്കുന്നവരുമാണ്. അമേരിക്കയിലെ പ്രഫസറായ
എറന്‍ ഡീ മീ പോലെ പ്രശസ്തരാണ് ഇക്കൂട്ടത്തിലുള്ളത്.
നാടകത്തെ കുറിച്ച്

ചെറുമകളും സോപാനം സെക്രട്ടറിയുമായ കല്ലാണിയും കാവാലം നാരായണ പണിക്കരും

ആശങ്കപ്പെട്ടിരുന്ന മനസ്

നാടകത്തെ കുറിച്ച് ആശങ്കപ്പെട്ടിരുന്ന മനസ്സായിരുന്നു അപ്പൂപ്പന്റെ ജീവിതത്തില്‍ കാണാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത കലാരൂപമായിരുന്നു നാടകം. മനുഷ്യന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം നാടകവും നിലനില്‍ക്കുമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ജീവിത ഗന്ധിയായിത്തന്നെ നിലനിന്നാല്‍ മാത്രമേ നാടകത്തിന്റെ ആവിഷ്‌ക്കാരം പൂര്‍ണതയിലെത്തു. മനുഷ്യന്‍ എന്ന ജീവിവര്‍ഗം അതിജീവിക്കുമെങ്കില്‍ അവന്‍ ഉള്ളിടത്തോളംകാലം നാടകവും നിലനില്‍ക്കും. ലോകാരംഭം മുതല്‍ നാടകം ഉണ്ടയിരുന്നുവെന്ന സങ്കല്‍പ്പമാണ് കവാലത്തിന്റെ നാടകയാത്രയുടെ ശക്തമായ അടിത്തറ.

സ്വപ്ന പദ്ധതികള്‍

കുട്ടികളുടെ തീയേറ്ററായ കുരുന്നുകൂട്ടത്തിന്റെ അവധിക്കാല നാടക ക്യാമ്പുകള്‍ അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കാനുള്ള ദൗത്യം ഞങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. കവാലം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ സ്ഥിരം വേദി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ കുട്ടികള്‍ എത്തുന്നതിനാല്‍ ഇനിമുതല്‍ സ്‌ക്രീനിംഗും ഉണ്ടാകും. ഓരോ വര്‍ഷവും ക്യാമ്പില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. അപ്പൂപ്പന്‍ രൂപീകരിച്ച ഈ പ്രസ്ഥാനത്തോടുള്ള ജനപ്രീതിയാണ് ഇത് വെളിപ്പെടുത്തുന്നത്. പുതിയ നാടകങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനുള്ള അണിയറ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. കാവാലത്തിന്റെ ആത്മകഥയടെ പൂര്‍ത്തികരണവും ചില സംസ്‌കൃത നാടകങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ‘ചിരസ്മരണ’ എന്നറിയപ്പെടുന്ന കവാലം മഹോത്സവം അദ്ദേഹത്തിന്റെ മരണാനന്തരം രണ്ട വര്‍ഷം ചെയ്തുവരുകയാണ്. ഫെസ്റ്റിവല്‍ ഡയറക്ടര്‍ നടന്‍ നെടുമുടി വേണുവാണ്. കൂടാതെ സ്മരണിക പ്രകാശനവും നടത്തിവരുന്നുണ്ട്. കല്യാണി പറഞ്ഞു നിറുത്തുമ്പോള്‍ കണ്ണുകളില്‍ നിശ്ചയദാര്‍ഡ്യത്തിന്റെ തിളക്കം. തന്റെ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ പ്രചോദനങ്ങളും കല്യാണി സോപാനത്തിന്റെ ഡയറക്ടറായ മുത്തശ്ശി ശാരദാ പണികര്‍ക്കാണ് നല്‍കുന്നത്. കാവാലം സഞ്ചരിച്ച വേദികളില്‍ ഒരിക്കല്‍ കൂടി നാടകങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് കല്യാണി.

ഭര്‍ത്താവ് കൃഷ്ണകുമാറിനൊപ്പം കല്യാണി