സുനിത ജി സൗപർണിക

June 08, 2020, 2:07 pm

“അയാളിനി ഇതിനു വേണ്ടി വേറെ എങ്ങോട്ടെങ്കിലും പോയെങ്കിലോ എന്നു പേടിച്ചിട്ടാണ്‌ എല്ലാം സമ്മതിക്കുന്നത്‌”: ഡോ. സുനിത എഴുതുന്നു

Janayugom Online

ഡോ. സുനിത ജി സൗപർണ്ണികയുടെ കുറിപ്പാണ്‌ ചർച്ചയാവുന്നത്‌. സ്ത്രീകൾ നേരിടുന്ന ഗാർഹിക പീ-ഡനങ്ങളെക്കുറിച്ചാണ്‌ സുനിത തന്റെ ഫേസ്ബുക്ക്‌ കുറിപ്പിലൂടെ പറയുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.

ഇടയ്ക്ക് ചില പെൺരോഗികൾ മുന്നിൽ വന്നുപെടും. ദേഹം മൊത്തം പലവിധ കോറലും പോറലും പേറുന്ന ചില പെണ്ണുങ്ങൾ. ചാണകം വാരിയും ചെടിക്ക് തടമെടുത്തും നഖങ്ങളൊക്കെ കറുത്തിരിയ്ക്കും. പച്ചക്കറി കൊത്തിയരിഞ്ഞരിഞ്ഞ് ഹസ്തരേഖകളുടെ എണ്ണം കൂടിയിട്ടുണ്ടാവും. പപ്പടം കാച്ചുമ്പോൾ എണ്ണ തെറിച്ചു, ചട്ടിയുടെ അരികിലൊന്നു കൈ തട്ടി, ഇസ്തിരിപ്പെട്ടിയുടെ വക്കത്തൊന്നു കൊണ്ടു, പൊള്ളൽപ്പാടുകൾക്ക് കാരണങ്ങൾ ഏറെ. ഉമ്മറം മുതൽ പിന്നാമ്പുറം വരെ അടിച്ചും തുടച്ചും നടന്നു നടന്നു ഉപ്പൂറ്റി, വരണ്ടുണങ്ങിയ, വിണ്ടുകീറിയ പാടം പോലിരിയ്ക്കും. ഹോർമോൺ താളപ്പിഴകൾ കഴുത്തിൽ കറുപ്പടിച്ചിരിയ്ക്കും.

ഈ പാടുകളെല്ലാം പാടെ അവഗണിച്ച് കാല്മുട്ടിലെ നീരോ, തോൾസന്ധിയിലെ വേദനയോ ഒന്നു തൊട്ടു നോക്കുമ്പോഴായിരിക്കും ചില ചോര കല്ലച്ച പാടുകൾ കണ്ണിൽപ്പെടുന്നത്. എന്തുപറ്റിയതാണെന്ന ചോദ്യത്തിന് ഒഴുക്കൻ മട്ടിലൊരു മറുപടി തരും, “മൂപ്പര്… ആഹ് അതൊന്നും കാര്യാക്കണ്ട, കല്യാണം കഴിഞ്ഞപ്പോ തൊട്ടേ ഉള്ളതാ, രാത്രി കുടിച്ചിട്ടേ വരൂ”

YOU MAY ALSO LIKE THIS VIDEO:

വിവാഹശേഷം ഫുൾസ്ലീവ് ഡ്രെസ്സ് മാത്രം ഇട്ടുവന്നിരുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. പെൺകൂട്ടത്തിൽ അന്ന് അവളുടെ ഫാഷൻ സെൻസ് ആയിരുന്നു ഇര. കളിയാക്കലിന്റെ അങ്ങേയറ്റം എത്തിയപ്പോൾ, സഹികെട്ട് അവൾ ഉടുപ്പിന്റെ കൈ ഒന്ന് തെറുത്തു കയറ്റി. കണ്ടത്, ചോര കല്ലച്ച പാടുകൾ. താലി കെട്ടിയവന്റെ “തല്ലോടലുകൾ”

ഹാർഡ് സെ-ക്സ് മാത്രം വേണ്ടുന്ന കെട്ടിയവനെ കുറിച്ച് അനാരോഗ്യം മാത്രമുള്ള, അമ്പതുകളിൽ എത്തിയ ഒരു ബാങ്ക് ഉദ്യോഗസ്ഥ പറഞ്ഞതാണ്, “അയാളിനി ഇതിനു വേണ്ടി വേറെ എങ്ങോട്ടെങ്കിലും പോയെങ്കിലോ എന്നു പേടിച്ചിട്ടാണ്” എന്ന്. അതെ, പേടിച്ചിട്ടാണ്. പേടിയാണ്. അടിച്ചും ചവിട്ടിയും കുത്തിയും തൊള്ളയിട്ടും ഒരു മൂലയ്ക്ക് കിടത്തിയിട്ടുണ്ട് കുറെ പെണ്ണുങ്ങളെ. അവറ്റകൾക്കൊക്കെ പേടിയാണ്.

കൊ-റോണ വരുന്നതിനും മുൻപേ വാ മൂടിക്കെട്ടി പൊതിഞ്ഞെടുത്തു വച്ചിട്ടുണ്ട് കുറെയെണ്ണത്തിനെ. അവറ്റകൾക്കൊക്കെ പേടിയാണ്. മിണ്ടാൻ, ചിരിയ്ക്കാൻ, കരയാൻ, വേണമെന്നു പറയാൻ, വേണ്ടെന്നു പറയാൻ, വയ്യെന്ന് പറയാൻ. ഈ പെണ്ണുങ്ങളെ കാണാൻ, കാണേണ്ടത് അടഞ്ഞ വാതിലിനുള്ളിലെ ‘വേറെ ലെവൽ കളി’ അല്ല… വെറുതെ, ചുറ്റിലും ഒന്ന് വെറുതെ കണ്ണോടിച്ചാൽ മതി…

പക്ഷേ ഇവർക്ക് ചില അപവാദങ്ങളെ കാണണമെങ്കിൽ, ഉയരെയിലെ പല്ലവിയുണ്ട്, ഇഷ്ഖിലെ വസുധയുണ്ട്, സ്റ്റാൻഡ് അപ്പിലെ ദിയയുണ്ട്, ഥപ്പടിലെ അമൃതയുണ്ട്. സ്വപ്നങ്ങളെ, ഉയരങ്ങളെ, വിശ്വാസങ്ങളെ തകർത്തെറിഞ്ഞവനെ മാപ്പെന്ന ഔദാര്യം കൊടുത്ത് അയാളുടെ ശ്രീമതിപ്പട്ടത്തിൽ ആനന്ദം കണ്ടെത്താനാവാത്ത ചിലർ.

അതുകൊണ്ട് പെണ്ണുങ്ങളെ, ‘Car­ing’ എന്ന ചിത്രത്തുന്നലുള്ള ആ കൈലേസിൽ പൊതിഞ്ഞുവെച്ചിട്ടുള്ള ചില കാര്യങ്ങളില്ലേ, കരണക്കുറ്റി നോക്കിയുള്ള പൊട്ടിക്കൽ, മുഖമടച്ചുള്ള ആട്ട്, തള്ളയ്ക്കും തന്തയ്ക്കുമുള്ള വിളി. ഇതിനെയൊക്കെ ചുരുട്ടിയെടുത്ത് ഫ്ലഷ് ചെയ്യാം.

ആ കൈലേസിൽ ‘പരസ്പരബഹുമാനം’ എന്നോരൊറ്റ വാക്കു മതിയെന്ന് തിരിച്ചറിയാം. ഇരയുടെ ദൈന്യതയെന്ന കീറക്കുപ്പായം ഊരിയെറിഞ്ഞ് അതിജീവനത്തിന്റെ സ്ലീവ്‌ലെസ്സ് ഉടുപ്പ് എടുത്തിടാം. ഇനി നമുക്ക് ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം പറയാം, തിരിച്ചടിയുടെ, ഒഴിഞ്ഞുമാറലിന്റെ, ഒഴിവാക്കിവിടലിന്റെ രാഷ്ട്രീയം മാത്രം പറയാം. ഇനിയെങ്കിലും, സ്ത്രീവിരുദ്ധതയുടെ കണ്ണിലാണ് മുളക് തേയ്ക്കേണ്ടതെന്ന തോന്നലുണ്ടാക്കിയെടുക്കാൻ ശ്രമിയ്ക്കാം.

YOU MAY ALSO LIKE THIS VIDEO