ദക്ഷിണേന്ത്യയിലുടനീളം റിക്രൂട്മെന്റ് ഡ്രൈവുമായി സോട്ടി

Web Desk

കൊച്ചി

Posted on August 06, 2020, 4:31 pm

എന്റർപ്രൈസ് മൊബിലിറ്റി, ഐഒടി മാനേജുമെന്റ് സൊല്യൂഷൻ രംഗത്തെ ലോകത്തിലെ തന്നെ മുൻനിര സേവന ദാതാവായ സോട്ടി, ബി.ഇ, ബി.ടെക്, എം.ടെക്, എം.എസ്.സി, എം.സി.എ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി വെർച്വൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. 2020 ഓഗസ്റ്റിൽ നടക്കുന്ന കാമ്പയിനിൽ ദക്ഷിണേന്ത്യയിലുടനീളമുള്ള 150 ഓളം കോളേജുകൾ നിന്നുമുള്ള 20,000 ത്തോളം വിദ്യാർത്ഥികളാണ് ഇന്റേൺഷിപ്, ഫുൾടൈം ഡെവലപ്പർ എന്നീ വിഭാഗങ്ങളിലായി റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കുക.

വിവിധ ഘട്ടങ്ങളായി നടക്കുന്ന ഡ്രൈവിൽ ഓൺലൈൻ പരീക്ഷ, കമ്പനി എക്സിക്യൂട്ടീവുകളുമായി അഭിമുഖം എന്നിവയമുണ്ടാകും. ബി.ഇ, ബിടെക്, എം.ഇ, എം.ടെക്, എം.എസ് സി എംസിഎ വിദ്യാർത്ഥികൾക്കുള്ള സോട്ടിയുടെ ഇന്റേൺഷിപ്പ് അവസരങ്ങൾ ആറുമാസത്തേക്കാണ്. കൂടാതെ ഇന്റേൺഷിപ്പ് പ്രോഗ്രാമിനായി പ്രതിമാസം 25,000 രൂപ സ്റ്റൈപ്പന്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രവർത്തിപരിചയം കൂടാതെ കമ്പനിയിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക്‌ പ്രതിവർഷം 7,00,000 രൂപയുടെ ആകർഷകമായ ശമ്പള പാക്കേജാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

കോഡിംഗിൽ കഴിവുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് യോഗ്യതകൾ പരിഗണിക്കാതെ തന്നെ റിക്രൂട്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ അർഹതയുണ്ട്. കൊച്ചി കേന്ദ്രമായി കമ്പനിക്ക് ശക്തമായ ഒരു ദക്ഷിണേന്ത്യൻ അടിത്തറ വികസിപ്പിക്കാനുള്ള കമ്പനിയുടെ ദീർഘകാല ലക്ഷ്യത്തെ സഹായിക്കുന്നതാകും സൗത്ത് ഇന്ത്യ സ്റ്റുഡന്റ് റിക്രൂട്ട്മെന്റ് ഡ്രൈവ്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യുന്നതിന് അവരുടെ പ്ലേസ്മെന്റ് ഓഫീസറെ സമീപിക്കാം. കൂടുതൽ വിവരങ്ങൾക്ക്, https://soti.net/india സന്ദർശിക്കുക. അപേക്ഷിക്കുവാനുള്ള അവസാന തീയതി ആഗസ്റ്റ്‌ 10, ആണ്.

you may also like this video