കുടിയേറ്റത്തിന്റെ നൊമ്പരങ്ങള്‍

രമേശ് ബാബു

മാറ്റൊലി

Posted on May 21, 2020, 3:03 am

കൊറോണ വെെറസ് വ്യാപനത്തെ ചെറുക്കാനായി നടപ്പിലാക്കുന്ന ലോക്ഡൗണുകളില്‍ രാജ്യം ചലനമറ്റ് കിടക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത അതിജീവന പാതകളെയാണ് ഭൂരിപക്ഷം ജനങ്ങളും താണ്ടിക്കൊണ്ടിരിക്കുന്നത്. ഇന്നലെവരെ തുടര്‍ന്നിരുന്ന ജീവിതരീതികള്‍ തകിടംമറിഞ്ഞതിന്റെ ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ് ലോകം. ലോക്ഡൗണ്‍ കാല ജീവിതകഥകളില്‍ രാജ്യത്ത് പക്ഷേ ഏറ്റവും നൊമ്പരമാകുന്നത് കുടിയേറ്റത്തൊഴിലാളികളുടെ അവസ്ഥ തന്നെയാണ്. കോവിഡ് എന്ന മഹാമാരി സാമ്പത്തികവും സാമൂഹികവുമായി ഏറ്റവുമധികം ബാധിച്ചിട്ടുള്ളതും കുടിയേറ്റ തൊഴിലാളികളെയാണ്. ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞത് ഈ ദിവസങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കരുത്, കടകള്‍ അടച്ചിടണം, അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, സാമൂഹിക അകലം പാലിക്കുക, നിങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ തുടരുക തുടങ്ങിയ നിബന്ധനകളാണ്. വെെറസ് വ്യാപനത്തെ തടയാനായി അധികം മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഭരണാധികാരികള്‍ പിന്നെ മൗനത്തിലാണ്ടു.

തൊഴില്‍സ്തംഭനം വന്നതോടെ ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളായിരുന്നു ഇതോടെ എല്ലാ വഴികളുമടഞ്ഞ് നിസ്സഹായാവസ്ഥയിലായത്. അതോടെ അവര്‍ പലായനവും തുടങ്ങി. അനുദിനം പുറത്തുവരുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരന്തങ്ങള്‍ രാജ്യം ഈ നൂറ്റാണ്ടിലും എവിടെ നില്‍ക്കുന്നു എന്ന് സൂചിപ്പിക്കുന്നു. സ്വന്തം നാട്ടില്‍ ജീവിത ചുറ്റുപാടുകളില്ലാത്തതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഗതി അന്വേഷിച്ച് എത്തുന്നവരാണ് കുടിയേറ്റത്തൊഴിലാളികള്‍. അന്നന്നത്തെ അന്നത്തിനുള്ള വക അന്നന്ന് കഷ്ടപ്പെട്ട് അധ്വാനിച്ച് കണ്ടെത്തിയിരുന്നവര്‍ ലോക്ഡൗണ്‍ വന്നതോടെ തികച്ചും നിരാശ്രയരായി മാറുന്ന കാഴ്ചയാണ് എമ്പാടും. കേരളം കുടിയേറ്റക്കാരെ അതിഥി തൊഴിലാളികള്‍ എന്ന് അഭിസംബോധന ചെയ്യുകയും ആ പരിഗണന നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതല്ല മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ. കേരളീയരെ സംബന്ധിച്ച് കുടിയേറ്റം നമ്മുടെ സാമ്പത്തിക നിലയുടെതന്നെ അസ്തിവാരമാണ്.

നമ്മുടെ കുടിയേറ്റങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടിയായിരുന്നെങ്കില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴില്‍ക്കൂട്ടങ്ങളുടെ കുടിയേറ്റം ജീവന്റെ നിലനില്‍പ്പിന് വേണ്ടി മാത്രമുള്ളതാണെന്ന വ്യത്യാസമുണ്ട്. കേരളീയ നവോത്ഥാനം പോലെ വിപ്ലവകരമായ ഒരു ചുവടുവയ്പും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടന്നിട്ടില്ല. ജാതിയും മതവുമായി ബന്ധപ്പെട്ട വിവേചനങ്ങളും വേര്‍തിരിവുകളും ആത്മാഭിമാന കൊലപാതകങ്ങളും നിര്‍ബാധം നടക്കുന്ന നാടുകളില്‍ നിന്നാണ് അവര്‍ ഇവിടെ മനുഷ്യജീവിതം തേടി എത്തപ്പെട്ടിട്ടുള്ളത്. പട്ടിണി, കാലാവസ്ഥാ വ്യതിയാനം, ജെെവപരമായ കാരണങ്ങള്‍, ആഭ്യന്തര കലാപം, തൊഴിലില്ലായ്മ തുടങ്ങി നിരവധി കാരണങ്ങളാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റവും പലായനങ്ങളും നടക്കുന്നുണ്ട്. അതിജീവനത്തിന്റെ പലായനങ്ങള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് പുതുമയുള്ള കാര്യമല്ല. ഇന്ത്യയില്‍ 12 കോടിയിലേറെ കുടിയേറ്റ തൊഴിലാളികളുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ വര്‍ഷവും ഈ കണക്കില്‍ ഇരുപത് ശതമാനം വര്‍ധനവുണ്ടാകുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ലോക്ഡൗണ്‍ വന്നതോടെ തൊഴില്‍ മേഖലയിലുണ്ടായ സ്തംഭനത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ തൊഴില്‍ദാതാക്കള്‍ക്ക് ഭാരമായി.

ഇതോടെ നിത്യവൃത്തിക്ക് വഴിയില്ലാതെ അവര്‍ പലായനവും തുടങ്ങി. പട്ടിണികിടക്കുന്നെങ്കില്‍ സ്വന്തം നാട്ടിലാകട്ടെയെന്നും മരിച്ചുപോകുന്നെങ്കില്‍ സ്വന്തം മണ്ണിലാകട്ടെയെന്നുമുള്ള മനോഭാവത്തിലാണ് അവര്‍ സ്വന്തം വീടെത്തിക്കിട്ടാന്‍ വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്നത്. കുടിയേറ്റ തൊഴിലാളികളുടെ പലായന കഥകളില്‍ നൊമ്പരമായി ആദ്യമെത്തിയത് തെലങ്കാനയിലെ മുളക് പാടത്ത് പണിയെടുത്തിരുന്ന 12കാരി ഛത്തീസ്ഗഡിലെ വീട്ടിലേക്ക് വഴിനടന്ന് തളര്‍ന്ന് വീണു മരിച്ച സംഭവമാണ്. സ്വദേശമായ മധ്യപ്രദേശിലേക്കുള്ള യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ ഔറംഗബാദിലെ റയില്‍പാളത്തില്‍ കിടന്നുറങ്ങവെ ട്രെയിന്‍ കയറി ദാരുണമായി കൊല്ലപ്പെട്ടവര്‍, ട്രക്ക് മറിഞ്ഞും വാഹനങ്ങള്‍ കൂട്ടിയിടിച്ചും വാഹനങ്ങള്‍ പാഞ്ഞുകയറിയും മരിച്ചവര്‍… നാന്നൂറിലേറെ കുടിയേറ്റ തൊഴിലാളികളാണ് പലായനത്തിനിടെ ഈവിധം മരണമടഞ്ഞിരിക്കുന്നത്. വഴിയരുകില്‍ ആലംബമില്ലാതെ കുഞ്ഞിന് ജന്‍മം നല്‍കുന്ന സ്ത്രീകള്‍, ഉന്തുവണ്ടികളിലും ചുമല്‍കുട്ടകളിലും കയറ്റി കൊണ്ടുപോകുന്ന കുഞ്ഞുങ്ങളും വൃദ്ധരും ചുട്ടുപൊള്ളുന്ന വെയിലത്ത് നഗ്നപാദരായി കോണ്‍ക്രീറ്റ് ഹെെവേകളിലൂടെ നടക്കുന്ന കുട്ടികള്‍ … ദുരിത കഥകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കൊറോണ ബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ആദ്യം നഗരങ്ങളിലായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ ഗ്രാമാന്തര്‍ഭാഗത്തേക്കുള്ള പലായനങ്ങള്‍ അവിടങ്ങളിലും രോഗം ശക്തമായി പടരുന്നതിന് വഴിവയ്ക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം കെെകാര്യം ചെയ്യുന്നതില്‍ ഭരണകൂടം കാട്ടുന്ന അലംഭാവവും നിരുത്തരവാദിത്വവും തുടരുമ്പോള്‍ തൊഴിലാളികള്‍ എന്താണ് ചെയ്യേണ്ടതെന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരും നല്‍കുന്നില്ല. കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകിച്ച് ഒരു പാക്കേജും അധികൃതര്‍ക്ക് നല്‍കാനില്ലെങ്കില്‍ സ്വന്തം ദേശത്തേക്കും വീട്ടിലേക്കും കാത്തിരിക്കുന്ന പട്ടിണിയിലേക്കും മടങ്ങുകയല്ലാതെ അവര്‍ മറ്റെന്ത് ചെയ്യാനാണ്? ചിലയിടങ്ങളില്‍ മാളം അടഞ്ഞ പാമ്പുകളെപോലെ അവര്‍ പ്രതികരിക്കുക മാത്രം ചെയ്തു.

ലോക്ഡൗണ്‍ കാലം കഴിഞ്ഞാലും കൊറോണ അപ്രത്യക്ഷമായാലും അനന്തരകാലം വലിയ ചോദ്യങ്ങളായിരിക്കും മനുഷ്യജീവിതത്തിന് മുന്നി­ല്‍ ഉയര്‍ത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ഒന്നും പഴയതുപോലെ ആകില്ല. അല്ലെങ്കില്‍ ആകാന്‍ കുറഞ്ഞ കാലമൊന്നും മതിയാകില്ല. ആ സാഹചര്യത്തിലും കുടിയേറ്റ തൊഴിലാളികള്‍ വലിയ ചോദ്യചിഹ്നങ്ങളായി തന്നെ അവശേഷിക്കും. കുടിയേറ്റ തൊഴിലാളികള്‍ എന്ന അതിഥി തൊഴിലാളികള്‍ ഏറ്റവുമധികം അധിവസിക്കുന്നത് കര്‍ണ്ണാടകം, മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. കൊറോണാനന്തരകാലം ഈ സംസ്ഥാനങ്ങളുടെ സ്ഥിതി എന്താകുമെന്നോ, ഇപ്പോള്‍ ഇവിടങ്ങളില്‍ തൊഴിലെടുത്തിരുന്ന തൊഴിലാളികള്‍ക്ക് വീണ്ടും തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകുമെന്നോ പറയാനാകില്ല. കേരളത്തിന്റെ കാര്യമെടുത്താല്‍ നമ്മുടെ ഏറ്റവും വലിയ തൊഴില്‍ മേഖലയായിരുന്ന ഗള്‍ഫില്‍ നിന്ന് ലക്ഷക്കണക്കിന് മലയാളികള്‍ മടങ്ങുന്ന അവസ്ഥയാണ്. തിരിച്ചെത്തുന്ന ഇവര്‍ ഉപജീവനത്തിന് കിട്ടുന്ന തൊഴിലുകള്‍ ഇനി ചെയ്തേ പറ്റൂ. അപ്പോള്‍ പുറത്താകുന്നത് കുടിയേറ്റ തൊഴിലാളികളായിരിക്കും.

കൊറോണ വ്യാപനം എല്ലാ രംഗത്തും തകര്‍ച്ച സൃഷ്ടിച്ചിരിക്കുന്നതുപോലെ തൊഴില്‍ മേഖലയെയും തകര്‍ത്തിരിക്കുകയാണ്. തുച്ഛമായ കൂലിക്ക് ജോലി ചെയ്യാന്‍ തയ്യാറുള്ള കുടിയേറ്റ തൊഴിലാളികള്‍ എല്ലാ തൊഴില്‍ സംരംഭങ്ങള്‍ക്കും വലിയ സഹായമായിരുന്നു. കുടിയേറ്റ തൊഴിലാളിയുടെ തിരിച്ചുപോക്ക് പല തൊഴില്‍ സംരംഭങ്ങളുടെ നടത്തിപ്പിനെയും മന്ദഗതിയിലാക്കുമെന്നപോലെ അവര്‍ തിരിച്ചെത്തിയാല്‍ എത്ര പേരെ തകര്‍ന്ന തൊഴില്‍ മേഖലയ്ക്ക് വീണ്ടും ഉള്‍ക്കൊള്ളാനാവുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കൊറോണ പോയാലും പോയില്ലെങ്കിലും ശരി മനുഷ്യജീവിത ചരിത്രത്തില്‍ കുടിയേറ്റവും പലായനവും എന്നും ഉണ്ടാകും. രാജ്യാന്തര കുടിയേറ്റം, ആഭ്യന്തര കുടിയേറ്റം, രാജ്യാന്തര ആഗമനം, രാജ്യാന്തര ഗമനം, സംസ്ഥാനാന്തര കുടിയേറ്റം, ജില്ലാന്തര കുടിയേറ്റം എന്നൊക്കെയുള്ള പേരില്‍ അതിജീവനത്തിന്റെ ഭാഗമായി ഈ പ്രക്രിയ അനസ്യൂതം തുടരും. സന്ദിഗ്‌ദ്ധതകളെ നേരിടാനും സജ്ജമാക്കാനും ഭരണകൂടങ്ങള്‍ ഉത്തരവാദിത്തം കാട്ടണമെന്നാണ് കൊറോണ കാലം പഠിപ്പിക്കുന്നത്.

മാറ്റൊലി:
കുടിയേറ്റക്കാർ അറിയപ്പെടാത്ത രാഷ്ട്രശിൽപികൾ കൂടിയാണ്‌.