നിര്‍മ്മലാ സീതാരാമന്റെ ദുഃഖങ്ങള്‍

Web Desk
Posted on September 14, 2019, 10:41 am
p a vasudevan

കാര്‍ഷിക മേഖലയിലെ അസ്ഥിരത കാരണം അവിടെ വരുമാനവും തൊഴിലും കുറഞ്ഞു. അതിനെ നേരിടാനാവശ്യമായ നിക്ഷേപം വരുന്നുമില്ല. ഇങ്ങനെ കുറേ സങ്കീര്‍ണ പ്രശ്‌നങ്ങളുടെ ദൂഷിതവലയം നമ്മെ ആവരണം ചെയ്തിരിക്കുന്നു. വാഹന നിര്‍മാണ മേഖല ആകെ തളര്‍ന്ന് ഏതാണ്ട് 3.5 ലക്ഷം പേരുടെ തൊഴില്‍ നഷ്ടമായി. ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയുടെ ഈ ഗുരുതരാവസ്ഥ വൈകി അറിഞ്ഞാണ് നിര്‍മ്മല സീതാരാമന്‍ അവരുടെ പ്രതേ്യക യോഗം വിളിച്ചുകൂട്ടി, ഉത്തേജക നടപടികള്‍ ആസൂത്രണം ചെയ്തത്. അതായത് തൊഴിലും വരുമാനവും നല്‍കുന്ന സകല ഉല്‍പാദന മേഖലകളും ശോഷിച്ചതോടെ മാന്ദ്യം ഇന്ത്യയെ ഗ്രസിച്ചു. പ്രശ്‌നമതല്ല, ഇതൊന്നും പെട്ടെന്നുണ്ടായതല്ല. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ ഇന്ത്യ ഭരിച്ചതും ഇവര്‍ തന്നെയായിരുന്നല്ലോ. എന്തേ ഒരു സൂചനയും വിദഗ്ധര്‍ക്ക് മനസിലാവാതിരുന്നത്.
ഇനി എന്തു ചെയ്യണമെന്നാണ് നിര്‍മ്മല സീതാരാമന്‍ ചിന്തിക്കേണ്ടത്. നിര്‍ബന്ധമായും വേണ്ടത് ഉത്തേജക ഡോസ് നിക്ഷേപങ്ങളോടെ ഒരു റിവൈവലിനു തുടക്കം കുറിക്കണം. മേഖലകളുടെ പ്രതേ്യകത നോക്കി ഓരോന്നിനും പ്രതേ്യക പാക്കേജുകള്‍ വേണം. സമ്പദ്ഘടനയിലെ ‘ലിക്വിഡിറ്റി’ വര്‍ധിച്ചാല്‍ മാത്രം പോര, ചോദനശേഷിയുള്ള ജനവിഭാഗങ്ങള്‍ക്ക് ഗുണപ്പെടുന്ന തരത്തിലുള്ള നീക്കിയിരിപ്പുകള്‍ നടത്തണം. ഡിമാന്റ് ശക്തമാവണമെങ്കില്‍ തൊഴിലും വരുമാനവും വേണം. തൊഴില്‍ ശേഷിയുള്ള മേഖലകളെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാരിനും ബാങ്കുകള്‍ക്കും സൂക്ഷ്മമായ പരിപാടികള്‍ ആവശ്യമാണ്. ‘സ്ലോ ഡൗണ്‍’ നേരിടാന്‍ പണം വേണം. പണ്ട് അമേരിക്കന്‍ ‘ഡിപ്രഷന്‍’ നേരിടാന്‍ റൂസ്‌വെല്‍റ്റ് ചെയ്ത പരിപാടികള്‍ ധനശാസ്ത്രത്തിന്റെ ഏടുകളിലുണ്ടല്ലോ. ഇപ്പോഴത്തെ മാന്ദ്യാവസ്ഥയുടെ വ്യാകരണം ശരിക്കും പഠിക്കണം. കുറേ പണമിറക്കാനാണ് സാധാരണ പ്രവണത. അത് വേണ്ടത്ര ഗുണം ചെയ്യില്ല.

വിലക്കയറ്റമുണ്ടാക്കുമെന്നല്ലാതെ, സ്ഥായിയായ ഉല്‍പാദന, വരുമാന, തൊഴില്‍ വര്‍ധന ഉണ്ടാക്കില്ല. പലപ്പോഴും ഈ താക്കീത് മറന്നുപോവാറുണ്ട്. അതിനാണ് ഒരു സവിശേഷ വിദഗ്ധ സമിതിയുടെ ആവശ്യം. ഘടനാപരമായ താഴ്ചയാണ് സംഭവിക്കുന്നത്. അതിന്റെ കാരണങ്ങള്‍ ധന-കറന്റ് അക്കൗണ്ടുകളിലെ വന്‍ കമ്മി, നിരന്തര നാണയ പെരുപ്പം, തുടര്‍ന്നുള്ള കടപ്രതിസന്ധി എന്നിവ സൃഷ്ടിക്കുന്ന തകര്‍ച്ചയാണിത്.  ഇതില്‍ പലതും നയപരമായ വീഴ്ചയും മാനേജ്‌മെന്റ് നൈപുണിക്കുറവു കൊണ്ടുണ്ടായതുമാണ്. ജിഎസ്ടിയും ഡിമോണിറ്റൈസേഷനും രാജ്യത്തെ ലിക്വിഡിറ്റി വല്ലാതെ കുറയ്ക്കുകയും ചോദന നിലവാരം കുത്തനെ കുറയുകയും ചെയ്തു. നിര്‍മാണ മേഖല, ഓട്ടോമൊബൈല്‍ സെക്ടര്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയിലുണ്ടായ നിക്ഷേപക്കുറവ്, വന്‍തോതില്‍ തൊഴിലും വരുമാനവും തുടര്‍ന്ന് ചോദനവും കുറച്ചതോടെ തകര്‍ച്ചയുടെ രംഗസംയോജനം ഒരുങ്ങിയിരുന്നു. നേരത്തെ പറഞ്ഞ പ്രശ്‌നം തന്നെയാണിവിടെ ഉന്നയിക്കുന്നത്. ഇതൊക്കെ സൂചനകള്‍ തന്നിരുന്നില്ലേ, അഥവാ അത്തരം നിരീക്ഷണമൊന്നും ധനമന്ത്രാലയത്തിന്റെ സ്വഭാവമല്ലേ. എന്തോ പെട്ടെന്നു സംഭവിച്ച പോലെയാണ് നിര്‍മ്മല സീതാരാമന്‍ പ്രസ്താവനയിറക്കിയത്. തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പെ തന്നെ അടിസ്ഥാന സാമ്പത്തിക സൂചകങ്ങളുടെ താഴ്ച ചര്‍ച്ചകളില്‍ വന്നിരുന്നെങ്കിലും പ്രതിപക്ഷംപോലും അത് തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തികാട്ടിയില്ല. പാര്‍ലമെന്റില്‍ മറ്റു പലതിന്റെയുമൊക്കെ പേരില്‍ അരങ്ങുതകര്‍ത്ത പ്രതിപക്ഷം ചെയ്യേണ്ടിയിരുന്ന കാര്യമിതായിരുന്നു.
മന്‍മോഹന്‍സിങ്, മനുഷ്യനിര്‍മിത മാന്ദ്യമെന്ന് പറഞ്ഞതു ശരിയാണ്. ഒരുവക എല്ലാ മാന്ദ്യങ്ങളും സാമ്പത്തിക ദുരന്തങ്ങളും അങ്ങനെതന്നെയാണ്. പ്രശ്‌നമതല്ല, ഈ ‘മനുഷ്യനിര്‍മിതം’ നടന്നുകൊണ്ടിരുന്നപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ അതിനെ നേരിടാനുള്ള ഒരു നേതൃത്വമുണ്ടായില്ല. കൗശലക്കാരായ മോഡി-ഷാ സഖ്യം പ്രശ്‌നത്തെ പുല്‍വാമയിലും അയോധ്യയിലും ദേശപ്രേമത്തിലുമൊക്കെ തളച്ച് തടിയൂരി. അവസാനം പെട്ടത് പൊതുജനവും. വിദൂരമായൊരു ‘റിക്കവറി’ സ്വപ്‌നത്തിലാണ് നാം. ആ വിദൂര ലക്ഷ്യത്തെ വേട്ടയാടുന്ന നിര്‍മ്മലയുടെ ഒരുക്കങ്ങള്‍ സങ്കീര്‍ണമാണ്. വന്‍ മേഖലകള്‍ മാത്രമല്ല, നല്ല തൊഴില്‍ശേഷിയും ചോദനവുമുള്ള ബിസ്‌കറ്റ് വ്യവസായംപോലും മാന്ദ്യത്തിലാണ്. പാര്‍ലെ ബിസ്‌കറ്റ് കമ്പനി 10,000 തൊഴിലാളികളെ ലേ ഓഫ് ചെയ്യാന്‍ പോകുന്നത് മാര്‍ക്കറ്റ് കുറവു കൊണ്ടാണ്. ജിഎസ്ടിയെയാണ് അവര്‍ പ്രധാനമായും കുറ്റം പറയുന്നത്. ഭക്ഷ്യ‑ഭക്ഷേ്യതര ഇനങ്ങളുടെ വില്‍പ്പനയും പാടെ തകര്‍ച്ചയിലാണ്. കുടുംബ ബജറ്റുകള്‍ സമ്മര്‍ദത്തിലാവുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണിത്.
ഇനി എന്താണ് ചെയ്യാന്‍ പോകുന്നത്. ധനമന്ത്രി ആകെ പരിഭ്രാന്തമായ നടപടികളിലേയ്ക്ക് നീങ്ങുന്നു എന്നാണ് അവരുടെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. ജിഎസ്ടിയും ഡിമോണിറ്റൈസേഷനും വരുത്തിവച്ച പണച്ചോര്‍ച്ച എങ്ങനെ നേരിടാം. അതു വരുത്തിവച്ച മൊത്തം പ്രധാന കമ്മി ഒന്നു വീണ്ടെടുക്കാന്‍ ധനമന്ത്രിയുടെ ബാങ്ക് ലയനമൊന്നും പര്യാപ്തമാവില്ല. അത് മറ്റൊരു കഥ തന്നെയാണ്. 2016ലെ ഡിമോണിറ്റൈസേഷന്‍ ധനവ്യവസ്ഥയുടെ ഗാത്രത്തിലേല്‍പ്പിച്ച ആഘാതം ചെറുതല്ല. കനത്ത വിളര്‍ച്ച (അനീമിയ)യാണത് സൃഷ്ടിച്ചത്. ജനങ്ങളുടെ വരുമാനവും ഉപജീവനവും മുട്ടി. 2012നും 18നുമിടയില്‍ 15 ദശലക്ഷം തൊഴിലാണ് ഇല്ലാതായത്. പൊതു ഡിമാന്റിന്റെ ക്രമാതീത താഴ്ചയിലാണത് എത്തിയത്. ഒരു തിരിച്ചുവരവിന്റെ ആസൂത്രണത്തില്‍ ഇന്നേറ്റവും പ്രധാനം താഴ്ത്തല ചോദനത്തെ ഉണര്‍ത്തലാണ്. ധനമന്ത്രിക്ക് ഇക്കാര്യത്തിലെന്തു ചെയ്യാനാവുമെന്നതിനെ ആശ്രയിച്ചിരിക്കും വ്യവസ്ഥയുടെ ഉത്ഥാനം.
കഥ മുഴുവനായില്ല. ഗ്രാമീണ‑കാര്‍ഷിക മേഖലയുടെ തകര്‍ച്ചയാണ് ശരിയായ പ്രതിനായകന്‍. കര്‍ഷകന്റെ വാങ്ങാനുള്ള ശേഷികുറയാന്‍ കാരണം, കൃഷിയുടെ തകര്‍ച്ചയാണ്. ചോദനത്തിന്റെ വന്‍ ഉറവിടമാണ് ഗ്രാമീണ മേഖല. വിലക്കയറ്റത്തിനനുസരിച്ച് ഈ മേഖലയിലുള്ളവരുടെ വരുമാനം കൂടുന്നുമില്ല. തകര്‍ന്ന മറ്റൊരു മേഖല അനൗപചാരിക മേഖലയാണ്. വന്‍ തൊഴില്‍സാധ്യതയുള്ള ഈ മേഖലയും കുറച്ചായി തീരെ മാന്ദ്യത്തിലാണ്. സര്‍ക്കാര്‍ ഇതിനെ നേരിടാന്‍ സാമ്പത്തിക ഉത്തേജനത്തിന് തയാറാകാതെ വിദേശ മൂലധനം ആകര്‍ഷിക്കാനാണ് ശ്രമിച്ചത്. ആ ശ്രമവും ഉത്തേജനദായകമായിരുന്നില്ല. അതോടെ മാന്ദ്യം വ്യാപകവുമായി. ചോദന മാന്ദ്യം നേരിടാതെ ‘സപ്ലൈ സൈഡ്’ പദ്ധതികളിലാണ് നിര്‍മ്മലയുടെ പുതിയ ശ്രമങ്ങളും ശ്രദ്ധയൂന്നുന്നത്.

എഴുപതിനായിരം കോടി രൂപ പൊതുമേഖലാ ബാങ്കുകളിലേക്ക് ഇന്‍ഫ്യൂസ് ചെയ്ത നടപടിയും, ഈ പണം നല്‍കുന്നത് നിക്ഷേപ കാര്യത്തില്‍ വിമുഖരാണെങ്കില്‍, സാമ്പത്തിക വ്യവസ്ഥയ്ക്ക് വിചാരിച്ച ഗുണം ചെയ്യില്ല. പലിശ നിരക്കിലെ ചെറിയ കുറവ്, മധ്യതലക്കാരുടെ കടബാധ്യതയില്‍ നേരിയ കുറവുണ്ടാക്കുമെങ്കിലും, ചോദന വര്‍ധനവിന് അത് വേണ്ടത്ര ഗുണകരമാവില്ല. പൊതുചെലവിലും ഗ്രാമീണ മേഖലയിലെ ചെലവിലും വന്‍ വര്‍ധന ഉടന്‍ സാധിക്കുമോ എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ബജറ്റും ഇതിനു വേണ്ടത്ര സ്‌പെയ്‌സ് നല്‍കിയിട്ടില്ല.
‘മെയ്ക് ഇന്‍ ഇന്ത്യ’ എന്നായിരുന്നല്ലോ മോഡി വചനം. ഇപ്പോള്‍ ഈ ‘സ്ലോഡൗണ്‍’ തീര്‍ത്തും ‘മെയ്ഡ് ഇന്‍ ഇന്ത്യ’യാണ്‌