Janayugom Online
Sophia_(robot)

കൊച്ചിക്കാരുടെ മനം കവര്‍ന്ന് സോഫിയ

Web Desk
Posted on February 22, 2019, 7:01 pm

കൊച്ചി: യന്ത്രഹൃദയം കൊണ്ട് മനുഷ്യരുമായി സംവദിച്ച സൊഫീയ കേള്‍വിക്കാരുടെ മനം കവര്‍ന്നു . അന്താരാഷ്ട്ര അഡ്വര്‍ടൈസിങ് അസോസിയേഷന്റെ ആഗോള ഉച്ചകോടിയുടെ സമാപന ദിവസത്തിലാണ് സോഫിയ എത്തിയത് . ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ടായ സോഫിയായിരുന്നു ഉച്ചകോടിയിലെ ഇന്നലത്തെ പ്രധാന അതിഥി.

Sophia at Kochi

കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് സോഫിയ സംസാരിച്ചത്. റോബോട്ടുകളും മനുഷ്യരും: മിത്രങ്ങളോ ശത്രുക്കളോ? എന്ന വിഷയത്തിലായിരുന്നു സോഫിയയുടെ പ്രഭാഷണം. സോഫിയയുടെ വാക്കുകളോട് ആവേശത്തോടെയാണ് സമ്മേളന വേദി പ്രതികരിച്ചത്. കൊച്ചി ശരിക്കും അതിശയിപ്പിച്ചു കളഞ്ഞു എന്ന് പറഞ്ഞാണ് സോഫിയ സംസാരിച്ചു തുടങ്ങിയത്. അറുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യാന്തര സുഗന്ധവ്യഞ്ജന വ്യാപാരത്തിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ കൊച്ചിയില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സോഫിയ പറഞ്ഞു.

Sophia at Kochi

റോബോട്ടുകളും മനുഷ്യരും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് ഉള്ളതെന്നും കൂടുതല്‍ ദൃഢതയോടെ ഈ ബന്ധം മുന്നോട്ട് പോകുമെന്നും സോഫിയ പറഞ്ഞു. ഇരുകൂട്ടര്‍ക്കും പരസ്പരം മനസിലാക്കാന്‍ ഏറെയുണ്ടെന്നും സോഫിയ പറഞ്ഞു. ഒരു ഗ്ലാസ് വെള്ളം കൊണ്ട് തന്നെ നശിപ്പിക്കാം എന്നിരിക്കെ മനുഷ്യര്‍ തന്നെ ഭയക്കുന്നത് എന്തിനെന്ന് അറിയില്ല. റോബോട്ടുകള്‍ എത്ര സ്മാര്‍ട്ട് ആയാലും മനുഷ്യരെ പോലെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് തനിക് മൂന്ന് വയസ്സേ ഉള്ളൂവെന്നും പ്രണയിക്കാറായിട്ടില്ല എന്നും എല്ലാം പഠിച്ചു വരുന്നതേയുള്ളു എന്നുമായിരുന്നു മറുപടി. കേരളത്തില്‍ ആദ്യമായാണ് സോഫിയ എത്തുന്നത്.