Web Desk

റിയാദ്

January 24, 2020, 2:55 pm

സൗദിയിലെ മലയാളി നഴ്സിന് ചൈനയിലെ കൊറോണയല്ല: ബാധിച്ചത് മെർസ്

Janayugom Online

സൗദി അറേബ്യയിലെ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസല്ലെന്ന് സ്ഥിരീകരണം. മലയാളി നഴ്സിനു ബാധിച്ചത് മെർസ് ആണെന്നും ഇതു നിയന്ത്രണവിധേയമാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ 25 പേരുടെ മരണത്തിന് ഇടയാക്കിയ വൈറസ് ഇതുവരെ രാജ്യത്ത് റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ട്വിറ്ററിൽ അറിയിച്ചു. മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോം അഥവാ മെർസ് എന്നറിയപ്പെടുന്ന വൈറസ് കൊറോണ വിഭാഗത്തിൽ പെട്ടതു തന്നെയാണ്. എന്നാൽ ഇത് ചൈനയിൽ നിന്നും പടർന്ന പുതിയ ഇനം കൊറോണ വൈറസല്ല.

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്സിന്റെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടു ദിവസത്തിനകം ആശുപത്രി വിടും. അസീറിലെ നാഷണൽ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. മെർസ് ബാധിച്ച സഹപ്രവർത്തകയായ ഫിലിപ്പൈൻ സ്വദേശിയെ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് രോഗം ഇവരെയും ബാധിച്ചത്. ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയിൽ ഇല്ലെന്ന് തെളിഞ്ഞു. മറ്റ് മലയാളി നഴ്സുമാർക്കും രോഗബാധയില്ല.

സസ്തനികളായ മൃഗങ്ങളിലും പക്ഷികളും കണ്ടുവരാറുള്ള വൈറസ്സാണ് കൊറോണ വൈറസ് എന്നറിയപ്പെട്ടിരുന്നത്. വളരെ അപൂർവ്വമായി മനുഷ്യരെയും ഈ രോഗം ബാധിച്ചിരുന്നു. ഈ വൈറസ്സിനെതിരെ വാക്സിനുകളോ മരുന്നുകളോ നിലവിലില്ല. ഇതേ വൈറസ്സിന്റെ ഒരു പുതിയ രൂപത്തെയാണ് ഇപ്പോൾ ചൈനയിൽ കണ്ടെത്തിയിരിക്കുന്നത്.

YOU MAY ALSO LIKE THIS VIDEO