കൊച്ചിക്ക്‌ ഇനി പുതിയ മേയർ, ഒടുവിൽ സൗമിനി ജെയിൻ പുറത്തേക്ക്‌

Web Desk
Posted on October 30, 2019, 9:25 am

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്റെ രാജി ഇന്ന് ഉണ്ടായേക്കും. മേയറെ നീക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച്‌ ചരടുവലികള്‍ നടത്തുന്നതിനിടെ, സൗമിനി ജെയിനെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ചു. നിലവിലെ സാഹചര്യങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മേയറെ ധരിപ്പിക്കും.

തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോ​ഗം മേയര്‍മാറ്റത്തിന് പുറമെ, കെപിസിസി പുനഃസംഘടനയും ചര്‍ച്ച ചെയ്യും. പുനഃസംഘടനയുടെ മാനദണ്ഡങ്ങള്‍ യോ​ഗം തീരുമാനിക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഷൈനി മാത്യു, പാലാരിവട്ടത്തുനിന്നുള്ള കൗൺസിലർ വികെ മിനിമോൾ എന്നിവരുടെ പേരുകളാണ് ആദ്യപരിഗണനയിൽ. മേയർ സ്ഥാനം എ ഗ്രൂപ്പിനും ഡെപ്യൂട്ടി മേയർ സ്ഥാനം ഐ ഗ്രൂപ്പിനുമെന്ന ധാരണയും സമുദായിക പരിഗണനയും സ്ഥാനനിർണയത്തിൽ നിർണ്ണായകമാകും.