കേരളത്തിന്റെ ശാന്തമായ തീരങ്ങളിൽ വീണ്ടുമൊരു ദുരന്തം ആഞ്ഞടിച്ചിരിക്കുന്നു. ലൈബീരിയൻ പതാകയണിഞ്ഞ ഒരു കപ്പൽ അപകടത്തിൽപ്പെട്ടെന്ന വാർത്ത ഞെട്ടലോടെയാണ് നമ്മൾ ശ്രവിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ കപ്പലുകൾ, ഏതാണ്ട് 5600ലധികം രജിസ്റ്റർ ചെയ്തിട്ടുള്ള രാജ്യങ്ങളിൽ ഒന്നാണ് ലൈബീരിയ. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു ദരിദ്ര രാജ്യമാണിത്. എന്നാൽ ഏറ്റവും കൗതുകമായിട്ടുള്ളത് സ്വന്തമായി കടൽത്തീരം പോലുമില്ലാത്ത ഏഷ്യയിലെ മംഗോളിയയുടെ പേരിൽ 3000ത്തിലധികം കപ്പലുകൾ ഉണ്ടെന്നുള്ളതാണ്. എന്തിനാണ് ഈ രാജ്യങ്ങളുടെ പതാകയെ കപ്പലുകൾ ആശ്രയിക്കുന്നത്? ഉത്തരം ലളിതമാണ് — ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള കപ്പൽ മുതലാളിമാരുടെ ‘സൗകര്യ’ രാഷ്ട്രീയം.
ഒരു കപ്പലിന്റെ ഉടമസ്ഥൻ അവരുടെ രാജ്യമല്ലാത്ത മറ്റൊരു രാജ്യത്ത് കപ്പൽ രജിസ്റ്റർ ചെയ്യുകയും ആ രാജ്യത്തിന്റെ പതാക വഹിക്കുകയും ചെയ്യുന്ന രീതിയാണ് സൗകര്യ പതാക (Flag of Convenience — FOC). കപ്പൽ എവിടെയാണ് ഉടമസ്ഥതയിലുള്ളത് എന്നതിനെക്കാൾ, ഏത് രാജ്യത്താണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് കപ്പലിന്റെ നിയമപരമായ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത്. കുറഞ്ഞ നികുതി, വലിയ കവറേജ് ഇല്ലാത്ത കുറഞ്ഞ പ്രീമിയമുള്ള ഇൻഷുറൻസ്, ദുർബലമായ മറ്റ് നിയമങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവഗണന ഇതെല്ലാമാണ് സൗകര്യ പതാകകൾ നൽകുന്ന രാജ്യങ്ങളെ കപ്പൽ ഉടമകൾക്ക് പ്രിയങ്കരമാക്കുന്നത്. മാത്രമല്ല കപ്പൽ മുതലാളിമാരുടെ ബിസിനസ് സംബന്ധമായ സ്വകാര്യ വിവരങ്ങൾ ഒളിച്ചു വെക്കാനും കഴിയും. മംഗോളിയ പോലുള്ള കടൽത്തീരമില്ലാത്ത രാജ്യങ്ങളിൽ പോലും ആയിരക്കണക്കിന് കപ്പലുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് ഈ ലാഭക്കൊതിയുടെ ഉത്തമ ഉദാഹരണമാണ്. അന്താരാഷ്ട്ര കപ്പൽ നിയമങ്ങളിൽ നിന്നും രക്ഷപ്പെടാനും തങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള ഈ കുത്സിത ശ്രമങ്ങൾ പലപ്പോഴും അപകടങ്ങളിലാണ് കലാശിക്കുന്നത്.
സൗകര്യ പതാക രാഷ്ട്രമായി പല രാജ്യങ്ങളും പ്രവർത്തിക്കുന്നത് അവർക്ക് സ്വന്തമായി ഒരു കപ്പൽ വ്യവസായമോ, നാവിക സേനയോ കാര്യമായി ഇല്ലെങ്കിലും, ഷിപ്പ് രജിസ്ട്രേഷൻ സേവനങ്ങൾ നൽകുന്നതിലൂടെ വരുമാനം നേടാൻ സാധിക്കുന്നു എന്നത് കൊണ്ടാണ്. കേരള തീരത്ത് സംഭവിച്ച ഇപ്പോഴത്തെ അപകടം ഒറ്റപ്പെട്ട ഒന്നല്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും മതിയായ പരിശീലനം ലഭിക്കാത്ത ജീവനക്കാരുമായി സർവീസ് നടത്തുന്ന ഇത്തരം കപ്പലുകൾ ഏത് നിമിഷവും ദുരന്തം വിതയ്ക്കാൻ എവിടെയും സാധ്യതയുണ്ട്. ഇത് നമ്മുടെ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും മാത്രമല്ല, നമ്മുടെ വിലപ്പെട്ട തീരദേശ പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. എണ്ണ ചോർച്ചയും രാസവസ്തുക്കളുടെ വ്യാപനവും നമ്മുടെ ജൈവവൈവിധ്യത്തെ എന്നെന്നേക്കുമായി നശിപ്പിക്കാൻ സാധ്യതയുണ്ട്.
എന്തുകൊണ്ടാണ് അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിൽ ശക്തമായി ഇടപെടാത്തത് എന്ന ചോദ്യം പ്രസക്തമാണ്. ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെ മാനിക്കുന്നു എന്ന് പറയുമ്പോഴും ലാഭക്കൊതിയന്മാരായ കപ്പൽ മുതലാളിമാർ പാവപ്പെട്ട രാജ്യങ്ങളുടെ നിയമങ്ങളെ മറയാക്കി നടത്തുന്ന ഈ ചൂഷണത്തിന് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) പോലുള്ള സംഘടനകൾക്ക് ഇതിൽ നിർണായകമായ പങ്ക് വഹിക്കാൻ കഴിയും. ശക്തമായ നിയമങ്ങൾ രൂപീകരിക്കുകയും അവ കർശനമായി നടപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം ദിനം പ്രതി 50,000 ത്തിലധികം കപ്പലുകൾ നമ്മുടെ സമുദ്രങ്ങളിൽ കൂടി ഓടിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ ഈ ദുരന്തം നമ്മെ പഠിപ്പിക്കുന്നത് സൗകര്യ പതാകകൾ വെറും സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വച്ചുള്ള ഒരു സംവിധാനമല്ല, മറിച്ച് അത് മനുഷ്യ ജീവനും പരിസ്ഥിതിക്കും ഒരുപോലെ ഭീഷണിയാണെന്നാണ്. നമ്മുടെ തീരങ്ങളെയും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയെയും സംരക്ഷിക്കാൻ നാം ഉണർന്നിറങ്ങേണ്ടതുണ്ട്. കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ ഗൗരവമായ ഇടപെടൽ നടത്തുകയും അന്താരാഷ്ട്ര തലത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തുകയും വേണം. ലാഭക്കൊതിക്ക് വേണ്ടി നമ്മുടെ തീരങ്ങളെയും ജീവനെയും ബലികൊടുക്കാൻ നമുക്ക് അനുവദിക്കാനാവില്ല. ഈ അപകടം ഒരു പാഠമാകണം, നമ്മുടെ ജാഗ്രതയും പോരാട്ടവും ഇനിയെങ്കിലും ശക്തമാകണം. സൗകര്യ പതാക രജിസ്ട്രേഷൻ ഉള്ള കപ്പലുകളിൽ നിന്നും അപകടം നടന്ന രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നേടിയെടുക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും എന്നതാണ് വസ്തുത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.