Web Desk

കൊൽക്കത്ത

October 26, 2020, 11:44 am

സൗമിത്ര ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരം

Janayugom Online

കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലുള്ള വിഖ്യാത നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരം. ചാറ്റര്‍ജി ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന് കൊല്‍ക്കത്തയിലെ ബെല്ലെ വൂ ക്ലിനിക്കിലെ മെഡിക്കൽ സംഘത്തലവൻ ഡോ. അരിന്ദം കർ അറിയിച്ചു. കഴിഞ്ഞ 19 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ് 85 കാരനായ സൗമിത്ര ചാറ്റര്‍ജി.

ശ്വാസകോശവും ഹൃദയവും വൃക്കകളും ഗുരുതര പ്രശ്നങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണ്. അതേസമയം പ്ലേറ്റ് ലറ്റ് കൗണ്ട് വലിയ തോതില്‍ കുറഞ്ഞു. രക്തത്തിലെ സോഡിയത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. സ്‌റ്റെറോയിഡുകള്‍ അടക്കം നല്‍കിയിട്ടും അദ്ദേഹം ചികിത്സയുമായി പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു. 

സത്യജിത്ത് റേയുടെ സിനിമകളിലൂടെയാണ് സൗമിത്ര ചാറ്റര്‍ജി പ്രശസ്തനായത്. 1959 ൽ റേയുടെ അപുര്‍ സന്‍സാര്‍ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായ അപുവിനെ അവതരിപ്പിച്ചാണ് സിനിമയില്‍ സൗമിത്ര ചാറ്റര്‍ജിയുടെ തുടക്കം. ചാരുലത, ആരണ്യേര്‍ ദിന്‍ രാത്രി, ആശാനി സങ്കേത്, ഘരേ ബൈരേ, ഗണശത്രു തുടങ്ങിയവ അടക്കം റേയുടെ 14 സിനികളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ദാദ സാഹെബ് ഫാല്‍ക്കെ, പദ്മ ഭൂഷണ്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ചാറ്റര്‍ജി 2006ല്‍ സുമന്‍ ഘോഷ് സംവിധാനം ചെയ്ത ‘പൊദോഖേപ്’ എന്ന ബംഗാളി സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. അസുഖബാധിതനാകുന്നത് വരെ സിനിമയിലും തീയറ്ററിലും (നാടകം) സജീവമായിരുന്നു സൗമിത്ര ചാറ്റര്‍ജി. മൃണാള്‍ സെന്‍, ഗൗതം ഘോഷ് തുടങ്ങിയ സംവിധായകരുടെ സിനിമകളിലെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:Soumitra Chat­ter­jee is in crit­i­cal condition
You may also like this video