Web Desk

August 06, 2020, 4:45 pm

കോവിഡ് കാലത്തെ തൊണ്ടവേദന പേടിക്കേണ്ടതുണ്ടോ?

Janayugom Online

തൊണ്ടവേദന ഇഎൻടി വിഭാഗത്തിൽ ചികിത്സയ്ക്കായി വരുന്നവരുടെ ഒരു പ്രധാന പ്രശ്നമാണ്. കോവിഡ് കാലത്തുവരുന്ന തൊണ്ട പ്രശ്നങ്ങൾ നമ്മളിൽ ചിലർക്കെങ്കിലും ആകാംക്ഷയുണ്ടാക്കാം. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നത് അനുസരിച്ച് കോവിഡ്-19 പ്രധാന രോഗലക്ഷണങ്ങൾ പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ്. ഇതോടൊപ്പം കുളിർ, ശരീര വേദന, തൊണ്ട വേദന, മണവും രുചിയും നഷട്പ്പെടൽ, തലവേദന എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

തൊണ്ടവേദന പലതരത്തിൽ പ്രത്യക്ഷപ്പെടാം. ചെറിയ ചൊറിച്ചിൽ ഇടയ്ക്കിടെയുള്ള വേദന, തുടർച്ചയായുള്ള വേദന, നീറ്റൽ, പനി, ചുമ, കഫം, മൂക്കടപ്പ് എന്നിവയോടൊപ്പം വരുന്ന തൊണ്ടവേദന എന്നിങ്ങനെ നിസ്സാരമായത് മുതൽ ഡോക്ടറുടെ സേവനം ഉടൻ വേണ്ടി വരുന്നവ വരെ. കണക്കുകൾ പ്രകാരം കോവിഡ് രോഗമുള്ളവരിൽ 10–12 ശതമാനം പേർക്കു മാത്രമാണ് തൊണ്ടവേദന അനുഭവപ്പെടുന്നത്. അതുകൊണ്ട്തന്നെ എല്ലാ തൊണ്ടവേദനയും കോവിഡ് രോഗത്തിന്റെ ലക്ഷണമല്ല. അനാവശ്യമായ ഭയവും ആവശ്യമില്ല. ഈ കാലാവസ്ഥയിൽ ഇടയ്ക്കിടെ വരുന്ന ചെറിയ തൊണ്ടവേദന, മൂക്കൊലിപ്പ്, തൊണ്ട ചൊറിച്ചിൽ എന്നിവ അലർജിയുടെ ഭാഗമാകാം. അലർജി മരുന്നുകളും ആവിയും ഉപയോഗിച്ചാൽ നിയന്ത്രിക്കാവുന്നതാണ്.

മൂക്കൊലിപ്പ്, തൊണ്ടവേദന, ചെറിയ പനി എന്നിവ ജലദോഷം അഥവാ com­mon coldആകാം. ആവശ്യത്തിന് വിശ്രമം, രോഗലക്ഷണങ്ങൾക്കുള്ള ചികിത്സ മാത്രം മതിയാകും. ഉയർന്ന പനി, ശരീര വേദന, ശ്വാസം മുട്ടൽ, തൊണ്ട വേദന, മൂക്കൊലിപ്പ് ഇവയെല്ലാം എച്ച്1എൻ1 പോലുള്ള പനിയാകാം. ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പ്പും മരുന്നുകളും ലഭ്യമാണ്. എച്ച്1എൻ1 കോവിഡ് രോഗലക്ഷണങ്ങളോട് വളരെയധികം സാദൃശ്യം ഉള്ളതാണ്. ഉയർന്ന പനി, തൊണ്ട പളുക്കൽ എന്നിവ ബാക്ടീരിയൽ രോഗമാകാം. ഇതിന് ആന്റീബയോട്ടിക്കുകൾ വേണ്ടിവരും.തൊണ്ടനീറ്റൽ, നെഞ്ചെരിച്ചിൽ എന്നിവ ആസിഡ് റിഫ്ലക്സ് കൊണ്ടുമാകാം. ഭക്ഷണക്രമീകരണവും വ്യായാമവും മരുന്നുകളും കൊണ്ട് ഭേദമാകും.

ആരോഗ്യത്തിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടത്: -

1.സമീകൃതാഹാരം കഴിക്കുക

2.തണുത്ത പദാർത്ഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

3.മദ്യം, പുകവലി എന്നിവ ഒഴിവാക്കുക

4.ഉപ്പുവെള്ളം കുലുക്കൊഴിയുക

5.വ്യക്തി ശുചിത്വം പാലിക്കുക

6.പരിസര ശുചിത്വം പാലിക്കുക

7.രോഗികളോട് ഇടപെടാതിരിക്കുക

8.സാമൂഹിക അകലം പാലിക്കുക

9.രോഗലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറുടെ സേവനമോ, ഹെൽപ്പ്ലൈൻ അഡൈ്വസോ തേടുക.

you may also like this video


ഡോ. അനു തമ്പി

കൺസൾട്ടന്റ്, ഇ. എൻ. ടി. സർജൻ

എസ്. യു. ടി ഹോസ്പിറ്റൽ പട്ടം